ഭരണത്തിലും നയരൂപീകരണത്തിലും സ്ത്രീകൾക്ക് ശക്തമായ പങ്ക് നൽകണം -ലോക്‌സഭാസ്പീക്കർ
text_fieldsബംഗളൂരു: നയരൂപീകരണത്തിലും ഭരണത്തിലും സ്ത്രീകൾക്ക് ശക്തമായ പങ്ക് നൽകണമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. ഭരണഘടന സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികൾക്ക് കൃത്രിമബുദ്ധിയിലും ഡിജിറ്റൽ സാങ്കേതികവിദ്യകളിലും പരിശീലനം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിധാന സൗധയിൽ കോമൺവെൽത്ത് വനിത പാർലമെന്‍റെറിയൻമാരുടെ (സി.ഡബ്ല്യു.പി) ഇന്ത്യ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തലം മുതൽ പാർലമെന്‍റ് തലം വരെയുള്ള എല്ലാ മേഖലയിലും വനിതാ പ്രതിനിധികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള സംവിധാനം ആവിഷ്ക്കരിക്കണം. പൊതുജനങ്ങളുടെ പരാതികളോട് പ്രതികരിക്കാനും നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ഭരണത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും വനിതാ പ്രതിനിധികൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും പുതിയ സാങ്കേതികവിദ്യകളിലും പരിശീലനം ആവശ്യമാണ്.
വനിതാ എം.പിമാർക്കും നിയമസഭാംഗങ്ങൾക്കും വേണ്ടി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സാങ്കേതികവിദ്യ എന്നിവയിൽ ഒരു പ്രത്യേക സെഷൻ നടത്താനും അദ്ദേഹം നിർദേശിച്ചു. സ്ത്രീകളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണം നടപ്പാക്കുന്നതിനും പാർലമെന്‍ററി കമ്മിറ്റികൾ സംഭാവന നൽകിയിട്ടുണ്ട്. പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, സംസ്ഥാന അസംബ്ലികൾ, പാർലമെന്‍റ് എന്നിവയുൾപ്പെടെ എല്ലാ ഭരണ ഘടന സ്ഥാപനങ്ങളിലും സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നും ബിർള പറഞ്ഞു. ലോകസഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതിനുള്ള വ്യവസ്ഥ ഉടൻ നടപ്പാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പല സംസ്ഥാനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഇതിനകം തന്നെ നിലവില്‍ വന്നതായും ചില സംസ്ഥാനങ്ങൾ അത് 50 ശതമാനമായി ഉയർത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുസ്ഥാനങ്ങൾ വഹിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതുകൊണ്ട് കാര്യമില്ല. നിയമനിർമാണ ചർച്ചകളിൽ അവർ എത്രത്തോളം ഫലപ്രദമായി പങ്കെടുക്കുന്നു, നയരൂപീകരണം നടത്തുന്നു, നേതൃത്വം പ്രയോഗിക്കുന്നു എന്നിവയിലൂടെയാണ് സ്ത്രീ ശാക്തീകരണം വിലയിരുത്തേണ്ടതെന്ന് സി.ഡബ്ല്യു.പി ഇന്ത്യ മേഖല ചെയർപേഴ്‌സനും എം.പിയുമായ ഡി. പുരന്ദേശ്വരി പറഞ്ഞു. 'ജെന്‍ഡര്‍ സെന്‍സിറ്റീവ് പാര്‍ലിമെന്‍റ്സ് ആന്‍ഡ് കണ്ടംപററി ജെന്‍ഡര്‍ റിലേറ്റഡ് ഇഷ്യൂസ് ' എന്നതാണ് സമ്മേളനത്തിന്‍റെ പ്രമേയം. സ്ത്രീ ശാക്തീകരണമെന്നത് ക്രമേണ സ്ത്രീ വികസനത്തിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് നീങ്ങിയെന്നും രാജ്യത്തിന്‍റെ പുരോഗതിയിൽ സ്ത്രീകളെ തുല്യ സംഭാവന ചെയ്യുന്നവരായി അംഗീകരിച്ചുവെന്നും അവർ പറഞ്ഞു.

