മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നത് അപലപനീയം -വിസ്ഡം യൂത്ത്
text_fieldsകേരള യൂത്ത് കോൺഫറൻസിന്‍റെ പ്രമേയ സമ്മേളനം മൈസൂരുവിൽ വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: സുതാര്യവും സത്യസന്ധവുമായ മാധ്യമപ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതും മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്നതും അപലപനീയമാണെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി മൈസൂരുവിൽ സംഘടിപ്പിച്ച പ്രമേയ സമ്മേളനം അഭിപ്രായപ്പെട്ടു. വനിതാ മാധ്യമ പ്രവർത്തകരോട് അപമര്യാദയായി പെരുമാറുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. മാധ്യമ പ്രവർത്തകരായ വനിതകൾക്ക് നേരെയാണ് ഇത്തരം അതിക്രമങ്ങൾ നടന്നതെന്നത് അതീവ ഗൗരവമുള്ളതും അതിനെതിരെയുളള സാംസ്കാരിക മൗനം ആശ്ചര്യപ്പെടുത്തുന്നതുമാണ്.
എൻ.എസ്.എസ് ക്യാമ്പുകളിലെ സമദർശൻ ക്ലാസിന് വേണ്ടിയുളള പാഠഭാഗങ്ങൾ മാനവ വിരുദ്ധവും ശാസ്ത്ര നിഷേധവുമാണ്. പൊതു സ്ഥാപനങ്ങളുപയോഗിച്ച് സാംസ്കാരിക ജീർണതകളെ അടിച്ചേൽപിക്കുന്നത് കടുത്ത അനീതിയും ജനാധിപത്യ വിരുദ്ധവുമാണെന്നും വിസ്ഡം യൂത്ത് പ്രമേയ സമ്മേളനം അഭിപ്രായപ്പെട്ടു.
‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ ഫെബ്രുവരി 10, 11 തീയതികളിലാണ് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി മലപ്പുറത്ത് വെച്ച് കേരള യൂത്ത് കോൺഫറൻസ് നടത്തുന്നത്.
പ്രമേയ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. പി.പി നസീഫ് അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ റഷീദ് കൊടക്കാട്, അബ്ദുഹ്മാൻ മദനി, സിദ്ദീഖ് തങ്ങൾ, വിസ്‌ഡം സ്റ്റുഡന്‍റ്സ് നാഷണൽ കമ്മിറ്റി അംഗം മുഹമ്മദ് ബിൻ ശാക്കിർ, മുഹമ്മദ് അസ്‌ലം നജാത്തി, ഫാസിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

