അജയകുമാറിന്‍റെ ഇതിഹാസം- INTERVIEW

അനു ചന്ദ്ര
21:11 PM
01/09/2019

സിദ്ദിഖിനെയും ഭഗത് മാനുവലിനെയും പ്രധാന കഥാപാത്രമാക്കി നവാഗതനായ ആര്‍.കെ അജയകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇസാക്കിന്‍റെ ഇതിഹാസം. ചിത്രത്തിന്റെ വിശേഷങ്ങൾ സംവിധായകൻ മാധ്യമം ഒാൺലൈനുമായി പങ്കുവെക്കുന്നു.

ഇസാക്കിന്‍റെ ഇതിഹാസം എന്ന പേര്?

ചിത്രത്തിൽ സിദ്ദിഖ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഇസാക്. ഇസഹാക്ക് എന്നാണ് യഥാർത്ഥ പേര്. ഇസാക്കിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. അതിനാലാണ് ആ പേരിട്ടത്. 


പുരോഹിതനായി സിദ്ദിഖ്
മലയോര മേഖലയിലെ പഴയ പള്ളിയിലെ പുരോഹിതനാണ് സിദ്ദിഖ് അവതരിപ്പിക്കുന്ന ഇസാക്ക് എന്ന കഥാപാത്രം. പള്ളി പുതുക്കി പണിയാൻ വേണ്ടി ശ്രമിക്കുകയും ഒടുവിൽ പഴയ പള്ളി പൊളിച്ചു പുതിയ പള്ളി നിർമിക്കാൻ നാട്ടുകാർ തീരുമാനിക്കുകയും ചെയ്യുന്നു.

പളളിമേടയിൽ താമസിക്കുന്ന പുരോഹിതൻ പള്ളി പുതുക്കി പണിയുന്ന വേളയിൽ തൊട്ടടുത്തുള്ള മർഗ്ഗിയും മകൻ ഗ്രിഗറിയും താമസിക്കുന്ന വീട്ടിലേക്ക് താമസം മാറ്റുന്നു. ഇതിനിടെ, വർഷങ്ങൾക്ക് മുമ്പ് ഭാര്യയെയും മകനെയും ഉപേക്ഷിച്ചു പോയ മാർഗിയുടെ ഭർത്താവ് വാസുദേവ പിഷാരടി മനംമാറ്റം ഉണ്ടായി തിരിച്ചു വരുന്നു. അയാളെ സ്വീകരിക്കാൻ തയാറാകാതെ നിന്ന മാർഗ്ഗിക്കും മകനുമിടയിൽ ഇസാക്ക് മധ്യസ്ഥം നിൽക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. 

പോസ്റ്ററുകളിലും ടീസറിലും ട്രെയിലറും ചിത്രത്തിന് ഒരു നിഗൂഢത തോന്നുന്നു? 

ചിത്രത്തിൽ ഒരു നിഗൂഢത ഉണ്ട്.ടീസർ ശ്രദ്ധിച്ചു നോക്കുകയാണെങ്കിൽ അതിനകത്ത് തന്നെ ഈ സിനിമ ഉണ്ട്. 
 
നടൻ നെൽസൺ പാടി അഭിനയിച്ച സിംഗിൾ ഷോട്ടിൽ പൂർത്തീകരിച്ച ഗാനരംഗം
പൊലീസ് സ്റ്റേഷന്‍റെ പശ്ചാത്തലത്തിലുളള ഗാനമാണിത്. ദേവസ്യാ എന്ന കഥാപാത്രത്തെയാണ് നെൽസൺ അവതരിപ്പിക്കുന്നത്. ആ ഗാനരംഗം വെറൈറ്റി ആയി/റിയലിസ്റ്റിക് ആയി എടുക്കണം എന്നുണ്ടായിരുന്നു. അങ്ങിനെയാണ് ഒറ്റഷോട്ടിൽ ചിത്രീകരിച്ചത്. 

നായകൻ ഭഗത് മാനുവൽ
സിനിമയിലെ നായകൻ ഭഗത് ആണ്. സിദ്ദിഖ് ടൈറ്റിൽ കഥാപാത്രം ചെയ്യുന്നുവെന്നേ ഉള്ളു. ഗ്രിഗറിയെയാണ് ഭഗത് അവതരിപ്പിക്കുന്നത്. തുടക്കത്തിൽ ഒരു പ്രണയകഥ ആയി പുരോഗമിക്കുന്ന ചിത്രം പിന്നീട് അതിന്‍റെ സ്വഭാവം മാറ്റുന്നു. എന്നാലും സിനിമ ഗ്രിഗറിയിലൂടെയാണ് പറഞ്ഞുപോകുന്നത്. 

താങ്കളെ കുറിച്ച്?
മാധ്യമപ്രവർത്തകനാണ്. രണ്ട് ടി.വി ചാനലുകളിൽ ജോലി ചെയ്തിട്ടുണ്ട്. അതിന് ശേഷം പരസ്യമേഖലയിലും ജോലി ചെയ്തു. അതുവഴിയാണ് സിനിമയിൽ എത്തുന്നത്. 

Loading...
COMMENTS