ജോലിസമയം 12 മണിക്കൂർ; ഐ.ടി മേഖലയിൽ പ്രതിഷേധം
text_fieldsജോലിസമയം 12 മണിക്കൂർ വരെയായി ഉയർത്താനുള്ള തീരുമാനത്തിനെതിരെ ഗ്ലോബൽ ടെക് പാർക്കിന് മുന്നിൽ നടന്ന പ്രതിഷേധ സമരം
ബംഗളൂരു: ജോലിസമയം 12 മണിക്കൂർ വരെയായി ഉയർത്താനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരെ ബംഗളൂരുവിൽ ഐ.ടി ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത്. കർണാടക സ്റ്റേറ്റ് ഐ.ടി, ഐ.ടി.ഇ.എസ് എംപ്ലോയീസ് യൂനിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധമാരംഭിച്ചത്. ഗ്ലോബൽ ടെക് പാർക്കിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ പ്ലക്കാർഡുകളേന്തി നൂറുകണക്കിന് ജീവനക്കാർ അണിനിരന്നു.
വൈറ്റ് ഫീൽഡിലെ ഐ.ടി സ്ഥാപനങ്ങൾക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു. സാധാരണ ജോലിസമയം 10 മണിക്കൂറും ഓവർടൈം ഉൾപ്പെടെ 12 മണിക്കൂറുമാക്കിക്കൊണ്ടുള്ള നിയമഭേദഗതി കൊണ്ടുവരാനുള്ള നടപടികൾക്കാണ് സർക്കാർ തുടക്കമിട്ടത്.
നിലവിൽ സാധാരണ ജോലിസമയം ഒമ്പത് മണിക്കൂറും ഓവർടൈം ഒരു മണിക്കൂറുമാണ്. 1961ലെ കർണാടക ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്ത് ജോലിസമയം ഉയർത്താനാണ് തീരുമാനം. സംസ്ഥാനത്തെ ഐ.ടി, ഐ.ടി.ഇ.എസ് മേഖലയിലെ സ്ഥാപനങ്ങൾ ഈ നിയമത്തിന്റെ കീഴിലാണ്. ജീവനക്കാർ എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്ന് കൂടുതൽ ചർച്ച നടത്തിയശേഷമേ നിയമം നടപ്പാക്കുകയൂള്ളൂ എന്ന് തൊഴിൽമന്ത്രി സന്തോഷ് ലാഡ് അറിയിച്ചിട്ടുണ്ട്.
കർണാടകയിലെ ഐ.ടി, ഐ.ടി.ഇ.എസ് കമ്പനികളിലെ തൊഴിൽസമയം 14 മണിക്കൂറാക്കാൻ കഴിഞ്ഞവർഷം നടത്തിയ നീക്കം ജീവനക്കാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് സർക്കാർ ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

