ജനങ്ങളുടെ അനുഗ്രഹമുള്ളേടത്തോളം രാഷ്ട്രീയത്തിൽ തുടരും -സിദ്ധരാമയ്യ
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് സംസാരിക്കുന്നു
ബംഗളൂരു: കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി എന്ന ഖ്യാതിയോടെ ചരിത്രത്തിൽ ഇടംനേടിയ സിദ്ധരാമയ്യ ജനങ്ങളുടെ അനുഗ്രഹത്താൽ രാഷ്ട്രീയത്തിൽ ഇത്രയും ദൂരം എത്തിയെന്നും എത്രകാലം സജീവമായി തുടരുമെന്ന് അറിയില്ലെന്നും പറഞ്ഞു. ഹാവേരിയിൽ ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നു അദ്ദേഹം. ജനങ്ങളുടെ അനുഗ്രഹം ലഭിക്കുന്നിടത്തോളം രാഷ്ട്രീയത്തിൽ തുടരുമെന്ന് ഉറപ്പിച്ചു പറയുമ്പോൾതന്നെ തന്റെ ഭരണത്തിൽ സംതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു. രണ്ടാം മുഖ്യമന്ത്രിയായി തുടരുന്ന 77കാരനായ കോൺഗ്രസ് നേതാവ്, 2,792 ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ദേവരാജ് അർസിന്റെ റെക്കോഡാണ് മറികടന്നത്.
‘രാഷ്ട്രീയത്തിൽ വരണമെങ്കിൽ ജനങ്ങളുടെ അനുഗ്രഹം കൂടിയേ തീരൂ. ജനങ്ങളുടെ അനുഗ്രഹത്താൽ ഞാൻ ഇതുവരെ എത്തിയിട്ടുണ്ട്, എത്രകാലം (രാഷ്ട്രീയത്തിൽ) ഉണ്ടാകുമെന്ന് എനിക്കറിയില്ല. ഞാൻ ഇതുവരെ എത്തിയിട്ടുണ്ട്, ഭാവിയിലും തുടരും. ജനങ്ങളുടെ അനുഗ്രഹം ലഭിക്കുന്നതുവരെ രാഷ്ട്രീയത്തിൽ തുടരും’ -സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയുടെ നേട്ടങ്ങൾ പൂജ്യമാണെന്നും അദ്ദേഹം സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയെന്നും അവകാശപ്പെട്ട ബി.ജെ.പിയെ തിരിച്ചടിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടി നേതാക്കൾ നുണ പറയുന്നതിൽ വിദഗ്ധരാണെന്നും അവർ അതു തുടർന്നും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘എസ്.സി.പി/ടി.എസ്.പി (പ്രത്യേക ഘടക പദ്ധതി/പട്ടികവർഗ ഉപപദ്ധതി) ആക്ട് ആരാണ് കൊണ്ടുവന്നത്? അവരാണോ (ബി.ജെ.പി) അതു ചെയ്തത്? പ്രമോഷനുകളിൽ അവർ സംവരണം നൽകിയോ? അന്ന ഭാഗ്യ പദ്ധതി ആരാണ് നൽകിയത്? ഞാൻ ഒന്നും ചെയ്തില്ലെന്ന് അവർക്ക് എങ്ങനെ പറയാൻ കഴിയും? ഞങ്ങൾ എന്താണ് ചെയ്തതെന്ന് അവർ ആളുകളോട് ചോദിക്കണം?’ -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നവംബർ 20ന് കോൺഗ്രസ് സർക്കാർ അഞ്ച് വർഷത്തെ കാലാവധിയുടെ പകുതി പൂർത്തിയാക്കിയതിനെത്തുടർന്ന് സംസ്ഥാനത്ത് മുഖ്യമന്ത്രിയെ മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടെ, ഭരണകക്ഷിക്കുള്ളിലെ അധികാര തർക്കം രൂക്ഷമായിരിക്കെയാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയുടെ അതുല്യമായ റെക്കോർഡ്. 2023ൽ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും തമ്മിലുള്ള ‘അധികാര പങ്കിടൽ’ കരാറാണ് ഈ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്. ഒരു റെക്കോഡും തകർക്കാൻ വേണ്ടിയുള്ള രാഷ്ട്രീയം താൻ ചെയ്തിട്ടില്ലെന്ന് പറഞ്ഞ സിദ്ധരാമയ്യ, അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്ന് ചൊവ്വാഴ്ച ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസ് ഹൈകമാൻഡ് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

