ദസറയിൽ റോബോട്ടിക് ആനകളെ ഉപയോഗിക്കണം -വന്യജീവി വിദഗ്ധർ
text_fieldsമൈസൂരു ദസറ (ഫയല്‍ ചിത്രം)
ബംഗളൂരു: കുടക് ജില്ലയിലെ ദുബാരെ ക്യാമ്പിൽ രണ്ട് ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ വിനോദസഞ്ചാരി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മൈസൂരു ദസറ ആഘോഷങ്ങളിൽ ആനകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച സജീവമാകുന്നു. ദസറ ആഘോഷത്തിന് മുന്നോടിയായി ആനകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ഒരു മാസത്തിനുള്ളിൽ ആരംഭിക്കാനിരിക്കെയാണ് ചര്‍ച്ച പുരോഗമിക്കുന്നത്. പ്രധാന ഘോഷയാത്രക്ക് മാത്രമല്ല പരിശീലന സെഷനുകൾക്കും വൻ ജനക്കൂട്ടം ഒത്തുകൂടുന്നതിനാൽ ആനകളുടെ സമ്മർദം കുറക്കുകയും പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് മൃഗഡോക്ടർമാർ, മൃഗാവകാശ പ്രവർത്തകർ, വനം ഉദ്യോഗസ്ഥർ എന്നിവർ പറഞ്ഞു.
സുത്തൂർ മഠത്തിന്‍റെ ജാത്ര മഹോത്സവത്തിലും രാജ്യത്തുടനീളമുള്ള മറ്റ് പരിപാടികളിലും റോബോട്ടിക് ആനകളെ ഉപയോഗിച്ചതുപോലെ ദസറ ആഘോഷങ്ങള്‍ക്കും റോബോട്ടിക് ആനകളെ ഉപയോഗിക്കാൻ നിരവധി വിദഗ്ധർ നിർദേശിച്ചു. ആരോഗ്യം, സ്വഭാവം, മുൻകാല പെരുമാറ്റം, അനുഭവം എന്നിവ അടിസ്ഥാനമാക്കിയാണ് ദസറക്കായി ആനകളെ തിരഞ്ഞെടുക്കുന്നത് എങ്കിലും ഇവ വളര്‍ത്തുമൃഗങ്ങള്‍ അല്ല എന്നതിനാല്‍ എത്ര പരിശീലനം നല്‍കിയാലും അവയുടെ സ്വഭാവം പ്രവചനാതീതമാണെന്ന് വനം ഉദ്യോഗസ്ഥരും വന്യജീവി മൃഗഡോക്ടർമാരും അഭിപ്രായപ്പെട്ടു.
കാടുമായി പോരുത്തപ്പെട്ടു ജീവിക്കുന്ന ആനകളെ 40 ദിവസത്തെ ദസറ പരിശീലന കാലയളവിൽ കോൺക്രീറ്റ്, ടാർ റോഡുകളിലൂടെ ദിവസവും 10 കിലോമീറ്റർ നടക്കാൻ നിർബന്ധിക്കുന്നു. ഇത് അവയുടെ കാലുകളിലും സന്ധികളിലും ആയാസം ഉണ്ടാക്കുന്നു. സ്വര്‍ണ ഹൗഡ വഹിക്കാൻ ആനയെ പരിശീലിപ്പിക്കുന്നതിനായി നിത്യവും നിരവധി ഭരമേറിയ മണൽച്ചാക്കുകൾ ചുമക്കേണ്ടി വരുന്നുണ്ട്. ജംബോ സവാരി ഘോഷയാത്രക്ക് ശേഷം ആന സുഖം പ്രാപിക്കാൻ പലപ്പോഴും ആഴ്ചകൾ എടുക്കുമെന്നും മൃഗസ്നേഹികള്‍ പറഞ്ഞു. റിഹേഴ്‌സലുകളുടെ സമയത്ത് ആവർത്തിച്ചുള്ള പീരങ്കി വെടിവെപ്പ് ആനകളെ കടുത്ത സമ്മർദത്തിലാക്കുമെന്നും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് പോലും കാരണമായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദസറ സമയത്ത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഉൾപ്പെടെയുള്ള ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ ആനകളുടെ ആരോഗ്യത്തെയും ശരീരാവസ്ഥയെയും സാരമായി ബാധിക്കും. ആൾക്കൂട്ടത്തിന്‍റെ ബഹളം, തിളക്കമുള്ള വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഉച്ചത്തിലുള്ള ആർപ്പുവിളികൾ എന്നിവയും ആനകളെ പ്രകോപിപ്പിക്കുന്ന ഘടകങ്ങളാണ്. ദസറ ആഘോഷ വേളയിൽ മൈസൂർ കൊട്ടാര പരിസരത്ത് ഉച്ചത്തിലുള്ള ഡി.ജെ സംഗീതവും ആനകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. ഉച്ചത്തിലുള്ള സംഗീതം അവയുടെ പെരുമാറ്റത്തെയും ഉറക്കത്തിന്‍റെ രീതികളെയും പാപ്പാന്മാരോടുള്ള പ്രതികരണശേഷിയെയും തടസ്സപ്പെടുത്തും.
ജീവനുള്ള ആനകൾക്ക് പകരം റോബോട്ടിക് ആനകളെ ഉപയോഗിക്കുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ദസറ ഘോഷയാത്രയുടെ പൈതൃകത്തെയും ദൃശ്യഭംഗിയെയും ബാധിക്കുമെന്ന് ചരിത്രകാരൻ ഷാൽവപിള്ളെ അയ്യങ്കാർ പറഞ്ഞു. മൈസൂരു ദസറക്ക് സാംസ്കാരികവും മതപരവും ചരിത്രപരവുമായ പ്രാധാന്യമുണ്ടെന്നും ബദല്‍ മാര്‍ഗങ്ങള്‍ തേടും മുമ്പ് തീരുമാനം ശാസ്ത്രീയമായി വിലയിരുത്തണമെന്നും മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

