ഇത് പക്ഷം ചേരേണ്ട കാലഘട്ടം -ആഷിക്​ അബു

Aashiq Abu

പ്രമേയ തിരഞ്ഞെടുപ്പിലെ സൂക്ഷമതകൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും മലയാള സിനിമയുടെ മുൻനിരയിൽ ഇരിപ്പിടമുറപ്പിച്ച സംവിധായകനാണ് ആഷിക് അബു.  സാൾട്ട് ആൻഡ് പെപ്പർ മുതൽ മായാനദി വരെയുള്ള സിനിമകൾക്ക് തെരഞ്ഞെടുത്ത വിഷയങ്ങൾ പരിശോധിച്ചാൽ അത് മനസ്സിലാക്കാം. മഹാരാജാസ് കോളജിൽ പഠിക്കുേമ്പാഴേ ത​​​െൻറ വഴി സിനിമയാണെന്ന് ഉറപ്പിച്ച ഇൗ കലാകാരൻ കമലി​​െൻറ സ്വപ്നക്കൂടിലൂടെ സിനിമയിലേക്ക് കാലെടുത്തുവെച്ചു. ഏഴു സിനിമകളിൽ അഞ്ചരവർഷം സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് സ്വന്തമായി സിനിമ എടുക്കാൻ അദ്ദേഹം തയാറായത്​. 2009ൽ പുറത്തിറങ്ങിയ ഡാഡി കൂൾ ആദ്യ ചിത്രം. അതിന്​ ശേഷമാണ്​ സ്വന്തം സിനിമകൾ മാറ്റിപ്പണിയണമെന്ന് തോന്നുന്നത്. 

ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ അടക്കമുള്ളവർ കൂടെകൂടിയതോടെ സിനിമകൾ പുതുമയാർന്നതായി. വാണിജ്യ വിജയം മാത്രം ലക്ഷ്യം വെച്ച് സിനിമയെടുക്കാൻ താൽപര്യമില്ലെന്നു നയം വ്യക്തമാക്കുകയും ചെയ്തു ആഷിക്​ അബു. വിമൻ ഇൻ കലക്​ടീവ്​ എന്ന വനിത കൂട്ടായ്​മക്ക്​ പിന്തുണ നൽകുന്ന മലയാള സിനിമയിലെ ചുരുക്കം പുരുഷൻമാരിൽ ഒരാളാണ്​ അദ്ദേഹം.  മീ ടു മൂവ്​മെ​ൻറ്​​ കാലത്തി​​​െൻറ അനിവാര്യതയെന്ന്​ പറയുന്ന ആഷിക്​ അബു സിനിമയുടെ മുഴുവൻ മേഖലകളിലും സ്​ത്രീകൾ ചുവടുറപ്പിക്കണമെന്ന പക്ഷക്കാരനുമാണ്​. കേരളത്തെ മുൾമുനയിൽ നിർത്തിയ നിപ പ്രമേയമാക്കിയ അദ്ദേഹത്തി​​​െൻറ പുതിയ ചിത്രം ‘വൈറസ്​’ തിയറ്ററുകളിൽ എത്തുകയാണ്​. ത​​​െൻറ രാഷ്​ട്രീയമാണ്​ ത​​​െൻറ സിനിമകളിൽ പ്രതിഫലിക്കുന്നതെന്ന് ഉറക്കെ പറയുന്ന ആഷിക് അബു സംസാരിക്കുന്നു. 

