‘മുറപ്പെണ്ണ്’ ജീവിതത്തിലെ വഴിത്തിരിവ് –എം.ടി

  • മലയാള സിനിമയെ വേറിട്ട പാതയിലേക്ക് നയിച്ച ചിത്രത്തിന്‍െറ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

09:29 AM
05/06/2016
‘മുറപ്പെണ്ണ്’ സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട്ട് നടന്ന ചടങ്ങില്‍ സംവിധായകന്‍ ഐ.വി. ശശി എം.ടി. വാസുദേവന്‍ നായരെ ആദരിക്കുന്നു. സി. രാധാകൃഷ്ണന്‍, ശാരദ, ലത മോഹന്‍ എന്നിവര്‍ സമീപം (പി. അഭിജിത്ത്)

കോഴിക്കോട്: മലയാള സിനിമയെ 50വര്‍ഷം മുമ്പ് വേറിട്ട പാതയിലേക്ക് നയിച്ച ‘മുറപ്പെണ്ണി’ന്‍െറ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം. സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷചടങ്ങില്‍  അണിയറപ്രവര്‍ത്തകരും അന്തരിച്ചവരുടെ മക്കളും കൊച്ചുമക്കളും കോഴിക്കോട്ട് ഒത്തുചേര്‍ന്നപ്പോള്‍ അത് എം.ടി. വാസുദേവന്‍ നായര്‍ എന്ന എഴുത്തിന്‍െറ ചക്രവര്‍ത്തിയുടെ സിനിമാ അരങ്ങേറ്റത്തിന്‍െറ അമ്പതാം വാര്‍ഷികാഘോഷം കൂടിയായി. രൂപവാണിയുടെ ബാനറില്‍ ശോഭന പരമേശ്വരന്‍ നായര്‍ നിര്‍മിച്ച് എ. വിന്‍സന്‍റ് സംവിധാനം ചെയ്ത ‘മുറപ്പെണ്ണി’ന്‍േറത് എം.ടിയുടെ ആദ്യ തിരക്കഥയാണ്. ജേസി ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തില്‍ നടന്ന സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സംവിധായകന്‍ ഐ.വി. ശശി നിര്‍വഹിച്ചു. എം.ടിയുടെ തിരക്കഥയില്‍ ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹം മനസ്സില്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി മമ്മൂട്ടി നായകനായി ‘തൃഷ്ണ’ എന്ന ചിത്രം ചെയ്യാന്‍ അവസരമുണ്ടാകുന്നതെന്ന് അദ്ദേഹം ഓര്‍മിച്ചു. എം.ടിയായിരുന്നു ‘തൃഷ്ണ’യുടെ തിരക്കഥാരചന നിര്‍വഹിച്ചത്.

തനിക്ക് സിനിമയെന്ന മായികപ്രപഞ്ചത്തിലേക്ക് കടക്കാനുള്ള വാതില്‍ തുറന്നുനല്‍കുകയായിരുന്നു ശോഭന പരമേശ്വരനെന്ന് എം.ടി. പറഞ്ഞു. അദ്ദേഹത്തിന്‍െറ നിര്‍ബന്ധത്തിനുവഴങ്ങിയാണ് ‘മുറപ്പെണ്ണി’ന്‍െറ തിരക്കഥയെഴുതുന്നത്. സിനിയെ കൂടുതല്‍ അറിയാനും അതിലേക്ക് കടന്നുചെല്ലാനും പഠിക്കാനും സ്വാധീനിച്ച വ്യക്തിയായിരുന്നു ശോഭന പരമേശ്വരന്‍ നായര്‍. ‘മുറപ്പെണ്ണ്’ ലോകോത്തര ചലച്ചിത്രമാണെന്ന് പറയുന്നില്ല. എന്നാല്‍, അത് തന്‍െറ ജീവിതത്തിലെ വഴിത്തിരിവായി മാറി.

സിനിമയിലേക്കുള്ള തുടക്കത്തിന്‍െറ വഴിവിളക്കായി, നിമിത്തമായി അത് നിലകൊള്ളുന്നുവെന്നും എം.ടി പറഞ്ഞു. എം.ടി. വാസുദേവന്‍ നായരെ സി. രാധാകൃഷ്ണന്‍ പൊന്നാടയണിച്ചു. ഐ.വി. ശശി ഉപഹാരം നല്‍കി. സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  മലയാള സിനിമക്ക് അമ്പതുവര്‍ഷം മുമ്പ് ലഭിച്ച വരദാനമായിരുന്നു ‘മുറപ്പെണ്ണെ’ന്ന് അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തിനുശേഷമാണ് കേരളീയ തനിമയുള്ള സുഗന്ധപൂരിതമായ ചിത്രങ്ങള്‍ പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

 ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു ‘മുറപ്പെണ്ണി’ന്‍െറ അണിയറപ്രവര്‍ത്തകരെന്ന് നടി ശാരദ പറഞ്ഞു. സിനിമയിലെ താരങ്ങളായ ശാരദ, ലതാമോഹന്‍, ഗായിക ലതാ രാജു, സാങ്കേതിക പ്രവര്‍ത്തകരായ സഹസംവിധായകന്‍ മേലാറ്റൂര്‍ രവിവര്‍മ, കാമറാമാന്‍ എ. വെങ്കിട്ട്, മേക്കപ്പ്മാന്‍ പത്മനാഭന്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ പി. ഡേവിഡ്, പ്രൊഡക്ഷന്‍ മാനേജര്‍ ഗോവിന്ദന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

 സിനിമയുടെ സംവിധായകന്‍ എം. വിന്‍സന്‍റ്, നിര്‍മാതാവ് ശോഭന പരമേശ്വരന്‍ നായര്‍, താരങ്ങളായ പ്രേംനസീര്‍, കെ.പി. ഉമ്മര്‍, സംഗീത സംവിധായകന്‍ കെ.ബി. ചിദംബരനാഥ്, നെല്ലിക്കോട് ഭാസ്കരന്‍, കലാസംവിധായകന്‍ എസ്. കോന്നാട്ട്, ഭാരതി മേനോന്‍, കുഞ്ഞാവ, എസ്.പി. പിള്ള തുടങ്ങിയവരുടെ കുടുംബാംഗങ്ങളും ആദരം ഏറ്റുവാങ്ങി. പരിപാടിയില്‍ ജേസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജെ.ജെ. കുറ്റിക്കാട്ട് സ്വാഗതവും സെക്രട്ടറി എബ്രഹാം ലിങ്കന്‍ നന്ദിയും പറഞ്ഞു.

Loading...
COMMENTS