‘അഭിനയത്തിലേക്കില്ല; സത്യൻ അന്തിക്കാടിന്‍റെ മകനായല്ല സിനിമയിലെത്തിയത്’

  • സംവിധായകൻ അനൂപ് സത്യൻ -അഭിമുഖം

ഗ്രാമ മനസിന്‍റെ നേർക്കാഴ്ചകളാണ് സത്യൻ അന്തിക്കാട് സിനിമകൾ. കഥ നടക്കുന്നത് ഫ്ലാറ്റിലായാലും നാട്ടിലായാലും ആ നൈർമല്യവും നർമവുമൊക്കെ മനസ്സിൽ തട്ടി പ്രേക്ഷകനിലേക്ക് പകരാൻ അദ്ദേഹത്തിനാവാറുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രവും നർമവും നന്മ മനസ്സുകളുമൊക്കെ പ്രേക്ഷകനിലേക്ക് പ്രിയമായെത്തുന്ന ന്യൂജെൻ സിനിമയാണ് എന്ന് പറയാം. പഴയതും പുതിയതുമായ താരനിരകൾ അണിനിരക്കുന്ന, ദുൽഖർ ആദ്യമായി നിർമിച്ച സിനിമ തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ സംവിധായകൻ അനൂപ് സത്യൻ മാധ്യമം ഓൺലൈനോട് സംസാരിക്കുന്നു.

തലമുറകളുടെ സിനിമ
 ബന്ധങ്ങളുടെ കഥയാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമ. ഒരു മകളുണ്ട്. അവരുടെ അമ്മയുണ്ട്.  പ്രായമായ സ്ത്രീയുമുണ്ട്. ഈ തലമുറകളെ ഒരു ഫ്ലാറ്റിൽ ഒന്നിപ്പിക്കുന്ന കഥയായതാവാം പഴയതും പുതിയതുമായ പ്രേക്ഷകരെ തിയറ്ററുകളിലേക്കടുപ്പിക്കാൻ കാരണം. മുംബൈൽ വെച്ച് രണ്ടു പ്രാവശ്യം തിയറ്ററിൽ പോയി സിനിമ കണ്ടു. അപ്പോഴെല്ലാം പ്രായമായവർ തിയറ്ററിലെത്തി സിനിമ കാണുന്നു എന്ന പ്രത്യേകത കണ്ടു. നാട്ടിലും തിയറ്ററിലെത്താത്ത പഴയ തലമുറ തിയറ്ററിലെത്തുന്നതായി അനുഭവപ്പെട്ടു. 

ദുൽഖറിന്‍റെ വരവ് 
ചിത്രത്തിൽ നിർമാതാവായാണ് ആദ്യം ദുൽഖർ വരുന്നത്. പിന്നീട് ബിബീഷ് പി.(ഫ്രോഡ്) എന്ന കഥാപാത്രത്തിലെത്തുകയായിരുന്നു. വേറൊരാളെയായിരുന്നു ആ കഥാപാത്രത്തിന് കണ്ടിരുന്നത്. എന്നാൽ ഫ്രോഡിനെ എനിക്ക് തരൂ എന്ന് പറഞ്ഞാണ് ദുൽഖർ ആ കഥാപാത്രത്തിലെത്തുന്നത്.  ഈ സിനിമയിൽ ദുൽഖർ കൂടിയാപ്പോൾ ആ കഥാപാത്രം ശ്രദ്ധേയമായി.

എന്നാൽ നിർമാതാവ് എന്ന രീതിയിൽ നോക്കുമ്പോൾ ചിത്രീകരണ സമയത്ത് ദുൽഖർ ഇടപെട്ടിരുന്നില്ല. ഒരു അഭിനേതാവ് മാത്രമായിരുന്നു അദ്ദേഹം. ആദ്യ നിർമാണ സംരംഭം എന്ന രീതിയിൽ ദുൽഖറിനും ടെൻഷനുണ്ടായിരുന്നു.  പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് ചെയ്തത്. ഒരു മാസത്തിനുളളിൽ തന്നെ ഓടിനടന്ന് എല്ലാം ചെയ്യുന്ന സമയത്ത് മര്യാദക്ക് മാർക്കറ്റ് ചെയ്യാൻ പറ്റുമോ എന്ന ടെൻഷൻ ദുൽഖറിനുണ്ടായിരുന്നു. അതിനാൽ തന്നെ അദ്ദേഹമായിരുന്നു മാർക്കറ്റിങ്ങിൽ ശ്രദ്ധിച്ചത്. 

