എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുപോയ 1.03 കോടി രൂപയുമായി യുവാവ് മുങ്ങി
text_fieldsrepresentational image
ബംഗളൂരു: എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 1.03 കോടി രൂപയുമായി യുവാവ് മുങ്ങി. ചിന്നമ്മ ലേഔട്ടില്‍ താമസിക്കുന്ന ഉത്തര കന്നട സ്വദേശി രാജേഷ് മേസ്തയാണ് പണവുമായി കടന്നത്. ബാങ്കുകളില്‍നിന്ന് പണം സ്വീകരിച്ച് എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ കരാറെടുത്ത സെക്യുര്‍ വാല്യു ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ ഏജന്‍സി ജീവനക്കാരനാണ് ഇയാൾ.
ഡിസംബര്‍ 28ന് ബി.ടി.എം. ലേഔട്ട്, കോറമംഗല, ബെന്നാര്‍ഘട്ട റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കാന്‍ ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. ഇതില്‍നിന്ന് 1.03 കോടി രൂപ ഇയാള്‍ മോഷ്ടിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ രാജേഷ് ഓഫിസില്‍ വരാതാവുകയും ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു.
ഇതോടെ സംശയംതോന്നി എ.ടി.എമ്മുകളില്‍ നിക്ഷേപിച്ച പണത്തിന്റെ കണക്ക് നോക്കിയപ്പോള്‍ 1.03 കോടി രൂപ നിക്ഷേപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ രാജേഷിനെതിരേ സ്വകാര്യ ഏജന്‍സി ഡെപ്യൂട്ടി ഡയറക്ടര്‍ മടിവാള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.