എന്‍റേത്​ മാത്രമല്ല സിനിമ

സത്യത്തിൽ പരമ്പരാഗത ശൈലിയിൽ സിനിമയെടുക്കാൻ താൽപര്യമുള്ള ആളാണ് ഞാൻ. ഒരു സിനിമയും ഞാൻ മാത്രമായി ഉണ്ടാക്കുന്നതല്ല. എ​​െൻറ കൂടെ ഒരുപാട് പേർ ജോലിചെയ്യുന്നുണ്ട്. ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ, മുഹ്സിൻ പരാരി, സമീർ താഹിർ, ഷൈജു, ബിജിപാൽ തുടങ്ങി നിരവധി പേർ. ഇത്തരത്തിലുള്ള വലിയ സംഘത്തി​​െൻറ അധ്വാനമാണ് സത്യത്തിൽ സിനിമ. സിനിമക്കായി തെരഞ്ഞെടുക്കുന്ന വിഷയത്തിലും അതു മുന്നോട്ടുവെക്കുന്ന ആശയത്തിലും വൈവിധ്യം വേണമെന്ന് നിർബന്ധമുള്ളവരാണ്  ഞങ്ങൾ. ആ നിലക്ക് ഞങ്ങൾ ഓരോരുത്തരുടെയും താൽപര്യങ്ങൾ സിനിമയിൽ പ്രതിഫലിക്കും. 

പക്ഷം ചേരേണ്ട കാലഘട്ടം

കാലഘട്ടം ആവശ്യപ്പെടുന്നതാണ് എ​​െൻറ സിനിമകൾ. ദലിതുകളുടെയും സ്ത്രീകളുടെയും പക്ഷം ചേരേണ്ടത് കാലഘട്ടത്തി​​െൻറ ആവശ്യമാണ്. രാഷ്​ട്രീയമായി പക്ഷം ചേരേണ്ട ഒരു കാലഘട്ടം കൂടിയാണിത്. ഇൻറർനെറ്റി​​െൻറ വരവോടെ ആഗോളതലത്തിൽതന്നെ അത്തരമൊരു പുരോഗമന ചിന്താഗതി വ്യാപിച്ചുവരുന്നുണ്ട്. അതിനിയും ശക്തിപ്രാപിച്ചുകൊണ്ടിരിക്കും. ഞങ്ങളിതൊന്നും പ്രത്യേക അജണ്ടയുടെ ഭാഗമായി സിനിമയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതല്ല. സാഹചര്യത്തിനനുസരിച്ച് മാറാൻ ശ്രമിക്കുന്നതാണ്.  

തിരക്കഥകളാണ്​ ശക്​തി

എല്ലാവരെയും പോലെ ന​െമ്മ എക്സൈറ്റ് ചെയ്യിക്കുന്ന സിനിമകൾ എടുക്കാനാണ് ഞാനും ആഗ്രഹിക്കുന്നത്. പ്രമേയങ്ങൾ ആവർത്തിക്കാൻ ഒരു സംവിധായകനും താൽപര്യപ്പെടില്ല. സിനിമാമേഖലയെ കുറിച്ച് ഓരോ കാര്യവും പഠിച്ചുവരുേമ്പാൾ സംഭവിക്കുന്നതാണ് ഇൗ മാറ്റങ്ങൾ. പുതുതായി എന്തെങ്കിലുമുള്ള, ആദ്യ സിനിമയിലെ ആവർത്തനങ്ങളില്ലാത്ത തീർത്തും വ്യത്യസ്തമായ സിനിമയെടുക്കാനാണ് ആഗ്രഹം. നിലനിൽപി​​​െൻറ ഭാഗം കൂടിയാണിത്. തിരക്കഥാകൃത്തുക്കളാണ് എ​​െൻറ സിനിമയുടെ ശക്തി.

നിപയും ​െവെറസും

നിപ അതിജീവിച്ച ആളുകൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള ഒന്നും സിനിമയിൽ പ്രതിപാദിക്കരുതെന്ന് തീരുമാനിച്ചിരുന്നു. അവരുടെ സ്വകാര്യതയെ ബാധിക്കുന്ന ഒന്നും സിനിമയിൽ ഉണ്ടാകരുത്. അവരുടെ സ്വകാര്യ ജീവിതത്തെ മാനിച്ച്​, ഒരു പ്രശ്നവും ഉണ്ടാകാത്ത രീതിയിലായിരിക്കണം സിനിമയുണ്ടാകേണ്ടത് എന്ന മുൻകരുതലാണ് ഞങ്ങൾ എടുത്തത്. നിപ അതിജീവിച്ച ചുരുക്കം ചില ആളുകളെ നേരിൽ കാണാനും ശ്രദ്ധിച്ചിട്ടുണ്ട്. ഓർത്തെടുക്കാൻ ഇഷ്​ടമില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ടാകുമെന്നതിനാൽ ഒരുപാടുപേരെ ഇക്കാര്യത്തിനായി സമീപിച്ചിട്ടില്ല. 

