‘സോംബി ഡ്രഗ്’ പരിഭ്രാന്തി; വ്യാജ വിഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsഹേമന്ത്
ബംഗളൂരു: നഗരത്തിൽ ‘സോംബി ഡ്രഗ്’ വ്യാപിക്കുന്നു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയ സ്വകാര്യ കമ്പനി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാരണ്യപുര സ്വദേശി ഹേമന്താണ് (29) അറസ്റ്റിലായത്. ഒരു വ്യക്തി അസ്വാഭാവികമായി പെരുമാറുന്ന വിഡിയോ പകർത്തി അയാൾ മാരക ലഹരിമരുന്നിന് അടിമയാണെന്ന വ്യാജേന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനാണ് നടപടി. വിഡിയോയിലെ വ്യക്തി കൈകാലുകൾ വിചിത്രമായ രീതിയിൽ ചലിപ്പിക്കുന്നതും ദിശാബോധമില്ലാതെ പെരുമാറുന്നതും കണ്ട ഹേമന്ത്, അയാൾ ‘സൈലാസിൻ’ അഥവാ ‘സോംബി ഡ്രഗ്’ ഉപയോഗിച്ചതാണെന്ന് ആരോപിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം വൈറലായ ഈ വിഡിയോ നഗരവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി.
എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വിഡിയോയിലുള്ള വ്യക്തിയെ കണ്ടെത്തുകയും വൈദ്യപരിശോധനക്ക് വിധേയനാക്കുകയും ചെയ്തു. ഇയാളുടെ ശരീരത്തിൽ ഒരുവിധ ലഹരിവസ്തുക്കളുടെയും സാന്നിധ്യമില്ലെന്ന് പരിശോധനാ റിപ്പോർട്ടുകൾ വ്യക്തമാക്കിയതോടെയാണ് ഹേമന്തിനെതിരെ പൊലീസ് നടപടി കടുപ്പിച്ചത്. ഹേമന്ത് സമൂഹമാധ്യമങ്ങളിൽ മാപ്പ് അപേക്ഷിച്ചെങ്കിലും അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

