ജനകീയ പ്രശ്നങ്ങളിൽ നീറി യെലഹങ്ക മണ്ഡലം
text_fieldsചിക്കബെല്ലാപുർ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ടതാണ് ബംഗളൂരു അർബൻ ജില്ലയിലെ യെലഹങ്ക നിയോജക മണ്ഡലം. ആകെ വോട്ടർമാർ 3,73,987. പുരുഷൻമാർ: 1,92,813, സ്ത്രീകൾ: 1,81,125, മറ്റുള്ളവർ: 49. 2008 മുതൽ ബി.ജെ.പിയുടെ എസ്.ആർ. വിശ്വനാഥാണ് എം.എൽ.എ. കഴിഞ്ഞ തവണ ആകെ പോൾ ചെയ്തതിന്റെ 49 ശതമാനം വോട്ടുനേടിയാണ് ഇദ്ദേഹം വിജയിച്ചത്. ജെ.ഡി.എസിന്റെ ഹനുമന്തഗൗഡ 31.66 ശതമാനം വോട്ടുനേടി രണ്ടാമതും കോൺഗ്രസിന്റെ ഗോപാലകൃഷ്ണ 16.91 ശതമാനം വോട്ടുനേടി മൂന്നാം സ്ഥാനത്തും എത്തി.
സിറ്റിങ് എം.എൽ.എയായ എസ്.ആർ. വിശ്വനാഥിനെ തന്നെയാണ് ബി.ജെ.പി ഇത്തവണയും രംഗത്തിറക്കിയത്. എം. മുനിഗൗഡയാണ് ജെ.ഡി.എസിനായി ജനവിധി തേടുന്നത്. ബി. കേശവ രാജണ്ണയാണ് കോൺഗ്രസ് സ്ഥാനാർഥി.നഗരങ്ങൾ, ടൗൺ മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവ അടങ്ങിയ 31 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മണ്ഡലമാണ് യെലഹങ്ക. നിരവധി ജനകീയപ്രശ്നങ്ങൾ മണ്ഡലത്തിലുണ്ട്. ഡോ. ശിവറാം കാരന്ത് ലേഔട്ട് നിർമിക്കാനായി 17 വില്ലേജുകളിലെ മിക്ക സ്ഥലങ്ങളും ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബി.ഡി.എ) ഏറ്റെടുത്തിരിക്കുകയാണ്. നിരവധി മരങ്ങളാണ് ഇവിടെ നിന്നും വെട്ടിമാറ്റുന്നത്.
ഭൂമി നഷ്ടപ്പെട്ടവരടക്കമുള്ള കർഷകരിൽനിന്നും പ്രകൃതിസ്നേഹികളിൽനിന്നും വൻ എതിർപ്പാണ് ഉയർന്നിരിക്കുന്നത്. ആരും എതിർപ്പ് തുറന്നുപറയുന്നില്ലെങ്കിലും കർഷകരുടെ ഉള്ളിൽ പ്രതിഷേധം ശക്തമാണ്. ബി.ഡി.എയുടെ ചെയർമാൻകൂടിയാണ് ബി.ജെ.പി സ്ഥാനാർഥിയായ വിശ്വനാഥ്. ജരക്ബന്ദെ കാവൽ വനം ഭാഗത്ത് നടപ്പാക്കാൻ നിശ്ചയിച്ച ട്രീ പാർക്ക് പദ്ധതിക്കെതിരെയും എതിർപ്പുണ്ട്.
എന്നിട്ടും എം.എൽ.എ ഇടപെടുന്നില്ലെന്ന് എതിർ സ്ഥാനാർഥികൾ ആരോപിക്കുന്നു. മണ്ഡലത്തിന്റെ നഗരഭാഗങ്ങളിൽ തെരുവുവിളക്കുകൾ ഇല്ലാത്തതും റോഡ് മുറിച്ചുകടക്കാനായി മേൽപാത ഇല്ലാത്തതും മറ്റ് അടിസ്ഥാനസൗകര്യപ്രശ്നങ്ങളും സജീവ ചർച്ചയാണ്. ഗ്രാമമേഖലകളിലാകട്ടെ ശുചീകരണ സംവിധാനങ്ങളുടെയും അഴുക്കുചാലുകളുടെയും കുടിവെള്ള സൗകര്യങ്ങളുടെയും അപര്യാപ്തതയാണ് പ്രശ്നം.
