ബൈക്ക് യാത്രികർക്കുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
text_fieldsധോണിയിലിറങ്ങിയ കാട്ടാനക്കൂട്ടം പാത മുറിച്ച് കടക്കുന്നു
ബംഗളൂരു: രാമനഗര കനകപുരയിൽ ബൈക്ക് യാത്രികർക്കുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. 30ഓളം കാട്ടാനകളാണ് രണ്ടു കർഷകരെ പിന്തുടർന്ന് ആക്രമിച്ചത്. ആനക്കൂട്ടം അടുത്തെത്തിയതോടെ ബൈക്കുകൾ ഉപേക്ഷിച്ച് രണ്ടു പേരും സമീപത്തെ കുന്നിന്മുകളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ആനക്കൂട്ടം ഇരു ബൈക്കുകളും തകർത്തു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. കൃഷിയിടത്തിൽ രാത്രി മൃഗശല്യം രൂക്ഷമായതിനെ തുടർന്ന് വിള കാക്കാൻ പോവുകയായിരുന്ന കർഷകരാണ് അപകടത്തിൽപെട്ടത്. ഇവർ കുന്നിന്മുകളിൽനിന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് പുറത്തുവന്നു.
കുറച്ചു ദിവസങ്ങളായി മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞയാഴ്ച ബെട്ട ഗൗഡന ദൊഡ്ഡി വില്ലേജിൽ കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങിയിരുന്നു. കർഷകരുടെ പരാതിയെ തുടർന്ന് വനംവകുപ്പ് ജീവനക്കാരെത്തി കാട്ടാനക്കൂട്ടത്തെ തുരത്തി. ഇവ പിന്നെയും ഗ്രാമത്തിലേക്കിറങ്ങിയെന്നാണ് കഴിഞ്ഞദിവസത്തെ സംഭവം തെളിയിക്കുന്നത്. ഏക്കർകണക്കിന് കൃഷിയിടം കാട്ടാനക്കൂട്ടം നശിപ്പിച്ചതായി കർഷകർ പരാതിപ്പെട്ടു. ബന്നാർഘട്ട മേഖലയിലെ ബിലികൽ വനത്തിൽനിന്നാണ് കാട്ടാനക്കൂട്ടം എത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

