പക്രുവിൽ നിന്ന് ബെൻകുട്ടനിലേക്കുള്ള യാത്ര

അനു ചന്ദ്ര
16:07 PM
08/08/2019

ഏറ്റവും ഉയരം കുറഞ്ഞ നായകന്‍, സംവിധായകന്‍ എന്നീ റെക്കോഡുകള്‍ക്ക് പിന്നാലെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നിർമ്മാതാവ് എന്ന 'best of india records' നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്  ഗിന്നസ് പക്രു. ആദ്യമായി നിർമ്മിച്ച പുതിയ ചിത്രമായ ഫാന്‍സി ഡ്രസ് ആണ് പക്രുവിനെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. സന്തോഷവും വിശേഷവും മാധ്യമം ഒാൺലൈനുമായി പങ്ക് വെക്കുന്നു. 

ലോക സിനിമയിലെ ഉയരം കുറഞ്ഞ നിർമ്മാതാവ് എന്ന  'Best of India Records' എന്ന അംഗീകാരം.

സന്തോഷം തരുന്നതാണ് ഈ അംഗീകാരം. best of india records തീർച്ചയായും നല്ല ക്രെഡിറ്റ്സ് ഉള്ള അംഗീകാരം ആണ്. പ്രത്യേകിച്ചും ഈ സിനിമ, തീയേറ്ററുകളിൽ നിൽക്കുന്ന സമയത്തു തന്നെ ഇങ്ങനെ ഒരു അംഗീകാരം കിട്ടിയതിൽ ഒരു നിർമ്മാതാവ് എന്ന നിലയിൽ സന്തോഷമുണ്ട്.

ആദ്യമായി നിര്‍മ്മിച്ച  ചിത്രമായ ‘ഫാന്‍സി ഡ്രസ്സി’ന്‍റെ വിശേഷങ്ങൾ

ഫാൻസി ഡ്രസ്സ് ഒരു ചെറിയ ചിത്രമായി ചെയ്തെടുക്കാം എന്നു ചിന്തിച്ചതാണ്. ചെയ്തു വന്നപ്പോൾ ഒരു കല്യാണം നടത്തിയ പോലെയായി പോയി. വലിയ ചിത്രമായി മാറി.  ഒരുപാട് സുഹൃത്തുക്കൾ സഹായിച്ച സിനിമകൂടിയാണിത്. പ്രേക്ഷകർക്കും അത് പോലെ കുട്ടികൾക്കും ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ കളർഫുൾ ആയാണ് സിനിമ എടുത്തത്. ആദ്യത്തെ നിർമ്മാണ സംരഭം തീർത്തും ചെറുതാകരുത് എന്ന ആഗ്രഹമുണ്ടായിരുന്നു. സിനിമ കണ്ട് പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായങ്ങളും വിമർശനങ്ങളും നിർദേശങ്ങളും എല്ലാം ലഭിക്കുന്നുവെന്നതിലും സന്തോഷമുണ്ട്. അവസാനം വരെ, എന്ത് സംഭവിക്കും എന്ന ആകാംഷ നിർത്തികൊണ്ട് തന്നെ ചിരിയുടെ മേമ്പൊടിയിൽ പറഞ്ഞു പോകുന്ന ചിത്രമാണിത്.  ഉദാത്തമായ സിനിമ, വളരെ വ്യത്യസ്തമായ സിനിമ അങ്ങനെ യാതൊരു വിധത്തിൽ ഉള്ള അവകാശപ്പെടലുകളുമില്ല.  

നിർമ്മാണത്തിൽ മാത്രമല്ല, ചിത്രത്തിന്‍റെ രചനയും?

കുറേ സമയം എടുത്താണ് സിനിമ എഴുതിയത്. കൂടാതെ ചിത്രം നിർമ്മിക്കുകയും അതിൽ അഭിനയിക്കുകയും വേണം. ഒന്നിച്ച് എല്ലാം കൊണ്ട് പോകുക എന്നത് അല്പം ബുദ്ധിമുട്ടുള്ളതാണ്. എന്നാൽ എല്ലാവരും നല്ല പിന്തുണയാണ് നൽകിയത്. 

പിന്നിട്ട വഴികൾ ?

ആദ്യ കാലത്ത് ചെയ്ത സിനിമകളിൽ ഒന്നോ രണ്ടോ ചിത്രങ്ങളിൽ മാത്രമേ നല്ല കഥാപാത്രം ലഭിച്ചിട്ടുള്ളു. പിന്നീടുള്ള സിനിമകളിൽ വെറുതെ വന്നു പോകുന്ന കഥാപാത്രങ്ങളായിരുന്നു.  ജോക്കർ സിനിമക്ക് ശേഷമാണ് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ കിട്ടിയത്. ജോക്കർ ആണ് ഞാൻ അഭിനയിച്ചു സാമ്പത്തികമായി വിജയം നേടിയ സിനിമ. പിന്നീട് കുറേ നല്ല കഥാപാത്രങ്ങൾ ചെയ്യാനായി. അത്ഭുത ദ്വീപ്, ബിഗ് ഫാദർ ഒക്കെ ആയപ്പോഴേക്കും പ്രാധാന്യമുള്ള നായക കഥാപാത്രങ്ങളും ചെയ്യാനായി. 

