യെലഹങ്കയിൽ നടന്നത് സർക്കാർ സ്പോൺസേഡ് ഗുണ്ടായിസം -സലീം മടവൂർ
text_fieldsവീടുകൾ തകർക്കപ്പെട്ട ഫക്കീർ കോളനിയിൽ ആർ.ജെ.ഡി ദേശീയ കൗൺസിൽ അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സലീം മടവൂർ സന്ദർശനം നടത്തുന്നു. പ്രമുഖ സോഷ്യലിസ്റ്റ് ആലിബാബ സമീപം
ബംഗളൂരു: യെലഹങ്കയിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും നടന്നത് ജനാധിപത്യം ഇല്ലാത്ത തരത്തിലുള്ള സർക്കാർ സ്പോൺസേഡ് ക്രിമിനൽ ഗുണ്ടായിസമാണെന്ന് ആർ.ജെ.ഡി ദേശീയ സമിതി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സലീം മടവൂർ പറഞ്ഞു. ബുധനാഴ്ച സംഭവസ്ഥലം സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി ജീവിച്ചുവരുന്ന ആളുകൾക്ക് ആവശ്യമായ നോട്ടീസുകൾ നൽകുകയോ നടപടിക്രമങ്ങൾ പാലിക്കുകയോ ചെയ്യാതെയാണ് തെരുവിലേക്ക് ഇറക്കിവിടാൻ ശ്രമിച്ചത്. കൊച്ചു കുട്ടികൾക്കുള്ള അവകാശംപോലും പരസ്യമായി നിഷേധിച്ചു.
സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾപോലും ഒരുക്കാതെ മൂത്രമൊഴിക്കാൻപോലും സാധിക്കാത്ത അവസ്ഥയാണ്. പൊളിക്കുന്നതിനു മുമ്പ് കൃത്യമായി സർവേ നടത്താതെ ഏകപക്ഷീയമായി വീടുകൾ പൊളിച്ചതുകൊണ്ട് കർണാടക ഹൈകോടതിയിൽ ദിനംപ്രതി പുതിയ പൊതു താൽപര്യ ഹരജികൾ പ്രത്യക്ഷപ്പെടുകയാണ്. മികച്ച ഫ്ലാറ്റുകൾ തയാറാക്കി മാടിവിളിച്ചിട്ടും വരാഞ്ഞിട്ടാണ് വീടുകൾ പൊളിച്ചതെന്ന് അധികാരികളുടെയും അവരെ പിന്തുണക്കുന്നവരുടെയും ഭാഷ്യം പൊള്ളത്തരവും കള്ളത്തരവും ആണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.
വീടുകൾ പൊളിച്ച് 18 ദിവസം കഴിഞ്ഞിട്ടും താൽക്കാലിക ഷെഡുകളിലേക്ക് പോലും ഇവരെ മാറ്റാൻ ഇതുവരെ സാധിച്ചിട്ടില്ല. കുടിവെള്ളവും ഭക്ഷണവും നിഷേധിക്കപ്പെട്ടിരിക്കുന്നു. മലമൂത്ര വിസർജനത്തിന് സൗകര്യമില്ല. അമ്മമാർക്ക് മുലയൂട്ടാൻ പോലും സാധിക്കുന്നില്ല. യെലഹങ്കയിൽ നടന്നത് രണ്ടാമത്തെ തുർക്കുമാൻ ഗേറ്റ് മോഡൽ ബുൾഡോസർ രാജാണ്.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന തുർക്കുമാൻ ഗേറ്റ് ബുൾഡോസർ രാജ് രാജ്യ ചരിത്രത്തിലെ കൊടിയ മനുഷ്യാവകാശ ധ്വംസനവും ന്യൂനപക്ഷ ഹത്യയുമായിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമീഷൻ താൽക്കാലിക വീടുകൾ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും കർണാടക സർക്കാർ മുഖം തിരിച്ചിരിക്കുന്നത് നാണക്കേടാണ്. ഇതിനെതിരെ ഹൈകോടതിക്ക് പരാതി നൽകുമെന്ന് സലീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

