ചിക്കമഗളൂരുവിൽ കാട്ടാന ആക്രമണത്തിൽ കർഷകത്തൊഴിലാളി സ്ത്രീ മരിച്ചു
text_fieldsമംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ ഹുനസഗി ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകത്തൊഴിലാളി സ്ത്രീ മരിച്ചു. വിജയനഗര ജില്ലയിൽ കുഡ്‌ലിഗി താലൂക്കിലെ ഗെദ്ദലഗട്ടെ സ്വദേശിയായ ബോറമ്മയാണ് (45) നാഗേഷ് ഗൗഡയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ മരിച്ചത്. ഭർത്താവ് നാഗരാജിനും മകനുമൊപ്പം കാപ്പിത്തോട്ടത്തിൽ ജോലിക്ക് എത്തിയതായിരുന്നു അവർ. സംഭവത്തെ തുടർന്ന് തിങ്കളാഴ്ച മേഖലയിലെ ചില ഭാഗങ്ങളിൽ പ്രതിഷേധവും ബന്ദും നടന്നു.
ബി.ജെ.പി, ജെ.ഡി.എസ് പ്രവർത്തകർ നടത്തിയ കല്ലേറിൽ 10 പൊലീസുകാർക്ക് പരിക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ട് 29 പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ആവർത്തിച്ചുള്ള ആനശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ശൃംഗേരി, എൻ.ആർ പുര, കൊപ്പ പട്ടണങ്ങളിൽ തിങ്കളാഴ്ച ബന്ദ് ആചരിച്ചു. ശൃംഗേരിയിലെ കടകളും വ്യാപാര സ്ഥാപനങ്ങളും പിന്തുണ പ്രഖ്യാപിച്ച് അടച്ചിരുന്നു. ജില്ലയിൽ ആനകളുടെ ആക്രമണത്തിൽ കൂടുതൽ മരണങ്ങൾ തടയുന്നതിന് ദീർഘകാല നടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ സംസ്ഥാന സർക്കാറിനോടും വനം അധികൃതരോടും ആവശ്യപ്പെട്ടു.
ബലേഹൊന്നൂരിലെ ജെ.സി.ഐ സർക്കിളിൽ പ്രകടനം നടന്നു. ബി.ജെ.പി, ജെ.ഡി.എസ് നേതാക്കൾ കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിഷേധത്തിൽ പങ്കുചേർന്നത്. കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാറിനും തദ്ദേശ എം.എൽ.എ ടി.ഡി രാജെ ഗൗഡക്കുമെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. മേഖലയിൽ ആവർത്തിച്ചുള്ള ആന ആക്രമണങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാർ രോഷം പ്രകടിപ്പിച്ചു. സ്ത്രീയുടെ മൃതദേഹം മാറ്റുന്നത് തടസ്സപ്പെടുത്തിയവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി.
ആനയുടെ ആക്രമണത്തെയും പൊലീസ് നടപടിയെയും അപലപിച്ച് ദലിത് സംഘടനകളും ഭാരതീയ ജനതാ പാർട്ടിയുടെയും ജനതാദളിന്റെയും (സെക്കുലർ) നേതാക്കളും പ്രവർത്തകരും ബലേഹൊന്നൂരിലും പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് മൃതദേഹം വടക്കൻ കർണാടകയിലെ വിജയനഗര ഗ്രാമത്തിലേക്ക് കൊണ്ടുപോയി. കുഡ്‌ലിഗിയിൽ നിന്നുള്ള പ്രാദേശിക എം.എൽ.എ എൻ.ടി. ശ്രീനിവാസ് പ്രദേശം സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായും ഇരയുടെ കുടുംബവുമായും ചർച്ച നടത്തുകയും ചെയ്തു.
ചിക്കമഗളൂരുവിൽ ഒരാഴ്ചക്കുള്ളിൽ ആനയുടെ ആക്രമണത്തിൽ രണ്ടാമത്തെ മരണമാണിത്. ഈ മാസം 16ന് ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്ക് സ്വദേശിയും കർഷകത്തൊഴിലാളിയുമായ യല്ലപ്പ ആനയുടെ ആക്രമണത്തിൽ ഈ ഗ്രാമത്തിൽ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

