ഒരുമിച്ച് മദ്യപിക്കുന്നതിനിടെ യുവാവ് പിതാവിനെ കുത്തിക്കൊന്നു; മദ്യപിക്കുമ്പോഴുണ്ടായ ചെറിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
text_fieldsഅറസ്റ്റിലായ രഞ്ജൻ
മംഗളൂരു: ചിക്കമംഗളൂരു ജില്ലയിൽ ആൽദൂരിനടുത്ത ഗുപ്ത ഷെട്ടിഹള്ളിയിൽ യുവാവ് മദ്യലഹരിയിൽ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. ജി.എസ്. മഞ്ജുനാഥാണ് (51) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ രഞ്ജൻ (21) അറസ്റ്റിലായി.
മഞ്ചുനാഥും മകനും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. പലപ്പോഴും ഒരുമിച്ച് മദ്യപിക്കും. സാമ്പത്തികസ്ഥിതി കുറവായിരുന്നിട്ടും മഞ്ജുനാഥ് മോട്ടോർ സൈക്കിൾ വാങ്ങിക്കൊടുക്കുന്നത് ഉൾപ്പെടെ മകന്റെ ആഗ്രഹങ്ങൾ നിറവേറ്റി. കഴിഞ്ഞ രാത്രി ഇരുവരും ഒരുമിച്ച് മദ്യപിക്കുമ്പോൾ ചെറിയ തർക്കം രൂക്ഷമായ വഴക്കായി മാറി. കോപാകുലനായ രഞ്ജൻ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് പിതാവിനെ ആക്രമിച്ചു. ചെറിയ പരിക്കാണെന്ന് കരുതി മഞ്ജുനാഥിന്റെ ഭാര്യ ആദ്യം മുറിവിൽ മഞ്ഞൾപ്പൊടി പുരട്ടിയെങ്കിലും ആഴത്തിലുള്ള മുറിവ് മൂലം കനത്ത രക്തസ്രാവമുണ്ടായി. വീട്ടിൽ ഉറക്കത്തിൽ മഞ്ജുനാഥ് മരിച്ചു.
സംഭവത്തിന് ശേഷം പരസ്പര വിരുദ്ധമായ മൊഴികൾ നൽകി ബന്ധുക്കളെയും ഗ്രാമവാസികളെയും തെറ്റിദ്ധരിപ്പിക്കാൻ രഞ്ജൻ ശ്രമിച്ചു. മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് തടയാൻ ശ്രമിക്കുന്നതിനിടെ തന്റെ പിതാവിന് അബദ്ധത്തിൽ പരിക്കേറ്റതായി പറയുകയുണ്ടായി. മറ്റു ചിലരോട് മഞ്ജുനാഥ് അസുഖം മൂലമാണ് മരിച്ചതെന്നും പറഞ്ഞു.
ഈ മൊഴികൾ വിശ്വസിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പോലും ആരംഭിച്ചിരുന്നു. എന്നാൽ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആൽദൂർ സർക്കിൾ ഇൻസ്പെക്ടർ സോമഗൗഡയും സംഘവും സ്ഥലത്തെത്തി രഞ്ജനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കൊലപാതകം സമ്മതിച്ചതായി ആൽദൂർ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

