വിൻസോ ഓണ്‍ലൈന്‍ ഗെയിമിങ്: ഇ.ഡി 192 കോടി രൂപ മരവിപ്പിച്ചു
text_fieldsബംഗളൂരു: ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമായ വിൻസോയുടെ അക്കൗണ്ടിങ് സ്ഥാപനത്തിൽ നടത്തിയ റെയ്ഡിനെത്തുടർന്ന് 192 കോടി രൂപ മരവിപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പി.എം.എല്‍.എ) വ്യവസ്ഥകൾ പ്രകാരം ബംഗളൂരു സോണൽ ഓഫിസ് ഡിസംബർ 30 നാണ് പരിശോധനകൾ നടത്തിയത്.
വിൻസോ പ്രൈവറ്റ് ലിമിറ്റഡ് അവരുടെ മൊബൈല്‍ ആപ് വഴി ഓൺലൈൻ റിയൽ മണി ഗെയിമിങ് നടത്തിയിരുന്നു. അവരുടെ ഇന്ത്യന്‍ കമ്പനിയായ ഇസഡ് ഒ ഗെയിംസ് പ്രൈവറ്റ് ലിമിറ്റഡ് കൈവശം വെച്ചിരുന്ന 192 കോടി രൂപ വിലമതിക്കുന്ന ബാങ്ക് ബാലൻസുകൾ, സ്ഥിര നിക്ഷേപങ്ങള്‍, മ്യൂച്വൽ ഫണ്ടുകൾ എന്നിവയാണ് മരവിപ്പിച്ചത്. കഴിഞ്ഞ മാസം 18ന് വിൻസോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫിസിലും ഡയറക്ടറുടെ വസതിയിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.
കമ്പനി എ.ഐ. ചാറ്റ് ബോട്ടുകള്‍ ഉപയോഗിച്ചായിരുന്നു കളി നിയന്ത്രിച്ചിരുന്നത്. യഥാർഥ മനുഷ്യരാണെന്ന് വിചാരിച്ച് ആളുകള്‍ പണം നല്കി കളിച്ചിരുന്നത് എ.ഐ ചാറ്റ് ബോട്ടുകളുമായാണ്. ഇത് കളിക്കാരുടെ പണം തട്ടിയെടുക്കാനുള്ള ചതിയായിരുന്നു. ഇത്തരത്തില്‍ 2024 മേയ് മുതല്‍ 2025 ആഗസ്റ്റ് വരെ 177 കോടി രൂപയും ഏപ്രില്‍ 2022 മുതല്‍ ഡിസംബര്‍ 2023 വരെ 557 കോടി രൂപയും കമ്പനി നേടിയിരുന്നതായി ഇ.ഡി വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

