നട്ടെല്ല് നിവർത്തുക, അല്ലെങ്കിൽ രാജിവെക്കുക
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് നടത്തിപ്പിലെ ആശങ്കകൾ പരിഹരിച്ച് സുതാര്യമായി തെരഞ്ഞെടുപ്പ് നടത്താത്തതിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതി പൗരാവകാശ പ്രവർത്തകർ. ബംഗളൂരു, ചെന്നൈ, മൈസൂരു, ഹൈദരാബാദ്, പുണെ, മുംബൈ, അഹ്മദാബാദ് തുടങ്ങി വിവിധ നഗരങ്ങളിൽനിന്നുള്ള പ്രവർത്തകരാണ് കത്തെഴുതിയത്.
പോസ്റ്റ് കാർഡിൽ നട്ടെല്ലിന്റെ ചിത്രം വരച്ച് ‘നട്ടെല്ല് നിവർത്തുക, അല്ലെങ്കിൽ രാജിവെക്കുക’ എന്നെഴുതിയായിരുന്നു പ്രതിഷേധം തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചത്. മുൻവർഷങ്ങളിലേതുപോലെ വോട്ട് ചെയ്തവരുടെ എണ്ണം പുറത്തുവിടണം. ഇത്തവണ ശതമാനക്കണക്ക് മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടത്. 2019ൽ വോട്ട് ചെയ്തവരുടെ എണ്ണവും വോട്ടുകളുടെ എണ്ണവും തമ്മിൽ ചിലയിടങ്ങളിൽ വ്യത്യാസമുണ്ടായിരുന്നു. കാഞ്ചീപുരത്ത് 18,000 വോട്ടും ശ്രീ പേരമ്പത്തൂരിൽ 14,512 വോട്ടും അധികം വന്നിട്ടുണ്ട്.
വോട്ട് ചെയ്തവരുടെ എണ്ണം പുറത്തുവിടാത്തത് കൂടുതൽ സംശയം ജനിപ്പിക്കുന്നുവെന്ന് മാത്രമല്ല, സുതാര്യതയെയും ബാധിക്കുന്നുണ്ട്. തുടർച്ചയായി വിദ്വേഷ പ്രസംഗം നടത്തി പെരുമാറ്റച്ചട്ടം ലംഘിച്ചവർക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടില്ല. ബി.ജെ.പി കർണാടക പുറത്തുവിട്ട വിദ്വേഷ വിഡിയോ നീക്കം ചെയ്യാൻ എക്സിനോടാവശ്യപ്പെട്ടതല്ലാതെ ബി.ജെ.പിയോട് ഉടനെ പോസ്റ്റ് നീക്കം ചെയ്യാനോ ഭാവിയിൽ ഇത്തരം നടപടികളുണ്ടാകാതിരിക്കാനോ നടപടിയെടുത്തില്ല. പാർട്ടികൾക്കെതിരെ നടപടിയെടുക്കുന്നതിൽ വിവേചനം കാണിച്ചു. കോൺഗ്രസിന്റെ രൺദീപ് സിങ് സുർജേവാല, ബി.ആർ.എസിന്റെ ചന്ദ്രശേഖര റാവു തുടങ്ങിയവർക്കെതിരെ നടപടിയെടുത്ത കമീഷൻ അതിനെക്കാൾ ഗുരുതരമായ ലംഘനങ്ങൾ ബി.ജെ.പി നേതാക്കൾ നടത്തിയപ്പോൾ കണ്ണടച്ചു തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ പറയുന്നത്.
കടുത്ത നിയമലംഘനങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുത്തില്ല എന്ന് പല സംഭവങ്ങളും ഉദാഹരിച്ച് കത്ത് ഓർമിപ്പിക്കുന്നുണ്ട്. സൂറത്ത്, ഗാന്ധിനഗർ, ഇന്ദോർ തുടങ്ങി പലയിടങ്ങളിലും സ്ഥാനാർഥികൾ പത്രിക പിൻവലിച്ചത് സമ്മർദത്താലോ വാഗ്ദാനങ്ങൾ കൈപ്പറ്റിയിട്ടോ ആണെന്ന് പരിശോധിക്കുക, ആദ്യ മൂന്ന് ഘട്ടങ്ങളിലെ വോട്ട് ചെയ്തവരുടെ എണ്ണം ഉടൻ പുറത്ത് വിടുക, 2019ൽ പോൾ ചെയ്തതും എണ്ണിയതും തമ്മിൽ വോട്ടുകളുടെ എണ്ണത്തിലുണ്ടായ വ്യത്യാസത്തിൽ കൃത്യമായ വിശദീകരണം നൽകുക, പെരുമാറ്റച്ചട്ടം ലംഘിക്കുന്ന എല്ലാവർക്കുമെതിരെ വിവേചനമില്ലാതെ ശക്തമായ നടപടിയെടുക്കുക, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ പാർട്ടികൾക്കെതിരെ അടിയന്തരമായി നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും പൗരാവകാശ പ്രവർത്തകരെഴുതിയ കത്തിൽ മുന്നോട്ട് വെക്കുന്നുണ്ട്.
നരേന്ദ്ര മോദി തുടർച്ചയായി മുസ്ലിംകൾക്കെതിരെ വിദ്വേഷം പ്രചരിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തിയതും മതാടിസ്ഥാനത്തിൽ വോട്ടഭ്യർഥിച്ച ബി.ജെ.പിയുടെ പത്രപരസ്യവും മതസൗഹാർദ അന്തരീക്ഷം തകർക്കാനുള്ള തേജസ്വി സൂര്യയുടെ ശ്രമവുമെല്ലാം കത്തിലൂടെ തെരഞ്ഞെടുപ്പ് കമീഷനെ ഓർമിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിവിധ പൗരാവകാശ സംഘടന പ്രതിനിധികൾ കർണാടക മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കണ്ട് പരാതി നൽകിയിരുന്നു. ബഹുത്വ കർണാടക, ഹേറ്റ് സ്പീച്ച് ബേഡ, ഫ്രൈഡേ ഫോർ ഫ്യൂച്ചർ, സിറ്റിസൺസ് ഫോർ ദ കോൺസ്റ്റിറ്റ്യൂഷൻ, ഭാരത് ബച്ചാവോ ആന്ദോളൻ, ശ്രമിക് മുക്തി ദൾ, പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ്, ബോംബെ കത്തോലിക് സഭ തുടങ്ങിയ സംഘടനകൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.