ബഹോരെ, ഈ നൂൽപ്പാലത്തിൽ നീ ഒറ്റക്കല്ല
text_fieldsതിരുവനന്തപുരം: ഇറാൻ ഭരണകൂടത്തിെൻറ ഔദാര്യം വേണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന സാമൂഹിക അസമത്വങ്ങളെ വെള്ളിത്തിരയിൽ വരച്ചുകാട്ടുകയാണ് അലി ഗവിധാൻ ‘വൈറ്റ് ബ്രിഡ്ജി’ലൂടെ. കുട്ടികളെ മുൻനിർത്തി രാഷ്ട്രീയം പറയുന്ന ‘ഇറാൻ മാജിക്’ ഈ സിനിമയിലും അനുവർത്തിച്ചിരിക്കുന്നു. ഇറാനിലെ ഒരു ചെറുപട്ടണത്തില്‍ റൊട്ടി ഫാക്ടറി ജീവനക്കാരിയായ മാതാവിെൻറ തണലില്‍ ജീവിക്കുന്ന പ്രൈമറി സ്കൂൾ വിദ്യാർഥിനിയാണ് ബഹോരെ. ഒരപടകത്തിൽ ഭിന്നശേഷിക്കാരിയായി മാറിയ അവളുടെ പരിമിതി സ്കൂള്‍ അധികൃതര്‍ കണ്ടെത്തുന്നതോടെ അവളെ സ്പെഷല്‍ സ്കൂളില്‍ തള്ളിവിടാൻ അധികാരികൾ നിർബന്ധിക്കുന്നു. നിലവിലുള്ള വിദ്യാഭ്യാസ നിയമങ്ങൾ ഇരുവർക്കും എതിരായതോടെ കൂട്ടുകാരുമൊത്തുള്ള കളിയും ചിരിയും ഈ ഏഴുവയസ്സുകാരിക്കു മുന്നിൽ കൊട്ടിയടക്കപ്പെടുകയാണ്.
സ്പെഷൽ സ്കൂളിൽ മാതാവ് അവളെ ചേർത്തെങ്കിലും പരിമിതികളെ അംഗീകരിക്കാനും പുതിയ സ്കൂളിൽ പോകാനും ബഹോരെ തയാറല്ല. പകരം മാതാവിെൻറ കണ്ണുവെട്ടിച്ച് ദിവസവും തെൻറ പഴയ സ്കൂളിലേക്ക് അവൾ പോകും. ഗേറ്റിന് പുറത്തുനിന്ന് കൂട്ടുകാരുടെ കളികൾ കാണും. അന്ന് ക്ലാസിൽ പഠിപ്പിച്ച പാഠങ്ങൾ കൂട്ടുകാരിൽനിന്ന് ചോദിച്ച് മനസ്സിലാക്കും. പിന്നീട് വീട്ടിലേക്ക് മടങ്ങും.
ഒരു ദിവസം സ്കൂളിലെ പ്രിന്‍സിപ്പലിനെ നാട്ടിലെ വരണ്ടുണങ്ങിയ നദിക്ക് മുകളിലെ പാലത്തില്‍നിന്ന് ബഹോരേയും മാതാവും കാണുന്നു. നീരുറവ വറ്റിയ പുഴയില്‍ എന്ന് വെള്ളമൊഴുകുന്നുവോ അന്ന് അവളെ വീണ്ടും സ്കൂളില്‍ എടുക്കാം എന്ന് പ്രിൻസിപ്പൽ മാതാവിനെ പരിഹസിക്കുന്നു.
എന്നാൽ, ഈ വാക്കുകൾ പ്രതീക്ഷയുടെ, സ്വപ്നങ്ങളുടെ പുതിയ വാതിലാണ് ബഹോരെക്ക് മുന്നില്‍ തുറന്നിടുന്നത്. പിന്നീട് അവളുടെ ദിനങ്ങള്‍ പാലത്തിന് മുകളിലാകുന്നു. വരണ്ട മണ്ണിനും പൊടിക്കാറ്റിനും മുകളിൽ പാഠപുസ്തവുമായി ബഹോരെക്കൊപ്പം േപ്രക്ഷകരും കാത്തിരിക്കുകയാണ്, ഒരിറ്റ് ജലം ഒഴുകുന്നത് കാണാൻ. അവസാനം അവളുടെ ആഗ്രഹം തീവ്രമാകുമ്പോൾ ലോകം അവൾക്കൊപ്പം നിൽക്കുന്നു.
ഭിന്നശേഷിക്കാരായ വിദ്യാർഥികളെ അരികുവത്കരിക്കുന്ന സർക്കാർ നിയമങ്ങളെ ബഹോരെയുടെ ക്ലോസപ് ഷോട്ടുകളിലൂടെ സംവിധായകൻ വിമർശിക്കുന്നു. കുട്ടികളുടെ മാനസികാവസ്ഥ തിരിച്ചറിയാതെ ജീവിതത്തിെൻറ പിന്നാമ്പുറത്തേക്ക് വലിച്ചെറിയുന്ന നിയമങ്ങൾ പൊളിച്ചെഴുതണമെന്ന് ചിത്രം ആവശ്യപ്പെടുന്നു.
സിനിമയിൽ സുപ്രധാന വേഷവും അലി ഗവിധാൻ കൈകാര്യം ചെയ്യുന്നുണ്ട്. സുവർണചകോരത്തിനായി മത്സരിക്കുന്ന ഈ ചിത്രം നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.