ഞങ്ങൾ സമീപിച്ചതിൽ ആരും എതിർപ്പ്​ പ്രകടിപ്പിച്ചില്ല. എല്ലാവരും  അറിയാവുന്ന വിവരങ്ങൾ കൈമാറി. നിപയെക്കുറിച്ച എല്ലാ കാര്യങ്ങളും ലോകമറിയണം എന്നത് വലിയൊരു ദുരന്തം അതിജീവിച്ചവരെന്ന നിലക്ക് അവർക്കും നിർബന്ധമുണ്ടായിരുന്നു. അതിനാൽ നല്ല രീതിയിൽ ഞങ്ങളോട് സഹകരിക്കുകയും ചെയ്തു.

സിനിമ സ്വതന്ത്ര കലയാണ്. ഒരു സർവൈവൽ സയൻറിഫിക് ത്രില്ലറാണ് വൈറസ്. സ്വതന്ത്രമായ ആവിഷ്കാരമെന്ന നിലയിൽ നിരവധി വിമർശനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഞങ്ങളാരും സയൻസ് പഠിച്ചവരല്ല. സിനിമക്കു വേണ്ട കാര്യങ്ങൾ മനസ്സിലാക്കുകയാണ് ചെയ്തിട്ടുള്ളത്. വസ്തുതാപരമായി തെറ്റായ കാര്യങ്ങളുണ്ടെങ്കിൽ തീർച്ചയായും ചൂണ്ടിക്കാണിക്കണം. അത്തരം വസ്തുതാപരമായ പിഴവുകൾ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. 

കഥാപാത്രങ്ങളെ കണ്ടെത്തൽ

സത്യത്തിൽ ബോധപൂർവമായ തെരഞ്ഞെടുപ്പ് ആയിരുന്നില്ല. ഓരോന്നും സ്വാഭാവികമായി സംഭവിക്കുകയായിരുന്നു. വളരെ ചുരുക്കം ചില കഥാപാത്രങ്ങളെ മാത്രമാണ് ബോധപൂർവം തെരഞ്ഞെടുത്തത്. കാഷ്യാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന കുറച്ച് ജൂനിയർ ഡോക്ടർമാരിൽനിന്നാണ് സിനിമ വികസിക്കുന്നത്. ഡോക്ടർമാർ, മന്ത്രിമാർ, വൈറോളജിക്കൽ ഡിപാർട്മ​​െൻറ്, കമ്യൂണിറ്റി മെഡിസിൻ, ക്ലാസ് ഫോർ ജീവനക്കാർ തുടങ്ങി എല്ലാ വിഭാഗത്തിൽനിന്നും സിനിമയിൽ പ്രാതിനിധ്യം വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഓരോ വിഭാഗത്തിലെയും ആളുകളുടെ സാന്നിധ്യത്തിനായി കിട്ടാവുന്ന ഏറ്റവും നല്ല നടീനടന്മാരെവെച്ചാണ് സിനിമയെടുക്കാൻ ശ്രമിച്ചത്. 

ത്രില്ലർ മൂഡുള്ള ഫിക്​ഷൻ

വൈറസ്​ ഉറപ്പായിട്ടും ഒരു ഡോക്യുമ​​െൻററിയല്ല. യഥാർഥ സംഭവങ്ങൾക്കു പിറകിൽ ത്രില്ലർ സ്വഭാവമുള്ള ഫിക്​ഷൻ ആണ്. യഥാർഥ കഥക്കുതന്നെ ത്രില്ലർ സ്വഭാവമുണ്ടല്ലോ. അതിനെ ആസ്വാദനത്തിന് ഭംഗം വരാത്ത രീതിയിൽ എല്ലാ സങ്കേതങ്ങളും ഉപയോഗിച്ചുകൊണ്ട് സിനിമയാക്കി മാറ്റുകയാണ് ഞങ്ങൾ. അതിനാൽതന്നെ ഞാൻ ചെയ്​ത മറ്റു സിനിമകളിൽനിന്നും വലിയ വ്യത്യാസമൊന്നും അനുഭവപ്പെട്ടില്ല. നടന്ന കാര്യങ്ങൾ സിനിമയായി എടുക്കുേമ്പാൾ കുറച്ചുകൂടി എളുപ്പമാണെന്നാണ് തോന്നിയത്.

