മംഗളൂരുവിലെ വീടുകളിൽ കവർച്ച; മലയാളി യുവാവ് അറസ്റ്റിൽ
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ നിരവധി വീടുകളിൽനിന്ന് 21 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച പ്രതിയെ പൊലീസ് പ്രത്യേക സംഘം അറസ്റ്റുചെയ്തു. കാസർകോട് മഞ്ചേശ്വരം ഹൊസങ്കടി മൂടമ്പൈലു നാവിലുഗിരിയിൽ താമസിക്കുന്ന ഉപ്പള ഗുഡ്ഡെമനെ സ്വദേശി കെ. സൂരജാണ് (36) അറസ്റ്റിലായത്.
കഴിഞ്ഞ മാസം 20ന് പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭക്തകോടിയിലെ വീട്ടിൽ കുടുംബാംഗങ്ങൾ ഇല്ലാത്ത സമയത്ത് അലമാരയിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. ദക്ഷിണ കന്നടയിലെ പല സ്ഥലങ്ങളിലും സമാനമായ പകൽ കവർച്ച നടന്നു. മോഷണത്തിന് ഉപയോഗിച്ച കാർ സഹിതമാണ് പ്രതി പൊലീസ് പിടിയിലായത്. ചോദ്യം ചെയ്തപ്പോൾ ആലങ്കാരു വില്ലേജിലെ ഭക്തകോടി, കല്ലേരി, ഇര, കുണ്ടു കുഡേലു, മാങ്കുഡെ, കോൾനാട് വില്ലേജിലെ കടുമത, ഇട്കിടു വില്ലേജിലെ അളകേമജലു എന്നിവിടങ്ങളിൽ സൂരജ് പകൽ കവർച്ച നടത്തിയതായി പൊലീസ് കണ്ടെത്തി.
ഏകദേശം 21 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച വസ്തുക്കളിൽ 18 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാം സ്വർണാഭരണങ്ങളും മൂന്ന് ലക്ഷം രൂപ വിലവരുന്ന മാരുതി ആൾട്ടോ കാറും ഉൾപ്പെടുന്നു. പൊലീസ് സംഘത്തിന് ജില്ല പൊലീസ് സൂപ്രണ്ട് ഋതീഷ് പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

