മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കും വരെ പോരാട്ടം -സിദ്ധരാമയ്യ
text_fieldsപാലസ് ഗ്രൗണ്ടിൽ നടന്ന സേവ് എം.ജി.എൻ.ആർ.ഇ.ജി.എ കാമ്പയിന്റെ തയാറെടുപ്പ്
യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ സംസാരിക്കുന്നു
ബംഗളൂരു: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പൂർണമായി പുനഃസ്ഥാപിക്കുകയും വിബി-ജി റാം ജി പിൻവലിക്കുകയും ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പാലസ് ഗ്രൗണ്ടിൽ നടന്ന സേവ് എം.ജി.എൻ.ആർ.ഇ.ജി.എ കാമ്പയിന്റെ തയാറെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്യായമായ നിയമങ്ങളെ ചെറുക്കാന്‍ വടക്കേ ഇന്ത്യയിലെ കർഷകർ ഒത്തൊരുമിച്ചു പോരാടിയ പോലെ ഗ്രാമീണരും നഗരവാസികളും ഒരുപോലെ നടത്തുന്ന ബഹുജന പോരാട്ടമായി ഇത് മാറണം.
കേന്ദ്ര സർക്കാർ എം.ജി.എൻ.ആർ.ഇ.ജി.എ റദ്ദാക്കുകയും വിബി-ജി റാം ജി ആക്ട് എന്ന പേരിൽ ഒരു പുതിയ നിയമം അവതരിപ്പിക്കുകയും ചെയ്തു. മനുവിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍ക്ക് മഹാത്മാ ഗാന്ധിയുടെ പേര് കേള്‍ക്കുന്നത് പോലും അരോചകമായിരിക്കും. ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രി പദത്തിലിരുന്നപ്പോൾ ഗ്രാമീണര്‍ക്ക് തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എം.ജി.എൻ.ആർ.ഇ.ജി.എ നടപ്പാക്കിയത്. തൊഴിലില്ലായ്മ, പട്ടിണി, ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് സർക്കാർ ആത്മാർഥമായ ശ്രമങ്ങൾ നടത്തി. ഭക്ഷ്യസുരക്ഷാ നിയമം, തൊഴിലുറപ്പ് നിയമം, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, വനാവകാശ നിയമം തുടങ്ങിയ സുപ്രധാന നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ഏകദേശം 20 വർഷം നിലനിന്ന എം.ജി.എൻ.ആർ.ഇ.ജി.എ പ്രകാരം 6.21 കോടി സ്ത്രീകൾ ഉൾപ്പെടെ 12.16 കോടി തൊഴിലാളികൾക്ക് തൊഴിൽ ലഭിച്ചു. മുമ്പ് ഗ്രാമപ്രദേശങ്ങളിലെ ആളുകൾക്ക് വര്‍ഷം മുഴുവന്‍ ജോലി ആവശ്യപ്പെടാൻ അവകാശമുണ്ടായിരുന്നു. തൊഴിലാളികൾക്ക് സ്വന്തം ഗ്രാമങ്ങളിലും സ്വന്തം ഭൂമിയിലും തൊഴിൽ കണ്ടെത്താമായിരുന്നു. ഇപ്പോൾ മോദി സർക്കാർ വിബി-ജി റാം ജി നിയമംമൂലം ഈ സ്ഥിതിവിശേഷം മാറി.
ഇത് ദശരഥന്റെ രാമനോ സീതാരാമനോ കൗസല്യയുടെ രാമനോ അല്ല, മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാമാണ്. ഗാന്ധിജിയെ വീണ്ടും പ്രതീകാത്മകമായി കൊല്ലുകയാണ് ഇവിടെ. മുമ്പ് ഈ നിയമപ്രകാരം ജോലി നിഷേധിക്കപ്പെട്ടാൽ ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കാമായിരുന്നു എങ്കില്‍ ഇന്ന് ആ അവകാശം പോലും എടുത്തുകളഞ്ഞിരിക്കുന്നു. പുതിയ നിയമപ്രകാരം എവിടെയാണ് ജോലി ചെയ്യേണ്ടതെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനങ്ങളിലൂടെ തീരുമാനിക്കുകയും തൊഴിലാളികൾ അവിടേക്ക് പോകാൻ നിർബന്ധിതരാവുകയും ചെയ്യും. വിബി-ജി റാം ജി പ്രകാരം മൊത്തം ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണം. കർണാടക മാത്രം ഏകദേശം 2500 കോടി രൂപ ഇതിനായി കണ്ടെത്തേണ്ടിവരും. ഇത് അന്യായമാണ്. അതിനാൽ, സേവ് എം.ജി.എൻ.ആർ.ഇ.ജി.എ പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ടെന്നും അത് ഒരു യഥാർഥ ജനകീയ പ്രസ്ഥാനമായി വളരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

