ആട്ടിടയനിൽനിന്ന് ഐ.എ.എസിലേക്കുള്ള ദൂരം
text_fieldsയു.പി.എസ്.സി പരീക്ഷയില്‍ 551ാം റാങ്ക് നേടിയ ബീരപ്പയെ മാതാവ് ബലവാ ധോണി പരമ്പരാഗര രീതിയിൽ സ്വീകരിക്കുന്നു
ബംഗളൂരു: നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തിയ ആട്ടിന്‍ കൂട്ടങ്ങളുടെ ഇടയില്‍നിന്നു തന്നെയാണ് ആ വിജയ വാര്‍ത്ത ബീരപ്പയെ തേടിയെത്തിയത്. വര്‍ഷങ്ങളുടെ പരിശ്രമത്തിനൊടുവില്‍ തന്റെ സ്വപ്നത്തിലേക്ക് നടന്നുകയറുകയാണ് മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ ഈഗല്‍ ഗ്രാമത്തിലെ ബീരപ്പ സിദ്ധപ്പ ധോണി എന്ന ബീരപ്പ. തലമുറകളായി ആടിനെ മേയ്ച്ച് ഉപജീവനം നടത്തുന്ന കുടുംബത്തില്‍ നിന്നുള്ള ബീരപ്പ ഇടയവൃത്തിക്കിടെയും പുസ്തകങ്ങളെ നെഞ്ചോടു ചേർത്താണ് ഉന്നത വിജയം നേടിയത്.
ഒരു കൈയില്‍ ആട്ടിന്‍ കൂട്ടത്തെ നിയന്ത്രിക്കാനുള്ള വടിയും മറുകൈയില്‍ പുസ്തകവുമായി കുന്നിന് ചരിവുകളിലേക്ക് ബീരപ്പ നടന്നു കയറി. ആ പരിശ്രമങ്ങളൊന്നും വെറുതെയായില്ല. യു.പി.എസ്.സി പരീക്ഷയില്‍ 551ാം റാങ്ക് നേടി നാട്ടുകാരെ ഞെട്ടിച്ചു. ഫലമറിഞ്ഞ ബീരപ്പ ആട്ടിന്‍ പറ്റങ്ങളുടെ ഇടയില്‍ നിന്നു നൃത്തം വെച്ച് ആഹ്ലാദം പങ്കുവെച്ചു. പോസ്റ്റോഫിസില്‍ ജോലി നേടിയ ബീരപ്പ സിവില്‍ സര്‍വിസ് മോഹം മൊട്ടിട്ടതോടെ അതിനായുള്ള പരിശ്രമത്തിലായിരുന്നു. ആദ്യ തവണ 30 മാര്‍ക്കിനും രണ്ടാം തവണ മൂന്നു മാര്‍ക്കിനും പിറകിലായ ബീരപ്പ മൂന്നാം തവണ കടമ്പ കടന്നു. ഐ.പി.എസ് ഓഫിസറായി രാജ്യത്തെ സേവിക്കണമന്നാണ് ബീരപ്പയുടെ ആഗ്രഹം.
പരീക്ഷാഫലമറിഞ്ഞ ബീരപ്പയെ പരമ്പരാഗത രീതിയില്‍ ആരതിയും പൂമാലയും വിജയത്തിന്റെ പ്രതീകമായ ആട്ടിന്‍ കുട്ടിയെയും നല്കി കുടുംബം സ്വീകരിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബീരപ്പയെ വിളിച്ച് അഭിനന്ദനമറിയിച്ചു. ബീരപ്പയുടെ മാതാപിതാക്കള്‍ സിദ്ധപ്പ, ബലവാ ധോണി. സഹോദരന് ഇന്ത്യന്‍ ആര്‍മിയിലാണ്. നിശ്ചയദാർഢ്യവും കഠിനാധ്വാനവും വിജയത്തിന്റെ പടവുകള്‍ നമുക്ക് മുന്നില്‍ തുറന്നു നല്കുമെന്നന്നതിന്റെ മികച്ച ഉദാഹരണമാണ് ബീരപ്പയുടെ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

