കർഷകർക്ക് കാർഷിക വിജ്ഞാനം പകരാൻ ‘റൈത്തര ശാലെ’
text_fieldsബംഗളൂരു: കാർഷിക മേഖലയിൽ കർഷകർക്ക് ശാസ്ത്രീയവും പ്രായോഗികവുമായ വിജ്ഞാനം നൽകുകയെന്ന ലക്ഷ്യത്തിൽ സ്കൂൾ സ്ഥാപിച്ച് മാണ്ഡ്യയിലെ ഒരുകൂട്ടം യുവാക്കൾ. കെംപഗൗഡ വൊക്കലിഗ വെൽഫെയർ അസോസിയേഷനുമായി ചേർന്ന് അധ്യാപകനും കർഷകനുമായ സത്യമൂർത്തിയാണ് ‘റൈത്തര ശാലെ’ എന്ന കർഷക സ്കൂൾ സംരംഭത്തിന് തുടക്കമിട്ടത്.
രാജ്യത്തിൽതന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്ന് സംഘാടകർ പറയുന്നു. ആറുമാസം മുമ്പ് തറക്കല്ലിട്ട സ്കൂളിന്റെ നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങി. മാണ്ഡ്യ ജില്ലയിലെ അലകെരെയിലാണ് സ്കൂൾ ഒരുക്കിയിരിക്കുന്നത്. ആറുപേർ ചേർന്ന് മൂന്ന് ലക്ഷം രൂപ ബജറ്റിൽ തുടങ്ങിയ നിർമാണം അവസാനിക്കുമ്പോൾ 80ഓളം വളന്റിയർമാരായി വളരുകയും ആറു ലക്ഷം രൂപയോളം സമാഹരിക്കുകയും ചെയ്തു. ശാസ്ത്രീയ കൃഷി രീതികൾ പരിചയപ്പെടുത്തുക, വിപണി പ്രവണതകളെക്കുറിച്ച് ബോധവത്കരണം, വിള ആസൂത്രണം, ജൈവകൃഷി, കാർഷിക സംരംഭകത്വം, ആരോഗ്യ അവബോധം എന്നിവ പകർന്നു നൽകുക എന്നതാണ് കാർഷിക സ്കൂളിന്റെ ലക്ഷ്യം. റിസോഴ്സ് സെന്റർ, കാർഷിക ലൈബ്രറി, പ്രദർശന യൂനിറ്റുകൾ എന്നിവയും ഇവിടെയുണ്ട്.
പ്രൊജക്ടറുകളും ലാപ്ടോപുകളും അടക്കം ഇൻഫർമേഷൻ ടെക്നോളജിയുടെ സാധ്യതകളെല്ലാം ഉപയോഗിക്കാനുള്ള സൗകര്യങ്ങളടക്കം സ്ഥാപിച്ചിട്ടുള്ളതുകൊണ്ട് ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും വിദഗ്ധർക്കും ഓൺലൈനായും ക്ലാസെടുക്കാനാവുമെന്നതാണ് സവിശേഷത. കൃഷി, ഹോർട്ടികൾചർ, സെറികൾചർ തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളിൽനിന്നുള്ള പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ, അനുയോജ്യമായ വിള സീസണുകൾ, മണ്ണിന്റെ പരിപാലനം, കീട നിയന്ത്രണം, ഫലപ്രദമായ കീടനാശിനി ഉപയോഗം എന്നിവയെക്കുറിച്ചും കർഷകർക്ക് ഇവിടെനിന്ന് വിശദമായി പഠിക്കാനാവും.
കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടതും കർണാടകയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്നതുമായ ചുമർ ചിത്രങ്ങളടക്കം നടത്തി അലങ്കരിച്ച സ്കൂളിൽ എല്ലാ കർഷകർക്കും പ്രവേശനം സൗജന്യമാണ്. ജൂൺ 16ന് കർഷകർക്കായി സ്കൂൾ തുറന്ന് നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അധ്യാപകരും കർഷക കുടുംബാംഗങ്ങളുമടങ്ങുന്ന ഏഴംഗ ടീമാണ് റൈത്തര ശാലെയെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

