അള്ള് രാമേന്ദ്രന്‍റെ വിശേഷങ്ങളുമായി ബിലഹരി

അനു ചന്ദ്ര
16:53 PM
01/02/2019
Allu Ramendran

കുഞ്ചാക്കോ ബോബൻ നായകനായ പുതിയ സിനിമ അള്ള് രാമേന്ദ്രൻ റിലീസ് ചെയ്തിരിക്കുകയാണ്. ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്തത്. ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന ചിത്രത്തിന്‍റെ വിശേഷങ്ങൾ സംവിധായകൻ 'മാധ്യമം' ഒാൺലൈനുമായി പങ്കുവെക്കുന്നു. 


ആരാണ് ഈ അള്ള് രാമചന്ദ്രൻ?

സാധാരണ പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന സിനിമയാണ് അള്ള് രാമേന്ദ്രൻ. പോരാട്ടം എന്ന പേരിൽ 25000 രൂപ ബജറ്റിലാണ് ഞാൻ ആദ്യം സിനിമ ചെയ്തത്. അതിൽ നിന്നും തികച്ചും കുറച്ചുകൂടി വലിയ ബജറ്റിൽ ഒരുക്കുന്ന ക്ലീൻ എന്റർടെയിനറാണ് ചിത്രം. കോമഡി, ത്രില്ലർ തുടങ്ങിയ ഴോണറുകളിലൂടെയാണ് സിനിമ പറയുന്നത്. 

ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍റെ കഥാപാത്രം അദ്ദേഹം ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമാണ്. പെട്ടെന്ന് ക്ഷോഭിക്കുന്ന, ബഹളം വെക്കുന്ന പ്രകൃതമുള്ള കഥാപാത്രമാണ്. അതിനാൽ തന്നെ അയാൾക്ക് ഒരുപാട് ശത്രുക്കളുമുണ്ട്. ഒരു സുപ്രഭാതത്തിൽ അയാൾക്ക് പഞ്ചറിന്‍റെ രൂപത്തിൽ അള്ള് കിട്ടുന്നു. അതൊരു പണിയാണ്, അത് അയാളിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ചിത്രം. 

ചാക്കോച്ചൻ മാത്രമല്ലല്ലോ കൃഷ്ണ ശങ്കറും പ്രാധാന്യമുള്ള കഥാപാത്രം ചെയ്യുന്നില്ലേ?

കൃഷ്ണ ശങ്കറിന്‍റെതും പ്രധാന കഥാപാത്രമാണ്. ചാക്കോച്ചന്‍റെ സഹോദരിയായ സ്വാതി(അപർണ)യെ സ്നേഹിക്കുന്ന തൊഴിൽ രഹിതനായ ഫുട്‌ബോൾ പ്രേമിയായ ഒരു യുവാവിന്‍റെ കഥാപാത്രമാണ്. 

ചിലവ് കുറഞ്ഞ ഡിജിറ്റൽ സംസ്കാരത്തിൽ നിന്നാണ് 25,000 രൂപയുടെ പോരാട്ടം എന്ന ആദ്യ സിനിമ താങ്കൾ ചെയുന്നത്. അതിനുള്ള പ്രേരകം എന്തായിരുന്നു?

ഷോർട്ട് ഫിലിമും മ്യൂസിക് വീഡിയോയുമാണ് ആദ്യം ചെയ്തത്. പിന്നീട് കുറച്ച് പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തു. അത് കഴിഞ്ഞ് 
ഫിലിം വർക്ക് ഷോപ്പ് നടത്തി. ഇങ്ങനെയായിരുന്നു യാത്രകൾ. സിനിമ അകലെ നിൽക്കുന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞപ്പോൾ എന്തുവന്നാലും സിനിമ ചെയ്യണം തോന്നലിൽ നിന്നാണ് കുറഞ്ഞ ചെലവിൽ ചെയ്യമെന്ന് തീരുമാനിച്ച് പോരാട്ടം എന്ന ചിത്രമെടുത്തത്. സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. സെൻസറിങ് കഴിഞ്ഞിരിക്കുകയാണ്. അള്ളു രാമചന്ദ്രന് ശേഷം അതു സംഭവിക്കും

രാഷ്രീയനിലപാടുകളുള്ള സിനിമയാണോ പോരാട്ടം?

