സിനിമക്കുമുമ്പ് ദേശീയഗാനം: ചെറിയ സിനിമയെടുക്കുന്നവര്‍ക്ക് വെല്ലുവിളി –വിനീത് ശ്രീനിവാസന്‍

01:08 AM
13/12/2016
കോട്ടയം പ്രസ്ക്ളബില്‍ നടന്ന മുഖാമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ സംസാരിക്കുന്നു
കോട്ടയം: സിനിമക്കുമുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയത് രണ്ടുമണിക്കൂറില്‍ ചുരുക്കി ചെറിയ സിനിമയെടുക്കുന്നവര്‍ക്ക് വെല്ലുവിളിയാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. ചുരുക്കി കഥപറയാന്‍ ശ്രമിക്കുന്ന സംവിധായകന് 52 സെക്കന്‍ഡ് പോലും നിര്‍ണായകമാണ്. കഥക്കു പുറമെയുള്ള ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ സിനിമയുടെ ദൈര്‍ഘ്യമാണ് കൂടുന്നത്. മോഹന്‍ലാലിനെ കാണാന്‍ മൂന്നു മണിക്കൂര്‍ വേണമെങ്കിലും ജനം തിയറ്ററില്‍ ഇരിക്കും. പക്ഷേ, സൂപ്പര്‍ സ്റ്റാറുകളുടെ ഒഴികെയുള്ള സിനിമകള്‍ക്ക് ദൈര്‍ഘ്യം കൂടിയാല്‍ തിയറ്ററില്‍ പ്രതികൂലമായി ബാധിക്കും. സമയം കുറക്കാന്‍ മാത്രം സിനിമ എഡിറ്റ് ചെയ്യേണ്ടി വരുന്നതിനെയാണ് ഭയപ്പെടുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഭരിക്കുന്നവരുടെ പരസ്യം പോലുമുണ്ട്. തനിക്ക് ഉറച്ച ദേശഭക്തിയുണ്ടെന്നും ആരും സംശയിക്കേണ്ടെന്നും വിനീത് പറഞ്ഞു.
സിനിമക്ക് സെന്‍സറിങ് അല്ല സര്‍ട്ടിഫിക്കേഷനാണ് വേണ്ടത്. സെന്‍സറിങ് എഴുത്തുകാരനു വിലങ്ങാവുന്നുണ്ട്. സെന്‍സറിങ്ങിനെ ഭയന്ന് കഥാപാത്രത്തിന്‍െറ യഥാര്‍ഥ സംസാരരീതിക്കു പകരം നാടകീയ സംഭാഷണങ്ങള്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിതനാകുകയാണ്. വിവാദമാകുന്ന അഭിപ്രായങ്ങള്‍ പറയാതിരിക്കുകയാണ് തന്‍െറ ശൈലി. അരാഷ്ട്രീയവാദം പറയുന്നത് ഇപ്പോഴത്തെ ട്രെന്‍ഡാണ്. പിതാവ് ശ്രീനിവാസനു ധൈര്യമുള്ളതുകൊണ്ടാണ് തുറന്നു പറയുന്നത്. തന്‍േറതായ ശൈലിയില്‍ നല്ല സന്ദേശങ്ങള്‍ പ്രേക്ഷകര്‍ക്കു കൈമാറുന്ന സിനിമകളാണ് താന്‍ ചെയ്തിട്ടുള്ളത്. നടന്‍ നിവിന്‍പോളിയും താനും ഒരുമിക്കുമ്പോള്‍ ഭാഗ്യം രണ്ടുപേര്‍ക്കും ഉണ്ടാകുന്നുണ്ട്. പുതുമുഖ സംവിധായകന്‍ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബി എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം പ്രസ്ക്ളബിന്‍െറ മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു നായകന്‍ കൂടിയായ വിനീത്.
സിനിമയുടെ കഥയുടെ പിതൃത്വത്തിന്‍െറ പേരില്‍ ഹൈകോടതിയില്‍ കേസുണ്ടെങ്കിലും ചിത്രീകരണം തടസ്സം കൂടാതെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി നിര്‍മാതാവ് സുവിന്‍ കെ. വര്‍ക്കി പറഞ്ഞു. സംഗീതപ്രാധാന്യമുള്ള ചിത്രത്തിനു ബിജിപാല്‍, ജെയ്സണ്‍ ജെ. നായര്‍, അനില്‍ ജോണ്‍സണ്‍ എന്നിവരാണ് സംഗീതസംവിധാനം. ജനുവരി 20ന് റിലീസിങ് നടത്തുമെന്ന് സംവിധായകന്‍ ശ്രീകാന്ത് മുരളി പറഞ്ഞു.
Loading...
COMMENTS