You are here

നാലു ചുമരുകൾക്കുള്ളിലെ മൂന്നു യുഗങ്ങൾ

THREE AND A HALF

നാൽപതു മിനിറ്റുകളുടെ മൂന്നു ഭാഗങ്ങളായി സ്നേഹത്തിന്‍റെ മൂന്ന് ലോകത്തെ ചിത്രീകരിച്ച ചിത്രമാണ് ത്രീ ആന്‍റ് എ ഹാഫ് ദർ ഗയുടെ(ദാറിയ ഗയ്ക്കളോവ) സംവിധാന മികവ് കൊണ്ട് പ്രേക്ഷക മനസിൽ ഇടം പിടിച്ച ചിത്രം അനുരാഗ് കശ്യപ് ആണ് നിർമ്മിച്ചത്. 

ഒരു വീടിന്‍റെ മൂന്നു ഭാവങ്ങളിൽ ഒന്നാമത്തെ ഭാവമാണ് ആദ്യ നാൽപ്പതു മിനുട്ടിന്‍റെ കഥാതന്തു. അന്ന് അതൊരു വീടും സ്കൂളായിരുന്നു. ആര്യ ദാവെ എന്ന ബാലതാരമാണ് ഈ ഭാഗത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്. തന്‍റെ പിറന്നാൾ ദിവസം ഒരു കുട്ടി നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. സ്‌കൂളിലേക്ക് യൂണിഫോം ധരിക്കാതെ വരുന്ന ദാവയെ അധ്യാപിക ശാസിക്കുകയും യൂണിഫോം ധരിച്ചു വരാൻ പറഞ്ഞയക്കുകയും ചെയ്യുന്നു. വീട്ടിലേക്ക് എത്തുന്ന അവന് കുറച്ചു സമയം തന്‍റെ തളർന്നു കിടക്കുന്ന മുത്തച്ഛനുമായി ചെലവിടേണ്ടി വരുന്നു. പുതു തലമുറ മനസിലാക്കാതെ പോവുന്ന ഒന്നാണ് മുതിർന്നവരുടെ മനസ് എന്നത് സംവിധായിക ഈ ഭാഗങ്ങളിൽ  പറയാതെ പറയുന്നുണ്ട്.

Teen Aur Aadha

ഇരുപതു വർഷത്തിന് ശേഷമുള്ള ഇതേ ചുമരുകളുടെ കഥയാണ് അടുത്ത ഭാഗത്തിൽ വരുന്നത്. ഒരു വേശ്യാലയമായി മാറിയ ആ വീട്ടിലേക്ക് കാമ പൂർത്തീകരണത്തിനായി എത്തിയ യുവാവും ആദ്യമായി ഒരു പുരുഷൻ തന്നെ പ്രാപിക്കാൻ വരുന്നതിലുള്ള നിസ്സഹായത പ്രകടിപ്പിക്കുന്ന ഒരു യുവതിയുടേയും ആത്മസംഘർഷമാണ് ചിത്രം. 

തന്‍റെ ശരീരം ആഗ്രഹിച്ചു വന്ന അവനോട് തൊടരുതെന്ന് അവൾ പറയുന്നു. എന്നാൽ ഇത് കേട്ട് അവൻ പിൻമാറുന്നില്ല. താൻ പെട്ടെന്ന് തന്നെ മടങ്ങിപോയാൽ അവൾ അനുഭവിക്കേണ്ടി വരുന്ന ശാരീരിക യാതനകൾ മനസിലാക്കി. പതിനഞ്ചു മിനുട്ട് അവിടെ നിൽക്കാൻ പ്രേരിതനാവുന്നു. പിന്നീട് അവർ തമ്മിലുണ്ടാകുന്ന സൗഹൃദ സംഭാഷണത്തിലൂടെ അവളുടെ ഇച്ഛക്കനുസരിച്ച് അവൻ അവളെ കാമിക്കുന്നു.

