വഴക്കിനിടെ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് യുവാവ്
text_fieldsബംഗളൂരു: വീട്ടിൽ വഴക്കിനിടെ യുവാവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു. ദാവൻഗരെ ജില്ലയിലെ മന്ദാരഘട്ട വില്ലേജിൽ ജൂലൈ എട്ടിനാണ് സംഭവം. വിജയ് എന്നയാളാണ് പ്രതി. ഭാര്യ വിദ്യയെ (30) പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കിടുന്നതിനിടെ വിദ്യ നിലത്തുവീഴുകയും ഈ സമയം ഭാര്യയുടെ മൂക്ക് കടിച്ചുപറിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വിദ്യയുടെ കരച്ചിൽകേട്ട് അയൽക്കാർ ഓടിയെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചന്നഗിരി ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സക്കായി ശിവമൊഗ്ഗയിലെ മക്ഗൻ ആശുപത്രിയിലേക്ക് മാറ്റി. ചന്നഗിരി പൊലീസ് സ്റ്റേഷനിൽ വിദ്യ നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ഒളിവിൽ കഴിയുന്ന പ്രതിക്കായി അന്വേഷണമാരംഭിച്ചു.

