ബെള്ളാരി റോഡ് വീതികൂട്ടൽ; 54 മരങ്ങൾ മുറിക്കാൻ അനുമതി
text_fieldsപാലസ് ഗ്രൗണ്ട്സിനു മുന്നിലെ ബെള്ളാരി റോഡ്
ബംഗളൂരു: ബെള്ളാരി റോഡിലെ പാലസ് ഗ്രൗണ്ട്സിനു മുന്നിലുള്ള നാലാം നമ്പർ ഗേറ്റിനും ഒമ്പതാം നമ്പർ ഗേറ്റിനും ഇടയിൽ വരുന്ന ഭാഗത്തെ 54 മരങ്ങൾ മുറിക്കാൻ ബി.ബി.എം.പിക്ക് വനംവകുപ്പ് അനുമതി നൽകി. കാവേരി ജങ്ഷനും മെഹ്ക്രി സർക്കിളിനും ഇടയിലുള്ള റോഡ് വീതികൂട്ടാനാണിത്.
പുതുതായി രണ്ടു ലൈനുകൾകൂടി ഈ റോഡിൽ വരും. മൂന്നു മരങ്ങൾ നിലനിർത്തണമെന്നും രണ്ടെണ്ണം മാറ്റിപ്പിടിപ്പിക്കണമെന്നും വനംവകുപ്പ് നിർദേശിച്ചിട്ടുണ്ട്. അതേസമയം, മരങ്ങൾ മുറിക്കാനുള്ള തീരുമാനം മരവിപ്പിക്കണമെന്ന് പ്രദേശവാസികളും പ്രകൃതിസ്നേഹികളും ആവശ്യപ്പെടുന്നുണ്ട്.
ബെള്ളാരി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പദ്ധതിയുടെ വിശദ വിവരണ റിപ്പോർട്ട് (ഡി.പി.ആർ), ഇതുസംബന്ധിച്ച ബി.ബി.എം.പിയുടെ സാധ്യതപഠനം എന്നിവ തയാറാകുന്നതുവരെ മരം മുറിക്കരുതെന്നാണ് ആവശ്യം. ഒരു മാസത്തിനുള്ളിൽ സാധ്യതപഠനം തയാറാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടെ, പാലസ് ഗ്രൗണ്ട്സിന്റെ ഒരു ഭാഗം വീതികൂട്ടുന്നത് അടിസ്ഥാനസൗകര്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്. ബെള്ളാരി റോഡിലെ ഏറ്റവും തിരക്കുള്ള ഭാഗമാണിത്. പുതിയ ലൈൻകൂടി വന്നാൽ ഗതാഗതം കൂടുതൽ സുഗമമാകുമെന്നും പാലസ് ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള ഗതാഗതം നിയന്ത്രിക്കുമെന്നും ബി.ബി.എം.പി ചീഫ് എൻജിനീയർ (റോഡ് ഇൻഫ്രാസ്ട്രക്ചർ വകുപ്പ്) ബി.എസ്. പ്രഹ്ലാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

