അമ്മയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയെന്ന്; കുഴിമാടം തുറന്ന് അഴുകിയ മൃതദേഹവുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട മക്കൾ പിടിയിൽ
text_fieldsബംഗളൂരു: മാതാവിനെ ബന്ധുക്കൾ മർദിച്ചു കൊന്ന് കെട്ടിത്തൂക്കിയ സംഭവം ആത്മഹത്യയാക്കിയതിനെതിരെ നീതി തേടുന്ന യുവാക്കൾ , പുറത്തെടുത്ത മൃതദേഹവുമായി ജില്ല ആശുപത്രിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അറസ്റ്റിലായി. ദാവൻഗരെ ജില്ലയിൽ ഹരിഹർ താലൂക്കിലെ അഡാപുര ഗ്രാമവാസികളായ മഞ്ജുനാഥും(30), വെങ്കിടേഷുമാണ്(28) അറസ്റ്റിലായത്. ഇവരുടെ മാതാവ് ഇറമ്മയെ (58)ഏപ്രിൽ 29ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്ന ഡോക്ടർമാരുടെ റിപ്പോർട്ട് വിശ്വസിച്ച് മക്കൾ മൃതദേഹം അടക്കം ചെയ്തു.
എന്നാൽ ഗ്രാമത്തിലെ ഓവുചാൽ നിർമാണവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ പത്തോളം പേരുമായി ഇറമ്മ വഴക്കിട്ടിരുന്നതായും അവർ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയതാണെന്നും പിന്നീട് അറിവായി.
മാതാവിന്റെ ശരീരത്തിൽ മുറിവടയാളങ്ങൾ ഉണ്ടായിരുന്നുവെന്നും അതിനാൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് ഇവർ മലേബെന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തില്ല.
രാത്രി വൈകി സഹോദരങ്ങൾ കുഴിമാടം തുറന്ന് അഴുകിയ മൃതദേഹം തുണിയിൽ പൊതിഞ്ഞ് ബൈക്കിന് നടുവിൽ വെച്ച് രാത്രി ദാവൻഗരെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രാമധ്യേ ഷാമണൂർ റോഡിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ തുണിയിൽ പൊതിഞ്ഞ മൃതദേഹം കാണുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ മലേബെന്നൂർ പൊലീസ് നിയമവിരുദ്ധമായി മൃതദേഹം പുറത്തെടുത്തതിന് സഹോദരങ്ങൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
കോടതിയുടെയോ തഹസിൽദാരുടെയോ അനുമതിയില്ലാതെ കുഴിച്ചിട്ട മൃതദേഹം തോണ്ടിയെടുക്കാൻ പാടില്ലെന്നാണ് നിയമം. മൃതദേഹം ഇറമ്മയുടേത് തന്നെയാണെന്ന് ഉറപ്പുവരുത്താൻ ഡി.എൻ.എ പരിശോധന നടത്താനുള്ള നടപടികളിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

