രാഷ്ട്രീയക്കാരനല്ല; ഇത് ബ്രോക്കറുടെ കഥ -ജിബു ജേക്കബ്

അനു ചന്ദ്ര
11:45 AM
04/10/2019

വെള്ളിമൂങ്ങക്ക് ശേഷം ബിജു മേനോനും സംവിധായകൻ ജിബു ജേക്കബും ഒന്നിക്കുന്ന ചിത്രമാണ് ആദ്യരാത്രി റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്‍റെ വിശേഷങ്ങൾ സംവിധായകൻ ജിബു ജേക്കബ് പങ്കുവെക്കുന്നു


വെള്ളിമൂങ്ങ എന്ന  ഹിറ്റിനു ശേഷം ബിജു മേനോനൊപ്പം?

‘വെള്ളിമൂങ്ങ’ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് അഞ്ചു വർഷമായി. ശേഷം മോഹൻലാലിനൊപ്പം ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ ചെയ്തു. ബിജു മേനോൻ വീണ്ടും നായകനായി വരുന്നതിൽ സന്തോഷമുണ്ട്. എന്നാൽ വെള്ളിമൂങ്ങയിൽ  നിന്നും തികച്ചും വ്യത്യസ്തമായ കഥയാണ് ആദ്യരാത്രി. വെള്ളിമൂങ്ങ പറയുന്നത് കൗശലക്കാരനായ രാഷ്ട്രീയക്കാരന്‍റെ കഥയാണെങ്കിൽ ആദ്യരാത്രി പറയുന്നത് ഒരു കല്യാണ ബ്രോക്കറുടെ കഥയാണ്. മുല്ലക്കര എന്ന ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. ബിജു മേനോൻ മനോഹരൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വെള്ളിമൂങ്ങയിലൂടെ ഉടലെടുത്ത സൗഹൃദം ഈ സിനിമക്ക് ഒരുപാട് ഉപകരിച്ചു.

പ്രണയിക്കുന്നവരെ കണ്ടാൽ അസ്വസ്ഥനാകുന്ന മനോഹരൻ

വെറുമൊരു ബ്രോക്കർ മാത്രമല്ല മനോഹരൻ. നാടിനുവേണ്ടപ്പെട്ട നാടിൻറെ നന്മ ആഗ്രഹിക്കുന്ന ഒരാൾ കൂടിയാണ്. പ്രണയത്തിന് എതിരാണ് എന്ന കുഴപ്പം മാത്രമേ മനോഹരനൊള്ളൂ. വളരെ തമാശരൂപേണ നർമ്മത്തിൽ ചാലിച്ച് കൊണ്ടാണ്  മനോഹരന്റെ ജീവിതം പറഞ്ഞു പോകുന്നതെങ്കിലും വളരെ സാമൂഹിക പ്രധാന്യമുള്ള വിഷയം കൂടിയാണ് ഒപ്പം പറഞു പോകുന്നത്. അത് പ്രേക്ഷകർ കണ്ട് തന്നെ മനസ്സിലാക്കട്ടെ.

വെള്ളിമൂങ്ങ രാഷ്ട്രീയ പ്രാധാന്യമുള്ള ചിത്രമായിരുന്നെങ്കില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ കുടുംബ ചിത്രമാണ്. എന്നാൽ ആദ്യരാത്രി എന്ന സിനിമ രണ്ടു സിനിമകളുമായി ഒരുതരത്തിലും സാമ്യം പുലർത്തുന്നില്ല. 

പുതുമകളുമായി ചിത്രീകരിച്ച 'ഞാനെന്നും കിനാവ് കണ്ട' എന്ന ഗാനരംഗം?

ബാഹുബലി’യിലെ ഒരേ ഒരു രാജ എന്ന് തുടങ്ങുന്ന ഗാനത്തിലെ രംഗങ്ങളെ പോലെയാണ് ‘ഞാനെന്നും കിനാവ് കണ്ട’ എന്ന് തുടങ്ങുന്ന ഗാനം ചിത്രീകരിച്ചത്. കുഞ്ഞുമോൻ എന്ന കഥാപാത്രമാണ് അജുവർഗീസ് ഈ സിനിമയിൽ ചെയ്യുന്നത്. അയാൾ കാണുന്ന  സ്വപ്നമായാണ് ഗാനം മുൻപോട്ട് പോകുന്നത്. ബാഹുബലിയിലെ ഗാനം എല്ലാവർക്കും അറിയുന്നതും വളരെ ഹിറ്റായതുമായ ഒന്നാണ്.

