വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; പ്രതിഷേധം
text_fieldsമംഗളൂരു: വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തുവന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി. പെരിയപട്ടണ താലൂക്ക് സ്വദേശിയായ കെ. ശാന്തിയാണ് (27) മരിച്ചത്. കേന്ദ്രസർക്കാറിന്റെ വന്ധ്യംകരണ പദ്ധതിപ്രകാരം കുശാൽനഗർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലായിരുന്നു സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് നടന്നത്.
വന്ധ്യംകരണത്തിനായി 12 സ്ത്രീകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ശാന്തിക്ക് ശസ്ത്രക്രിയക്ക് മുമ്പായുള്ള അനസ്തേഷ്യ നൽകിയതിനെത്തുടർന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് കുടക് മടിക്കേരിയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പേ ശാന്തി മരിച്ചതായി ജില്ല ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. മ
രണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി മടിക്കേരിയിലെ ജില്ല ആശുപത്രിയിലെത്തി ഡോക്ടർമാരുമായി വാക്കേറ്റത്തിലേർപ്പെട്ടു. മടിക്കേരി പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഭവത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്തതായി കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു. യുവതിയുടെ രക്തസാമ്പിളുകൾ ശേഖരിച്ചുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകിയതിനെത്തുടർന്ന് ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ചു.
എന്നാൽ, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് വിദഗ്ധ സംഘമായിരുന്നെന്ന് ജില്ല ആരോഗ്യ ഓഫിസർ ഡോ. സതീഷ് പറഞ്ഞു. കുടക്, ദക്ഷിണ കന്നട, മറ്റു ജില്ലകൾ എന്നിവിടങ്ങളിൽ ഒട്ടേറെ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ മെഡിക്കൽ സംഘമാണിത്. സംഘത്തിന്റെ 20 വർഷത്തെ ശസ്ത്രക്രിയകളിൽ ആദ്യത്തെ മരണമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