ബി.ജെ.പി സ്ഥാനാർഥി എസ്.ആർ. വിശ്വനാഥ്, ജെ.ഡി.എസ് സ്ഥാനാർഥി മുനിഗൗഡ, കോൺഗ്രസ് സ്ഥാനാർഥി കേശവ രാജണ്ണ ബി.
ശുദ്ധജലത്തിന്റെ അഭാവം മണ്ഡലത്തിൽ എല്ലായിടത്തുമുണ്ട്. മിക്കയിടത്തും കുഴൽകിണറുകളാണ് ആശ്രയം. എന്നാൽ പല അപ്പാർട്ട്മെന്റുകളിലും താമസകേന്ദ്രങ്ങളിലും ടാങ്കറുകളിൽ വെള്ളമെത്തിക്കേണ്ട അവസ്ഥയാണ്. ഇതിനായി ഭീമമായ തുകയാണ് താമസക്കാർക്ക് ചെലവഴിക്കേണ്ടി വരുന്നത്. യെലഹങ്ക പൊലീസ് സ്റ്റേഷൻ മുതൽ ബി.ഡബ്ല്യു.എസ്.എസ്.ബി ജങ്ഷൻ വരെയുള്ള മേൽപാതയുടെ നിർമാണം ഏറെ കാലമായി ഇഴഞ്ഞുനീങ്ങുകയാണ്.
ഇതുമൂലം ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്. വിമാനത്താവളത്തിലേക്കുള്ള മെട്രോ ലൈൻ യെലഹങ്കയിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രവൃത്തിയും ഇഴഞ്ഞുനീങ്ങുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ വൻഭൂരിപക്ഷത്തിന് ജയിച്ചിട്ടും ബി.ജെ.പി കാര്യമായ വികസനപ്രവൃത്തികൾ നടത്തുകയോ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയോ ചെയ്തിട്ടില്ലെന്നും വോട്ടർമാർ പറയുന്നു.
അതേസമയം, ബി.ഡി.എ ചെയർമാൻ എന്ന നിലയിൽ ശിവറാം കാരന്ത് ലേ ഔട്ടുമായി വിവിധ റോഡുകളെ ബന്ധിപ്പിക്കൽ, ദൊഡ്ഡബെല്ലാപുർ റോഡിലൂടെ രണ്ട് മേൽപാതകൾ അടക്കമുള്ള പദ്ധതികൾ നടപ്പാക്കൽ എന്നിവ എം.എൽ.എ നടപ്പിലാക്കിയിട്ടുണ്ട്. പട്ടികജാതി സംവരണമായ മണ്ഡലം ജനറൽ ആയതിന് ശേഷം 2008 മുതൽ ബി.ജെ.പിയുടെ കുത്തകസീറ്റാണിത്.
ഇത്രകാലവും മികച്ചൊരു എതിർസ്ഥാനാർഥിയില്ലാത്തതിനാലാണ് ഇവിടം സ്ഥിരമായി ബി.ജെ.പി ജയിക്കുന്നതെന്ന് വോട്ടർമാർ പറയുന്നു. നിലവിൽ ഭരണവിരുദ്ധവികാരമുണ്ട്. ജെ.ഡി.എസിന്റെയും കോൺഗ്രസിന്റേയും സ്ഥാനാർഥികളിൽനിന്ന് കടുത്ത മത്സരമാണ് ബി.ജെ.പി നേരിടുന്നത്. അതിനാൽതന്നെ ഈസിവാക്കോവർ ആവില്ല ഇത്തവണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