കല്യാണി പ്രിയദർശൻ
കല്യാണിയുടെ മലയാളം കുറച്ച് പാടായിരുന്നു. എന്നാൽ നന്നാക്കാൻ കഠിനമായി ശ്രമിക്കും. വാട്സപ്പിൽ ഡയലോഗ് ഒക്കെ എഴുതി വാങ്ങി പഠിച്ചു വരും. അതിനാൽ ബാക്കിയുള്ളവരുടെ തീർത്തിട്ട് കുറച്ചു സമയമെടുത്താണ് കല്യാണിയുടെ ഭാഗം ചെയ്തത്.  ഡബിങ് ആർട്ടിസ്റ്റല്ലാത്ത പുതിയ ആൻ ആമി എന്ന ഗായികയാണ് ശബ്ദം നൽകിയത്.

ജോണി ആൻറണിയുടെ ഡോ. ബോസ് 
ലാൽ ജോസിന്റെ തട്ടിൻപുറത്ത് അച്യുതൻ എന്ന ചിത്രത്തിൽ ജോലി ചെയ്യുമ്പോഴാണ് ജോണി ആൻറണിയെ കാണുന്നത്. അന്ന് നന്നായി തമാശ പറയുന്നത് ശ്രദ്ധിച്ചിരുന്നു. പിന്നെ അദ്ദേഹത്തിന്‍റെ ശരീരഭാഷ ഒരു കൊമേഡിയന് അനുയോജ്യമാണ്. ഇതിൽ തടി കുറക്കുന്ന ഡോക്ടറെയാണ് അവതരിപ്പിച്ചത്. അത് തടിയുള്ളയാളാണെങ്കിൽ നന്നാകും എന്ന് തോന്നി. അതിന് പറ്റിയ ആൾ എന്ന നിലക്കാണ് ഡോ. ബോസ് ആകാൻ ജോൺ ആൻറണിയെ തെരഞ്ഞെടുത്തത്. 

സിനിമയിലെ 'മക്കൾ മഹാത്മ്യം' 
സിനിമാക്കാരുടെ മക്കളുടെ സംഗമവും യാദൃച്ഛികമാണ്. ദുൽഖറിനെ ഞാൻ വിക്രമാദിത്യൻ എന്ന സിനിമയുടെ അസിസ്റ്റന്റായിരിക്കുമ്പോഴാണ് പരിചയപ്പെടുന്നത്. ആ പരിചയം വെച്ച് ഈ ചിത്രത്തിൽ പ്രൊഡ്യൂസറായാണ് ആദ്യം  എത്തുന്നത്. അപ്പോൾ ഞങ്ങൾ രണ്ട് മക്കളായി. പിന്നെ നായികയായി ആദ്യം നസ്റിയയെയാണ് കണ്ടിരുന്നത്. പിന്നെയാണ് കല്യാണിയിലേക്കെത്തുന്നത്. അതാടെ മൂന്ന് മക്കളായി. അപ്പൂനെ യൂ ട്യൂബിലൂടെയാണ് കണ്ടെത്തുന്നത്. അപ്പോൾ എനിക്കറിയില്ലായിരുന്നു ഇത് സന്തോഷ് ശിവന്‍റെ മകനാണെന്ന്. അവൻ പക്ഷേ, അഭിനയിക്കാൻ തയാറല്ലായിരുന്നു. അവന്റെന്‍റെ കോഴിയെ അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് പറ്റിച്ചാണ് സിനിമയിലെത്തിക്കുന്നത്.

 

പാട്ടുകൾ 
ഏഴ് പാട്ടുകളാണ് പടത്തിലുണ്ട്. ഒരു ക്ലാസിക്കൽ, റാപ്, ചർച്ച് സോങ് വരെയുണ്ട്. കുറച്ച് പാട്ടുകളിലൂടെ നരേഷൻ പോകുന്ന സീനുകളുണ്ട്. ഒരു ഫ്ലാറ്റിലെ കഥയായതിനാൽ റിഫ്രഷാകാൻ പാട്ടുകൾ ഉപകാരപ്പെട്ടിട്ടുണ്ട്. അൽഫോൻസ് ജോസഫ് എനിക്ക് ഇഷ്ടപ്പെട്ട സംഗീതജ്ഞനാണ്. 

അണിയറപ്രവർത്തകർ 
മികച്ച പ്രതിഭാധനരരായ അണിയറപ്രവർത്തകരാണ് ചിത്രത്തിനൊപ്പം ഉള്ളത്.  ഉത്തര മേനോനാണ് ചിത്രത്തിലെ കോസ്റ്റ്യും ഡിസൈനർ. സൗത്ത് ഇന്ത്യയിലെ പ്രത്യേകിച്ച് തമിഴ് സിനിമകളിലെ ഡിസൈനറാണ് അവർ. മുംബൈയിൽ നിന്നുള്ള ഡിനോ ശങ്കർ ആണ് പൊഡക്ഷൻ ഡിസൈനർ. ഫ്ലാറ്റിന്‍റെ കഥയായതിനാൽ അദ്ദേഹം സഹായകമായി.