മറ്റുള്ളതിനെ അപേക്ഷിച്ച് ജനങ്ങളുമായി എളുപ്പം സംവദിക്കാനും ഇത്തരം പ്രമേയങ്ങളിലൂടെ സാധിക്കും. വൈറസി​​െൻറ ഷൂട്ടിങ് കൂടുതലും നിപ ഭീതിപരത്തിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജായിരുന്നു പ്രധാന ലൊക്കേഷൻ. മെഡിക്കൽ കോളജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹകരണം വളരെ വലുതായിരുന്നു. കുറെയധികം ദിവസങ്ങൾ സിനിമക്കു വേണ്ടി അവർ സഹകരിച്ചിട്ടുണ്ട്. ലൊക്കേഷനിലായിരുന്നു റെക്കോഡിങ്. ശബ്​ദം പുറത്തേക്കു പോകാതെ ശ്രദ്ധിക്കണമായിരുന്നു. ഇതുപോലൊരു സിനിമ വരണമെന്നത് അവരുടെയും ആഗ്രഹമായിരുന്നു. 

ഇന്‍റേണൽ കംപ്ലയ്​ൻറ് സെൽ 

വൈറസ്​ സിനിമ പ്രൊഡക്​ഷൻ വേളയിൽ  ഇ​േൻറനൽ കംപ്ലയ്​ൻറ്​ സെൽ രൂപവത്​കരിച്ചിരുന്നു. മലയാള സിനിമരംഗത്ത്​ അത് നിയമമായി വരുമെന്നാണ് ഞാൻ വിചാരിക്കുന്നത്. ഞങ്ങളത് നേരത്തേ നടപ്പാക്കി എന്നുമാത്രം. സിനിമ സെറ്റിൽ  നടിമാരുൾപ്പെടെയുള്ള വനിത ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളും അവരുടെ പരാതികളും  തീർപ്പാക്കുകയാണ് ഇത്തരമൊരു സെല്ലി​​െൻറ ലക്ഷ്യം. സിനിമക്കു പുറത്തുള്ള നിയമരംഗത്തെ വിദഗ്ധർകൂടി ആ കമ്മിറ്റിയിൽ ഉണ്ട്. നിർമാതാവും സംവിധായകനും അടങ്ങിയ മൂന്നംഗ കമ്മിറ്റിയാണ് ഞങ്ങൾ രൂപവത്​കരിച്ചത്. അഡ്വ. മായ കൃഷ്ണൻ, നിർമാതാവെന്ന നിലയിൽ റിമയും ഞാനുമാണ് കമ്മിറ്റിയിലുള്ളത്.

സംവിധായകൻ, നിർമാതാവ്, അഭിനേതാവ് 

മൂന്നും വ്യത്യസ്ത ജോലികളാണ്. ഞങ്ങളെപ്പോലെ സഹസംവിധായകരായി സിനിമയിലേക്ക് വന്ന സാധാരണക്കാർക്ക്  നിർമാണത്തിലും കൂടി ശ്രദ്ധിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്. അതുകൊണ്ട് ആദ്യം മുതൽക്കേ നിർമാണരംഗത്തെ കാര്യങ്ങളും പഠിക്കേണ്ടിവന്നു. ആദ്യ സിനിമ മുതൽ നിർമാതാവി​​െൻറ റോൾ ശീലമുള്ളതാണ്. അഭിനയം ആകസ്മികമായി സംഭവിച്ചുപോയതാണ്. ഒട്ടും ആസ്വദിക്കാത്ത ഒരു ജോലിയാണത്. ആളുകളെ അഭിനയിപ്പിക്കാനാണ് കൂടുതൽ എളുപ്പം.

Loading...
COMMENTS