ജാതിക്കാതോട്ടത്തിലെ നോട്ടക്കാരി -INTERVIEW

  • അനശ്വര രാജനുമായി അഭിമുഖം

അനു ചന്ദ്ര
22:17 PM
28/07/2019
anaswra rajan Interview

നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്തത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തിയേറ്ററുകളിൽ കൈയ്യടി നേടി മുന്നേറുകയാണ്. വിനീത് ശ്രീനിവാസനും കുമ്പളങ്ങി ഫെയിം മാത്യുവുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായികയായി എത്തിയത് അനശ്വര രാജനാണ്. സിനിമ വിശേഷങ്ങൾ അനശ്വര രാജൻ മാധ്യമം ഒാൺലൈനുമായി പങ്കുവെക്കുന്നു. 


മികച്ച പ്രതികരണങ്ങളുമായി തണ്ണീർമത്തൻ ദിനങ്ങൾ മുന്നേറുന്നു

ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നല്ല നിരൂപണങ്ങളും കാണുന്നുണ്ട്. നല്ല അഭിപ്രായങ്ങൾ അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. കൂടുതൽ പേരും പറയുന്നത് ചിത്രം അവരുടെ പഴയ സ്‌കൂൾ ഓർമ്മകളുമായി ചേർന്ന് നിൽക്കുന്നുവെന്നാണ്. എല്ലാം കേൾക്കുമ്പോൾ സന്തോഷമുണ്ട്. 

anaswara rajan a

ഉദാഹരണം സുജാതയിലെ ആതിരയിൽ നിന്നും തണ്ണീർമത്തൻ ദിനങ്ങളിലെ കീർത്തിയിലേക്ക് എത്തുന്നതിനിടയിലുണ്ടായ ഗ്യാപ്പ്?

ഉദാഹരണം സുജാതക്ക് ശേഷം കെ.കെ രാജീവ് സംവിധാനം ചെയ്ത 'എവിടെ'യിൽ അഭിനയിച്ചിരുന്നു. ബോബി-സഞ്ജയ് ആണ് ആ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അത് കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷമാണ് തണ്ണീർമത്തൻ ദിനങ്ങളിൽ അഭിനയിക്കുന്നത്.

ആദ്യ സിനിമയിലും തണ്ണീർമത്തൻ ദിനങ്ങളിലും സ്‌കൂൾ വിദ്യാർത്ഥിനിയുടെ ജീവിതം 

എട്ടാം ക്ലാസ് കഴിഞ്ഞ സമയത്ത് ചെയ്യുന്ന സിനിമയാണ് ഉദാഹരണം സുജാത. സിനിമയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു. പക്ഷേ ആ കഥാപാത്രത്തെ എനിക്ക് കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റിയതും, കഥാപാത്രവുമായി സാമ്യം തോന്നുന്നതും പത്തിൽ പഠിക്കുമ്പോഴാണ്. എന്നാൽ തണ്ണീർമത്തൻ ദിനങ്ങളിലെ കീർത്തിയും അനശ്വര എന്ന ഞാനും ഒരേ പ്രായത്തിൽ നിൽക്കുന്നവരാണ്. അതുകൊണ്ട് കഥാപാത്രത്തെ പെട്ടെന്ന് മനസിലാക്കാനായി. കൂടാതെ ഈ സിനിമകളുടെയെല്ലാം സംവിധായകരിൽ നിന്ന് വലിയ പിന്തുണയാണ് അലഭിച്ചത്. അതിനാൽ തന്നെ ആ കഥാപാത്രങ്ങളെല്ലാം മികച്ച രീതിയിൽ ചെയ്യാനായി എന്ന് കരുതുന്നു. 

മഞ്ജു വാര്യർ തന്ന പ്രചോദനം
ആദ്യ സിനിമയിൽ തന്നെ മഞ്ജു ചേച്ചിയുടെ മകളായി അഭിനയിക്കാനായത് വലിയ ഭാഗ്യമാണ്. ചേച്ചിയിൽ നിന്നും കുറേ കാര്യങ്ങൾ പഠിക്കാനായി. മഞ്ജു ചേച്ചി എപ്പോഴും വളരെ പോസിറ്റീവാണ്. അമ്മ കൂടെയില്ലാത്ത സാഹചര്യങ്ങളിൽ ഒരമ്മയുടെ കരുതലോടു കൂടി ചേച്ചി എനിക്ക് ഒപ്പം നിന്നിട്ടുണ്ട്. സിനിമക്ക് അകത്ത് മാത്രമല്ല അതിനു പുറത്തും ഒരു അമ്മ-മകൾ ബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. 

വെള്ളിത്തിരയിലേക്ക്

എറണാകുളത്ത് 'ഉദാഹരണം സുജാത'ക്ക് വേണ്ടി  ഒഡീഷൻ  നടക്കുന്ന സമയത്താണ് അതിലേക്ക് വരുന്നത്. അപ്രതീക്ഷിതമായി വന്നു എന്നൊക്കെ പറയാം. 'കവി ഉദ്ദേശിച്ചത്' എന്ന സിനിമയുടെ സംവിധായകൻ ലിജു ചേട്ടന്‍റെ അമ്മ പറഞ്ഞിട്ടാണ് ഉദാഹരണം സുജാതയുടെ ഒാഡീഷനിലേക്ക് ഫോട്ടോ അയച്ചത്. 

anaswara with mathew

ജെയ്സനും രവി പത്മനാഭനും
ചിത്രത്തിൽ ജെയ്‌സൻ ആയി വന്നത് മാത്യൂ തോമസും രവി പത്മനാഭൻ ആയി വന്നത് വിനീത് ചേട്ടനും ആണ്. വിനീത് ചേട്ടൻ വളരെ കൂളാണ്. കുറച്ച് ദിവസത്തെ ചിത്രീകരണം മാത്രമേ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുള്ളു. അദ്ദേഹം മൂളിപ്പാട്ട് പാടുന്നത് പോലും കേൾക്കാൻ നല്ല രസമാണ്. 

മാത്യു വളരെ സൗഹൃദത്തിലാണ് പെരുമാറിയത്. സ്ക്രീനിൽ ഞങ്ങൾക്കിടയിൽ ഒരു കെമിസ്ട്രി വർക്ക് ചെയ്തുവെങ്കിൽ അതിനു പിറകിൽ ഞങ്ങൾക്കിടയിലെ സൗഹൃദമാണ്. 


സിനിമയിലെ വിനോദയാത്ര 

സ്കൂളിൽ നിന്ന് ടൂർ പോകുന്ന അതേ അനുഭവം തന്നെയായിരുന്നു. ചിത്രീകരരണത്തിന്‍റെ എല്ലാ ദിവസവും സ്പെഷ്യൽ ആയിരുന്നു. സിനിമയുടെ ലൊക്കേഷൻ അനുഭവങ്ങളിൽ ഓർക്കാൻ ഏറ്റവും ഇഷ്ടമുള്ളതും ഈ ടൂർ തന്നെയാണ്. രണ്ടു ദിവസത്തെ യാത്ര ആയിരുന്നു അത്. 

പുതിയ സിനിമകൾ ?
മലയാളത്തിൽ ആദ്യരാത്രി എന്ന സിനിമ ആണ് വരാൻ പോകുന്നത്. തമിഴിൽ സ്ത്രീപക്ഷ സിനിമയായ റാങ്കിയും വരാനുണ്ട്. 

 

 


 

Loading...
COMMENTS