അച്ഛന്‍റെ രീതികൾ 
ഒരേ വീട്ടിൽ താമസിക്കുന്നവരായതിനാൽ സാമ്യതകളേറെയുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്ന സിനിമകൾക്കും സാമ്യതകളുണ്ട്. യഥാർഥ ജീവിത പരിസരങ്ങളാണ് ഏറെ ഇഷ്ടം. കൂടാതെ ഒരു തമാശ കണ്ടാൽ ഞങ്ങൾ പെട്ടെന്ന് അവ എഴുതിവെക്കും. പഠിച്ചത് വേറൊരിടത്തായതിനാൽ ആ ഘടകങ്ങളും സിനിമയിൽ വരും. ചിത്രത്തിൽ മിഡിൽ ഏജ്ഡ് ആയ ഒരു അമ്മയുടെ പ്രണയമാണ് പറയുന്നത്. 

സിനിമക്ക് പേരിടൽ 
അച്ഛൻ സിനിമയുടെ ചിത്രീകരണം തീരാറാകുമ്പോഴാണ് പേര് അനൗൺസ് ചെയ്യാറുള്ളത്. എന്നാൽ വരനെ ആവശ്യമുണ്ട് എന്ന പേര് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ അച്ഛൻ പറഞ്ഞു അതിനെക്കാൾ നല്ലപേര് ചിലപ്പോൾ സിനിമ ചെയ്യുമ്പോൾ കിട്ടുമെന്ന്. അതിനാൽ രണ്ട് മാസം കാത്തിരുന്നു. എന്നാൽ പിന്നീട് കിട്ടിയ പേരിനേക്കാൾ എനിക്ക് തോന്നിയത് നേരത്തെ ഇട്ട പേരാണ്. ചിത്രീകരണം കഴിഞ്ഞ ഉടൻ ആ പേര് തന്നെ പുറത്തിറക്കുകയായിരുന്നു. 

സിനിമയിലെത്തിപ്പെടൽ 
ഇന്ന് ആർക്കും സിനിമയിൽ എത്തിപ്പെടാനുള്ള അവസരമുണ്ട്. എന്നാൽ ഇന്നും സിനിമയിൽ ശ്രദ്ധിക്കപ്പെടൽ വലിയ ബുദ്ധിമുട്ടാണ്. പഴയ പോലെ കുറെ കാലം അസിസ്റ്റൻറും അസോസിയേറ്റുമൊന്നുമാകേണ്ട. കുറച്ച് സ്മാർട്ടാണെങ്കിൽ ഒരു ആർട്ടിസ്റ്റിനെ ബോധ്യപ്പെടുത്താൻ കഴിയുമെങ്കിൽ സിനിമ ചെയ്യാം. അതുകൊണ്ടാണ് പുതിയ ഒരുപാട് പേർ ഈ രംഗത്ത് എത്തിപ്പെടുന്നത്. എന്നാൽ അതിനിടയിൽ നിലയുറപ്പിക്കുകയെന്നത് വെല്ലുവിളി തന്നെയാണ്. സത്യൻ അന്തിക്കാടിന്‍റെ മകനായിട്ടല്ല ഞാൻ സിനിമയിൽ വരുന്നത്. എൻട്രൻസ് എഴുതി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ സിനിമ പഠിച്ച് 5 വർഷത്തോളം ലാൽ ജോസിന്റെ കീഴിൽ വർക്ക് ചെയ്തിരുന്നു. 
 
 

അഭിനയം 
അഭിനയത്തിൽ താൽപര്യമില്ല. ഒന്നുരണ്ട് സ്ഥലത്ത് മുഖം കാണിച്ചിട്ടുണ്ടെങ്കിലും അത് ജൂനിയർ ആർട്ടിസ്റ്റ് ഫില്ലിങ്ങിന്‍റെ ഭാഗമായി മാത്രമാണ്. ചിത്രീകരണം ചെന്നൈയിലായതിനാൽ മലയാളികളെപോലുള്ള 
ജൂനിയർ ആർട്ടിസ്റ്റിനെ കിട്ടുക ബുദ്ധിമുട്ടായിരുന്നു. അതിനാൽ ഷൂട്ടിങ്ങ് സമയത്തുള്ള അണിയറ പ്രവർത്തകർ എല്ലാവരും അഭിനയിച്ചിട്ടുണ്ട്. ഞാനഭിനയിച്ചാലേ മറ്റുള്ളവരും അഭിനയിക്കൂ എന്നതുകൊണ്ട് മാത്രമാണ് ഞാനും അഭിനയിച്ചത്.  

പുതിയ പ്രൊജക്റ്റ്
ഒന്നും ചിന്തിച്ചിട്ടില്ല. ഇപ്പോൾ മഹാരാഷ്ട്രയിൽ ഒരു കാടിനുള്ളിലെ സ്കൂളിനെ കുറിച്ച ഡോക്യുമ​​െൻററിയിലായിരുന്നു. ഇനി കുറച്ചു വായനകളും മറ്റുമായി കൂടണം. അത് കഴിഞ്ഞേ സിനിമയുള്ളൂ.

Loading...
COMMENTS