അതിൽ നിന്നുമൊരു മാറ്റം എന്ന നിലക്കാണ് ആദ്യത്തെ സിനിമ സംവിധാനം ചെയ്തത്.  അതിനുശേഷമാണ് നിർമ്മാണത്തിലേക്ക് വരുന്നത്. ഇതെല്ലാം സിനിമയെ സ്നേഹിക്കുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. സിനിമയുടെ പിന്നണിയിൽ ആണ് കുറച്ചുകൂടി സ്പെയ്സ് ഉള്ളത് എന്ന് ഞാൻ വിശ്വസിക്കുന്നു. രണ്ട് വർഷം കഴിയുമ്പോഴാണ് നല്ലൊരു കഥാപാത്രം തേടി വരുന്നത്. ഏറ്റവും ഒടുവിൽ വന്ന ഇളയരാജ, ഫാൻസി ഡ്രസ് ഒക്കെ ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച നല്ല കഥാപാത്രങ്ങൾ ആണ്.

സിനിമാലോകത്തെ മറ്റേതൊരു നടനും ലഭിക്കാതെ പോയ അംഗീകാരങ്ങള്‍ താങ്കളെ തേടി വന്നിട്ടുണ്ട്. സഹപ്രവർത്തകർ അതിനെ ഏത് വിധത്തിൽ പിന്തുണക്കുന്നു?

ലഭിക്കുന്ന അംഗീകാരങ്ങൾ ആഘോഷിക്കപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. നമുക്ക് ലഭിക്കുന്ന നേട്ടങ്ങളിൽ സഹപ്രവർത്തകർക്കും അഭിമാനമുണ്ട്. ആഘോഷങ്ങൾ അവർക്ക് വിട്ടുകൊടുക്കാറാണ്. മറ്റുള്ളവർക്കിടയിൽ എനിക്ക് സ്വീകാര്യത കുറവ് ഉള്ളതായി തോന്നിയിട്ടില്ല. എല്ലാവരും സ്നേഹത്തോടെയാണ് സമീപിക്കുന്നത്.

സാമൂഹിക പ്രവർത്തനം?

ചില സംഘടനകളിലൂടെ സജീവമായ ഇടപെടലുകൾ നടത്തുന്നുണ്ട്. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ എന്ന  സംഘടനയിലൂടെ എനിക്ക് കഴിയാവുന്ന സഹായങ്ങൾ ചെയ്യാറുമുണ്ട്. വോയ്‌സ് ഓഫ് ഹ്യുമാനിറ്റി എന്നൊരു ഗ്രൂപ്പ് സാമൂഹിക പ്രവർത്തനത്തിന് കൂടെയുണ്ടാകാറുണ്ട്. 

കുട്ടികളോടൊപ്പം

കുട്ടികൾക്കുള്ള അപകർഷതാബോധം എടുത്തുകളയാൻ ശ്രമിക്കാറുണ്ട്. കുറവുകളിൽ അകപ്പെട്ടു വിഷമിച്ചിരിക്കുന്ന ആളുകൾക്ക് ഊർജം നൽകാറുണ്ട്. അനുഭവങ്ങൾ ഉള്ളതിനാൽ എന്‍റെ രീതികൾ കുറച്ചുകൂടി ഫലപ്രദമാകാറുണ്ടെന്ന് കരുതുന്നു. 

ഉയരക്കുറവുള്ളവരില്‍ ചെലുത്തുന്ന സ്വാധീനം?

അവരുടെ വലിയതാരമായാണ് എന്നെ കാണുന്നത്. അവർ ജീവന് തുല്യം എന്നെ സ്നേഹിക്കുന്നു. അവരുടെ പ്രതിനിധിയായിട്ടാണ് എന്നെ കാണുന്നത്. ഒരുപാടിടങ്ങളിൽ ഒരുപാട് സാഹചര്യത്തിൽ അവർ പല അവഗണനകളും സഹിക്കുന്നുണ്ട്. 

പുതിയ പ്രോജക്റ്റുകൾ? 

ഫാൻസി ഡ്രസ് തമിഴിലേക്ക് റീമേക്ക് ചെയ്യാൻ ആലോചിക്കുന്നുണ്ട്. അതിന്‍റെ മുന്നോട്ടുള്ള യാത്ര അനുസരിച്ച് വേണം ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ.

Loading...
COMMENTS