കഥയാണ് ഇഷ്കിലേക്ക് ആകർഷിച്ചത് -ആൻ ശീതൾ

അനു ചന്ദ്ര
16:43 PM
22/05/2019

നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ഇ ഫോർ എന്റർടെയിൻമെന്റും എ.വി.എ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ചു തീയേറ്ററിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഇഷ്ക്ക്. ഷെയ്ൻ നിഗം നായകനായ ചിത്രത്തിൽ നായിക ആൻ ശീതളാണ്. ചിത്രത്തിന്‍റെ വിശേഷങ്ങൾ ആൻ ശീതൾ മാധ്യമവുമായി പങ്കുവെങ്കുന്നു

ചിത്രത്തിന് വളരെ നല്ല അഭിപ്രായമാണല്ലോ? എന്ത് തോന്നുന്നു? 

സിനിമക്ക് മികച്ച അഭിപ്രായം ലഭിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. നമ്മൾ പറയാൻ ഉദ്ദേശിച്ച കാര്യം അത് കൃത്യമായി ആളുകളിലേക്ക് എത്തി എന്നതിലാണ് ഏറെ സന്തോഷം. അതിനുമപ്പുറം ഈ ലഭിച്ച അവസരം വലിയ ഭാഗ്യമായി കാണുന്നു. ഈ സിനിമയിലെ സച്ചിയും വസുധയും നമുക്ക് ചുറ്റുമുള്ള എല്ലാവരിലും ഉണ്ട് . അത്കൊണ്ടാണ് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ സാധിക്കുന്നത്.

വസുധ എന്ന കഥാപാത്രം

വസുധ കോട്ടയം സി.എം.എസ് കോളേജിൽ ഒന്നാം വർഷ പിജി സ്റ്റുഡന്‍റാണ്. വസുധയെ കുറിച്ച് ഒറ്റവാക്കിൽ എനിക്ക് പറയാൻ ആകുന്നത് എല്ലാ സ്ത്രീകൾക്കും എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രമാണ് വസുധ എന്നതാണ്. ഇവിടെ വസുധക്ക്‌ ഒരു പ്രണയം ഉണ്ട്. ഐ.ടി കമ്പനിയിൽ ജോലി ചെയുന്ന സച്ചിയുമായി അവൾ പ്രണയത്തിലാണ്. അവളുടെ ആ പ്രണയം വളരെ സത്യസന്ധമാണ്. 

സ്ത്രീപക്ഷ നിലപാടിനോടൊപ്പം ചേർന്നു നിൽക്കുന്ന ഇഷ്‌ക്ക്

ഈ സിനിമയിലേക്ക് എന്നെ ആകർഷിച്ചത് സിനിമയുടെ കഥയാണ്. സിനിമ നൽകുന്ന സന്ദേശം മികച്ചതാണ്. വസുധ എന്ന കഥാപാത്രത്തിന് വലിയ റോളുണ്ടായിരുന്നു. അത്കൊണ്ടാണ് ഇഷ്‌ക്കിനെ തിരഞ്ഞെടുത്തത്.

സദാചാര-ദുരാചാര നായകന്മാർക്കെതിരായ ശക്തമായൊരു ചുവടുവെപ്പ് നടത്തിയ ഇഷ്‌ക്ക്

വ്യക്തിപരമായി എനിക്ക് അത്തരത്തിലുള്ള അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ സൗഹൃദത്തിലുള്ള പലർക്കും അങ്ങിനെ ഉണ്ടായിട്ടുണ്ട്. സംവിധായകൻ അനുരാജിനും ഇത്തരത്തിൽ അനുഭവമുണ്ടായിട്ടുണ്ട്. അത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരുടെ ശബാദമാണ് സിനിമ. 

ഷെയ്ൻ എന്ന നടൻ

ഷെയ്ൻ വളരെ ക്ഷമയുള്ള നടനും വ്യക്തിയുമാണ്. അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്‍റെ രീതിയിൽ അവതരിപ്പിക്കും. ഈ സിനിമയുടെ യുടെ 90 ശതമാനവും രാത്രിയിലാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. സച്ചി, വസുധ, ഷൈൻ ടോം ചാക്കോ ചെയുന്ന കഥാപാത്രം തുടങ്ങി എല്ലാവരുടെയും കഥാപാത്രം അത്രയും ഇൻവോൾവ്ഡ് ആയാണ് അവതരിപ്പിച്ചത്. 


2017ല്‍ പുറത്തിറങ്ങിയ എസ്രയിലൂടെ അഭിനയരംഗത്തേക്ക്

കോളേജ് കഴിഞ്ഞു ആക്ടിങ് കോഴ്സ് കുറച്ചു കാലം ചെയ്തു. അത് കഴിഞ്ഞപ്പോഴാണ് എന്‍റെ സുഹൃത്തിന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എന്‍റെ ഫോട്ടോ കണ്ട് ഒരു ഒഡീഷൻ ചെയ്യാൻ ക്ഷണം വന്നത്. അത് അറ്റൻഡ് ചെയ്തപ്പോൾ ആണ് എസ്രയിൽ റോസിയായി അഭിനയിക്കാൻ അവസരം കിട്ടുന്നത്‌.

എസ്രക്ക് ശേഷം

എസ്ര കഴിഞ്ഞ ശേഷം ഞാൻ അഞ്ച് മാസം ബ്രെയ്ക് എടുത്തു. അതിനു ശേഷം 2 തമിഴ് പടം ചെയ്തു. അതിന് ശേഷമാണ് ഇഷ്‌ക്ക് ചെയ്തത്.

മറ്റു വിശേഷങ്ങൾ?

എല്ലാവർക്കും വളരെ അരിശം തോന്നുന്ന  കഥാപാത്രം ആണ് ഇഷ്ക്കിൽ ഷൈൻ ചേട്ടൻ ചെയ്തത്. പക്ഷെ വാസ്തവത്തിൽ ഷൈന് ചേട്ടൻ ആയാലും ജാഫർക്ക ആയാലും വളരെ പാവങ്ങൾ ആണ്. രണ്ടാളും നല്ല തമാശ ആണ്. റിയൽ ലൈഫിൽ രണ്ടാളും നല്ല മനുഷ്യർ ആണ്. അതൊക്കെ നല്ല ഓർമ്മകളാണ്.
 

Loading...
COMMENTS