സമീറിന്‍റെ വിശേഷങ്ങളുമായി ആനന്ദ് റോഷൻ

15:11 PM
02/01/2020
sameer anand Roshan

ഒരു തക്കാളിക്കൃഷിക്കാരന്‍റെ സ്വപ്നങ്ങൾ എന്ന റഷീദ് പാറക്കലിന്‍റെ നോവൽ  ‘സമീർ’ എന്ന പേരിൽ സിനിമയായി  തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾനായകനായ ആനന്ദ് റോഷൻ മാധ്യമവുമായി പങ്ക് വെക്കുന്നു.

സമീറിന്‍റെ വിശേഷങ്ങൾ?
വളരെ പ്രതീക്ഷയോടെയും അതിലേറെ വെല്ലുവിളികളുമായി ചെയ്ത കഥാപാത്രമാണ് സമീറിലേത്. റഷീദ് പാറക്കൽ എന്ന സംവിധായകന്‍റെ സംവിധാന സംരംഭത്തിൽ വരുന്ന ആദ്യ സിനിമ കൂടിയാണ് സമീർ. ഇതിനു മുൻപ് അദ്ദേഹം പതിനാലോളം ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ട്. ഒരു തക്കാളിക്കൃഷിക്കാരന്‍റെ സ്വപ്നങ്ങൾ എന്ന അദ്ദേഹത്തിന്‍റെ തന്നെ നോവലാണ് സമീർ എന്ന സിനിമയാകുന്നത്.

നോവൽ സിനിമയാകുമ്പോൾ?
സംവിധായകനെ വർഷങ്ങളായി അടുത്ത് പരിചയമുണ്ട്. കൂടാതെ ആ നോവലും വായിച്ചിട്ടുണ്ട്. സിനിമയിലേക്ക് യാദൃശ്ചികമായി എത്തുകയായിരുന്നു. പച്ചയായ ഒരു മനുഷ്യന്‍റെ ജീവിതം പറയുന്ന ഒരു നോവൽ ആണിത്. ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ സാധിച്ചു എന്നതിൽ സന്തോഷമുണ്ട്. 

സമീറാകാൻ എടുത്ത തയ്യാറെടുപ്പുകൾ?
നോവൽ വായിച്ചതുകൊണ്ട് സമീറിലെ കഥാപാത്രത്തെ അറിയാമായിരുന്നു. കഥാപാത്രത്തിനായി ശരീര ഭാരം കുറക്കാനുള്ള തയാറെടുപ്പിലുമായിരുന്നു. ഭാരം കുറക്കണമെന്ന് പിന്നീട് സംവിധായകൻ പറഞ്ഞപ്പോൾ കഠിനാധ്വനത്തിലൂടെ 25 കിലോ കുറച്ചു. പിന്നീട് രണ്ടാം ഷെഡ്യൂളിൽ ശരീര ഭാരം കൂട്ടുകയും ചെയ്തു. 

പ്രവാസലോകത്തെ അഭിനയാനുഭവം?
സ്വൈഹാനിലെ കൃഷിത്തോട്ടങ്ങളിലും മരുഭൂമികളിലും ഫുജൈറ, അൽഐൻ എന്നിവിടങ്ങളിലുമാണ് ചിത്രീകരണം. വേറിട്ടൊരു അനുഭവമായിരുന്നു. ചിത്രത്തിലെ കാഴ്ചകളെല്ലാം മലയാളികൾക്ക് പുതുമ നൽകുന്നതാണ്. പലപ്പോഴും കാലാവസ്ഥ പോലും തിരക്കഥക്ക് അനുയോജ്യമായി നിന്നു. ശക്തമായ കാറ്റ് വേണ്ട ഒരു രംഗത്തിൽ അതിന് അനുയോജ്യമാ‍യ തരത്തിലേക്ക് കലാവസ്ഥ മാറിയത് വല്ലാതെ അതിശയിപ്പിച്ചു.  

ബെന്യാമിന്റെ ആടുജീവിതവുമായി സാദൃശ്യം ഉണ്ടോ ഈ സിനിമക്ക്?
ബെന്യാമിന്‍റെ ആടുജീവിതവും റഷീദ് പാറക്കലിന്‍റെ ഒരു തക്കാളിക്കൃഷിക്കാരന്റെ സ്വപ്നങളും ഗ്രീൻ ബുക്ക്‌സ് പബ്ലിഷ് ചെയ്ത രണ്ട് വ്യത്യസ്ത നോവലുകളാണ്. ഇതിന്റെ രണ്ടിന്റെയും കഥാപശ്ചാത്തലം മരുഭൂമിയാണ് എന്ന് മാത്രമേയുള്ളൂ. കഥകൾ വ്യത്യസ്‌തമാണ്. കടൽ പശ്ചാത്തലമായി വരുന്ന നിരവധി സിനിമകൾ ഇല്ലേ, പശ്ചാത്തലം മാത്രമാണ് ഉള്ളൂ സാമ്യം.

ബാലതാരമായി വന്ന റോഷൻ?
മൂന്നാം തരത്തിൽ പഠിക്കുമ്പോഴാണ് ക്യാമറക്ക് മുന്നിൽ നിക്കുന്നത്. ഏഷ്യാനെറ്റ് ഗ്ലോബൽ ചാനലിലെ നടനം എന്ന സീരിയലിലെ ബാലതാരമായി ആയിരുന്നു അരങ്ങേറ്റം. പിന്നീട് സൂര്യ ചാനലിൽ സ്നേഹാകാശം എന്ന ഒരു ടെലി സീരിയലിൽ ബാലതാരമായി അഭിനയിച്ചു. എൻജിനീയറിങ് പഠനശേഷം കണ്ണൻസൂരജ് സംവിധാനം ചെയ്ത യാനം മഹായാനം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അത് ഒരു ഓഫ്ബീറ്റ് സ്വഭാവമുള്ള സിനിമ ആയിരുന്നു. അതിനുശേഷം ബ്രേക്കപ്പ് പാർട്ടി, എൻറെ ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത് എന്ന രണ്ടു ഷോർട്ട് ഫിലിമുകൾ അഭിനയിച്ച് ഹിറ്റായിരിക്കുമ്പോളാണ് സമീറുമായി റഷീദ്ക്ക എന്നെ തേടി വരുന്നത്

കുടുംബം?
ഈയിടെയാണ് വിവാഹം കഴിഞ്ഞത്. ഭാര്യ അശ്വതി, അച്ഛൻ, അമ്മ,അനിയൻ,മുത്തച്ഛനും അടങ്ങുന്നതാണ് കുടുംബം.
 

Loading...
COMMENTS