ഓഡിയൻസിന് വളരെ എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ പറ്റുന്ന ഗാനം ആയിരിക്കണമെന്ന് താല്പര്യമുണ്ടായിരുന്നു. അത്കൊണ്ടാണ് അതുമായി ബന്ധപ്പെടുത്തി ഇത്തരത്തില്‍ ഒരു ഗാനം ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞ ബജറ്റില്‍, ഒരുപാട് പേരുടെ പിന്തുണയോടെ ചിത്രീകരിച്ച ഗാനം കൂടിയാണിത്. നവോദയ സ്റ്റുഡിയോയില്‍ വെച്ചാണ് ചിത്രീകരണം നടന്നത്. ആർട്ട് ഡയറക്ടർ, കൊറിയോഗ്രാഫർ, vfx ടീംസ് എല്ലാം ഒരുപാട് അതിന് സഹായിച്ചു. 

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമക്ക് ശേഷം അനശ്വര നായികയാകുന്ന ചിത്രമാണ് ആദ്യരാത്രി. എത്രമാത്രം പ്രതീക്ഷ തരുന്ന നായികയാണ് അനശ്വര?

അനശ്വര അശ്വതി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആ നാട്ടിലെ ഏറ്റവും വലിയ സമ്പന്നനായ അധ്യാപകന്‍റെ മകളാണ് അശ്വതി. അശ്വതിയുടെ വിവാഹം നടത്താനാണ് സിനിമയിൽ മനോഹരൻ ശ്രമിക്കുന്നത്. അതുമായി ബന്ധപ്പെട്ടാണ് കഥ മുൻപോട്ട് പോകുന്നത്. മലയാള സിനിമയിൽ അടുത്ത കാലത്തു കിട്ടിയ ഏറ്റവും പ്രതീക്ഷ തരുന്ന നായികയാണ് അനശ്വര.

സ്‌റ്റോപ് വയലന്‍സിലൂടെ സ്വതന്ത്രഛായാഗ്രാഹകനായി പ്രവർത്തിച്ച താങ്കൾ ഇനി എന്നാണ് സംവിധാനത്തിനപ്പുറം ഛായാഗ്രഹകൻ കൂടിയാകുന്നത്?

ആഗ്രഹമില്ലാഞ്ഞിട്ടല്ല. എന്നെ ആരും അതിനായി വിളിക്കാഞ്ഞിട്ടാണ്(ചിരിക്കുന്നു). 1992 ൽ പുറത്തിറങ്ങിയ ആയുഷ്ക്കാലം എന്ന കമൽ ചിത്രത്തിൽ ഛായാഗ്രാഹകൻ സാലു ജോർജിന്‍റെ അസിസ്ന്റായിട്ടാണ് സിനിമയിലെത്തുന്നത്. ഏറെ സന്തോഷവും/ടെൻഷനും തരുന്ന ഒരു കാര്യം എന്തെന്നാൽ ഇത്തവണ ആദ്യരാത്രി റിലീസ് ചെയുന്ന അതേ ദിവസമാണ് ജോലി പഠിക്കാൻ കാരണമായ സംവിധായകൻ കമൽ സാറിന്റെ സിനിമയും റിലീസ് ആകുന്നത്.

ആദ്യരാത്രി തരുന്ന പ്രതീക്ഷ

തിരക്കഥാകൃത്തുക്കളായ ഷാരിസ് മുഹമ്മദും ജെബിൻ ജോസഫ് ആന്റണിയും ചേർന്നാണ് ആദ്യരാത്രിയുടെ തിരക്കഥയൊരുക്കിയത്. അവർ നന്നായി വർക്ക് ചെയ്തിട്ടുണ്ട്. ഒരു നല്ല റിസൾട്ട് പ്രതീക്ഷിക്കുന്നു. 

 

Loading...
COMMENTS