ഉമ്മയും കൂടപ്പിറപ്പുകളും ചോരയിൽ പിടഞ്ഞു മരിച്ചതിെൻറ കനൽ പൊള്ളിക്കുമ്പോഴും അവരെത്തി വിശുദ്ധ ഗ്രന്ഥവുമായി...
text_fieldsമംഗളൂരു: ഉമ്മയും കൂടപ്പിറപ്പുകളൂം ചോരയിൽ പിടഞ്ഞു മരിച്ചതിന്റെ കനൽ ഉള്ളുപൊള്ളിക്കുമ്പോഴും ഉള്ളം കൈകളിൽ വിശുദ്ധ ഖുർആൻ ഗ്രന്ഥവുമായി 25 കാരൻ അസദ് പിതാവിനും ബന്ധുക്കൾക്കും ഒപ്പം തന്റെ ചേംബറിലേക്ക് കയറി വന്നപ്പോൾ ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ കുമാർ എഴുന്നേറ്റ് നിന്നു. അസദ് പിതാവ് നൂർ മുഹമ്മദ് നജറിനെ ഏല്പിച്ച ഗ്രന്ഥം അദ്ദേഹം എസ്.പിക്ക് കൈമാറി.
ഈമാസം 12ന് രാവിലെ എട്ടരക്കും ഒമ്പതിനും ഇടയിലെ 15 മിനിറ്റുകളിൽ ഉമ്മ ഹസീനയേയും ഇളയ സഹോദരങ്ങളായ അഫ്നാൻ,ഐനാസ്,അസീം എന്നിവരേയുമാണ് ഈ യുവാവിന് നഷ്ടമായത്.ആ അഭിശപ്ത വേളയിൽ അസദ് ബംഗളൂരുവിലായിരുന്നു. നൂർ മുഹമ്മദ് -ഹസീന ദമ്പതികളുടെ മൂത്ത മകനായ അസദിന്റേയും അനിയത്തി അഫ്നാന്റേയും വിവാഹം അടുത്ത ഫെബ്രുവരിയിൽ നടത്താനുള്ള തീരുമാനത്തിലായിരുന്നു കുടുംബം.മാതാവാണ് വധുവിനേയും വരനേയും കണ്ടെത്തിയത്.
കൂട്ടക്കൊലക്കേസ് പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയും എയർ ഇന്ത്യ ജീവനക്കാരനുമായ പ്രവീൺ അരുൺ ഛൗഗലെയെ വളരെ വേഗം അറസ്റ്റ് ചെയ്തതിനുള്ള നന്ദി നേരിട്ട് അറിയിക്കാനാണ് അവർ എസ്.പി ഓഫീസിൽ എത്തിയത്.
കൊല്ലപ്പെട്ട ഹസീനയുടെ സഹോദരൻ അഷ്റഫ്, അദ്ദേഹത്തിന്റെ മകൾ ഫാത്തിമ അസ്ബ,ബന്ധു യാസിൻ, കോൺഗ്രസ് നേതാവ് എം.എ.ഗഫൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു.ഫാത്തിമ അസ്ബ മലാല യൂസുഫ് സായിയുടെ പുസ്തകമാണ് ജില്ല പൊലീസ് സൂപ്രണ്ടിന് സമ്മാനിച്ചത്. എസ്.പി അസദിന് ശോഭന ഭാവി ആശംസിച്ചു.