സ്പെയിനെ പിടിച്ചുകെട്ടി മൊറോക്കോ; മത്സരം എക്സ്ട്രാടൈമും കടന്ന് ഷൂട്ടൗട്ടിലേക്ക്
text_fieldsദോഹ: എജുക്കേഷൻ സിറ്റിയിൽ നടക്കുന്ന ആവേശകരമായ മൊറോക്കോ-സ്പെയിൻ പ്രീ ക്വാർട്ടർ മത്സരം നിശ്ചിത സമയവും അധിക സമയവും പിന്നിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്. സ്വതസിദ്ധമായ പാസ്സിങ് ഗെയിമിലൂടെ മുന്നേറിയ ചെമ്പടയെ ഗോളടിക്കാൻ വിടാതെ മൊറോക്കോ വരിഞ്ഞുമുറുക്കുകയായിരുന്നു.
ഇടവേളകളിൽ പ്രത്യാക്രമണങ്ങളിലൂടെയാണ് മൊറോക്കോ സ്പെയിന് മറുപടി നൽകിയത്. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ഇരു ടീമുകളും വിജയ ഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരത്തിന്‍റെ നിശ്ചിത സമയത്ത് ഇടു ടീമിന്‍റെയും ഭാഗത്തുനിന്ന് ഗോളെന്ന് തോന്നിക്കുന്ന അവസരങ്ങൾ കുറവായിരുന്നു. എക്സ്ട്രാ ടൈമിൽ ഇരുടീമുകൾക്കും സുവർണാവസരം ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ തിരിച്ചടിയായി.
അറ്റാക്കിങ്ങും കൗണ്ടർ അറ്റാക്കിങ്ങുമായി ആവേശകരമായിരുന്നു എക്സ്ട്രാ ടൈം. ഗോൾരഹിതമായി അധിക സമയത്തിന്‍റെ ആദ്യ പകുതിയും അവസാനിച്ചു. ആദ്യ പത്തു മിനിറ്റുകളിൽ ഇരുടീമുകൾക്കും കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല. പന്തിൽ ആധിപത്യം തുടർന്ന് സ്പെയിൻ മുന്നേറി. എന്നാൽ, മുന്നേറ്റങ്ങളെല്ലാം മൊറോക്കൻ പ്രതിരോധത്തിൽ തട്ടി പരാജയപ്പെട്ടു. 11ാം മിനിറ്റിൽ ബോക്സിനു മുന്നിൽ മൊറോക്കോക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. കിക്കെടുത്ത അഷ്റഫ് ഹക്കീമിയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്.
ആദ്യ 20 മിനിറ്റിൽ ഗോളിലേക്കെന്ന് തോന്നിക്കുന്ന നീക്കങ്ങളൊന്നും ഉണ്ടായില്ല. ഇടക്കിടെ പ്രസ്സിങ് ഗെയിമുമായി മൊറോക്കോ സ്പാനിഷ് പ്രതിരോധം വിറപ്പിച്ചു. 27ാം മിനിറ്റിൽ മാർക്കോ അസെൻസിയോക്ക് സുവർണാവസരം. ജോഡി ആൽബ മൈതാനത്തിന്‍റെ മധ്യത്തിൽനിന്ന് ഗോൾമുഖത്തേക്ക് ഉയർത്തി നൽകിയ പന്ത് കാലിൽ കുരുക്കി ബോക്സിനുള്ളിലേക്ക് അസെൻസിയോയുടെ മുന്നേറ്റം. മുന്നിൽ ഗോളി യാസീൻ ബോനു മാത്രം. എന്നാൽ, ഇടതു പാർശ്വത്തിൽനിന്നുള്ള താരത്തിന്‍റെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക്.
33ാം മിനിറ്റിൽ മൊറോക്കോ താരം മസ്രോയിയുടെ ബോക്സിനു പുറത്തുനിന്നുള്ള കിടിലൻ ഷോട്ട് സ്പാനിഷ് ഗോളി സൈമൺ രണ്ടാം ശ്രമത്തിൽ കൈയിലൊതുക്കി. 42ാം മിനിറ്റിൽ നായിഫ് അഗ്യൂഡിന്‍റെ ഹെഡർ ക്രോസ് ബാറിനു മുകളിലേക്ക് പുറത്തേക്ക്. നാലു തവണയാണ് പോസ്റ്റിലേക്ക് മോറൊക്കോ ഷോട്ട് തൊടുത്തത്. ചെമ്പട അഞ്ചു തവണയും.
മത്സരത്തിന്‍റെ 74ാം ശതമാനവും സമയം പന്ത് സ്പെയിന്‍റെ കൈവശമായിരുന്നു. 55ാം മിനിറ്റിൽ ബോക്സിന്‍റെ ഇടതുവിങ്ങിൽനിന്നുള്ള സ്പാനിഷ് താരം ഡാനി ഓൽമോയുടെ ഷോട്ട് മൊറോക്കോ ഗോളി തട്ടിയകറ്റി. ഫ്രീകിക്കെടുത്ത അസെൻസിയോ സമീപത്തുണ്ടായിരുന്ന ഓൽമോക്ക് പന്ത് കൈമാറുകയായിരുന്നു. 63ാം മിനിറ്റിൽ അസെൻസിയോക്ക് പകരം അൽവാരോ മൊറോട്ട കളത്തിൽ. സ്പാനിഷ് മുന്നേറ്റങ്ങളെല്ലാം മൊറോക്കോ പ്രതിരോധിക്കുന്നു.
78ാം മിനിറ്റിൽ നിക്കോ വില്യംസിന്‍റെ വലതു പാർശ്വത്തിൽനിന്നുള്ള പോസ്റ്റിനു സമാന്തരമായ ക്രോസ് സ്പെയിൻ താരത്തിന് മുതലെടുക്കാനായില്ല. ഇൻജുറി ടൈമിൽ തുടരെ തുടരെ സ്പെയിന് അവസരം. മൊറോക്കോ ഗോളി ബോനുവിന്‍റെ സേവുകളാണ് ടീമിനെ രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