പോരാട്ടം ഒരു സ്ത്രീപക്ഷ സിനിമയാണ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ആണ് ചിത്രം പറയുന്നത്. 

അതിൽ നിന്നും വ്യത്യസ്തമായി വാണിജ്യ ചേരുവകൾ ഒത്തിണങ്ങിയ അള്ളു രാമേന്ദ്രനിലേക്ക് എത്തുമ്പോൾ ‍? 

വ്യത്യസ്തമായ അനുഭവമായിരുന്നു. The Movie Written on Camera എന്നായിരുന്നു പോരാട്ടത്തിന്‍റെ ടാഗ് ലൈൻ. ചിത്രം എഴുതിയതിന് ഞാനാണെങ്കിൽ കൂടിയും പൂർണ്ണമായ എഴുത്തു രൂപത്തിലുള്ള ഒന്നായിരുന്നില്ല. എന്‍റെ സ്വാതന്ത്ര്യമായിരുന്നു ആ സിനിമ. ക്യാമറ കൊണ്ട് എടുക്കുന്ന ഒരു സ്വാതന്ത്ര്യം. പക്ഷേ അള്ള് രാമേന്ദ്രൻ എന്ന സിനിമ വരുമ്പോൾ അതിൽ കൃത്യമായ ഒരു തിരക്കഥയുണ്ട്. അത് ഒരു വാണിജ്യപരമായ വിജയമായി തീരാൻ ഒരുപാട് പേരുടെ ഇടപെടലുകളുണ്ട്. മാത്രമല്ല ഇതിൽ ഒരുപാട് ആർട്ടിസ്റ്റുകൾ വരുന്നുണ്ട്. ഇത്രയധികം ആർട്ടിസ്റ്റുകളെ ഒന്നും മുമ്പ് കൈകാര്യം ചെയ്തിട്ടില്ല. ഹരീഷ് കണാരൻ, ചാക്കോച്ചൻ, ചാന്ദ്നി, അപർണ ബാലമുരളി തുടങ്ങി ഒരുപാട് ആർട്ടിസ്റ്റുകൾ ചിത്രത്തിൽ ഉണ്ട്. മുമ്പ് ഒരു കോമഡി രംഗങ്ങൾ സംവിധാനം ചെയ്തിരുന്നില്ല. ചിത്രത്തിന് കോമഡി ത്രില്ലർ സ്വഭാവവും. സീനുകളിലെ കോമഡി വർക്ക്ഔട്ട് ആയിട്ടുണ്ടോ എന്ന കാര്യത്തിൽ ടെൻഷനുണ്ടായിരുന്നു. 

പോരാട്ടം പോലെ അള്ളു രാമേന്ദ്രനിൽ സ്ത്രീകൾക്ക് പ്രാധാന്യം ഉണ്ടോ?

സ്ത്രീകഥാപാത്രങ്ങൾക്ക് കഥാപാത്രത്തിന് വേണ്ട പ്രാധാന്യം കൊടുത്തിട്ടുണ്ട്. 

സിനിമയുടെ മറ്റു വിശേഷങ്ങൾ?

ആഷിക് ഉസ്മാൻ എന്ന നിർമാതാവിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നു. സിനിമയിൽ തുടക്കം മുതലേ പൂർണ പിന്തുണയുമായി അദ്ദേഹം കൂടെ നിന്നു. മറ്റൊന്ന് ജിംഷി ഖാലിദ് എന്ന് പറയുന്ന ഛായാഗ്രഹകൻ ആണ്. അദ്ദേഹത്തിൻറെ ഛായാഗ്രഹണം ഈ സിനിമയ്ക്ക് ജീവൻ നൽകുന്നു.

Loading...
COMMENTS