 2016 ൽ ജനശ്രദ്ധയാകർഷിച്ച ചലച്ചിത്രമായ 'നീർജ'യിലെ പ്രതിനായക കഥാപാത്രത്തിൽ നിന്നും, 2018 ലെ വിഖ്യാത സഞ്ജയ് ലീല ബൻസാലി ചിത്രമായ 'പത്മാവത്'ലെ ദ്വിലിംഗക്കാരനായ മാലിക് കാഫറിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു സാധാരണ യുവാവിലേക്കുള്ള ജിം സർഭ് എന്ന നടന്‍റെ വേഷപ്പകർച്ച എടുത്തു പറയേണ്ടിയിരിക്കുന്നു.

 കാമപൂർത്തീകരണത്തിന് മാത്രം ഉപയോഗിക്കേണ്ട യന്ത്രമല്ല സ്ത്രീയെന്നും ആ മനസ് കൂടി ഒാരോ പുരുഷനും അറിയണമെന്നും ഇതിലൂടെ വ്യക്തമാകുന്നുണ്ട്. 

നട് രാജ് (ഗോഡ് ഓഫ് ഡാൻസ് ) എന്ന ജിം സർബിന്‍റെ കഥാപാത്രത്തോടൊപ്പം 'സുലേഖ' എന്ന താൽകാലിക നാമത്തിൽ ഒരു അഭിസാരികയായ സ്ത്രീയെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ സോയ ഹുസൈനിക്കായി.

ഒരു പുരുഷനെ മനസ്സിലാക്കാൻ ഒരു സ്ത്രീക്ക് നിമിഷ നേരം മതി. എന്നാൽ ഒരു സ്ത്രീയെ മനസിലാക്കുക എന്നത് പുരുഷനെ സംബന്ധിച്ചിടത്തോളം പ്രയാസമാണെന്ന് കൂടി ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.  വിപ് യൻ മോർട്ടിന്‍റെ ചടുലമായ പശ്ചാത്തല സംഗീതത്തോടൊപ്പമുള്ള നൃത്തത്തിലൂടെ‍യാണ് രണ്ടാമത്തെ ഭാഗം അവസാനിക്കുന്നത്.  

teenauradha

ഒരു മനുഷ്യായുസിന്‍റെ അവസാന ഘട്ടമായ വാർധക്യം ആണ് മൂന്നാം ഭാഗത്തിന്‍റെ പ്രമേയം. മുപ്പത് വർഷങ്ങൾക്ക് ശേഷമുള്ള ആ വീടിന്‍റെ വാർധക്യ ഭാവമാണത്. എഴുപതാം വയസിലും ഭർത്താവിനെ പ്രണയിക്കുകയും അദ്ദേഹത്തിന് മുന്നിൽ ഒരു കൊച്ചു കുട്ടിയുടെ ലാഘവത്തോടെ പെരുമാറുന്ന ഭാര്യ. ഏറെ നാളത്തെ ദാമ്പത്യത്തിനിടക്ക് എവിടെ വെച്ചോ തങ്ങൾക്കു നഷ്ടപ്പെട്ടുപോയ സ്നേഹം അവരെ എല്ലാ രീതിയിലും അകറ്റി നിർത്തിയത് അവർ തിരിച്ചറിയുന്നു. വാർധക്യത്തിൽ വീണ്ടും മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രണയിക്കാൻ ആരംഭിക്കുന്ന ആ ഭാര്യാ- ഭർത്താക്കന്മാരുടെ കാതുകളിൽ ഇരമ്പുന്ന പ്രതീക്ഷയുടെ കടലിന്‍റെ ദൃശ്യ വിസ്മയത്തിൽ ഗോഡ് ഓഫ് ലവ് (പ്രണയത്തിന്റെ/ സ്നേഹത്തിന്റെദേവൻ ) അവസാനിക്കുന്നു. 

എം.കെ.റൈനയുടെയും, സുഹാസിനി മുലായയുടേയും ഭാര്യാ -ഭർതൃ വേഷം മികച്ച് നിൽക്കുന്നു. ഒരു വീടിന്‍റെയും മനുഷ്യായുസിന്‍റെയും ബാല്യം, യൗവ്വനം, വാർധക്യം എന്നീ മൂന്നു ഘട്ടങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിച്ച ഛായാഗ്രഹകൻ ആകാശ് രാജിന്‍റെ  മികവ് എടുത്ത് പറയേണ്ടതാണ്. 

Loading...
COMMENTS