ഭിന്നശേഷിക്കാർക്കുള്ള ശൗചാലയം മറ്റൊരാൾ ഉപയോഗിച്ചു; വീൽചെയർ യാത്രക്കാരി വലഞ്ഞത് 25 മിനിറ്റ്
text_fieldsബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ഭിന്നശേഷിക്കാർക്കായുള്ള ശൗചാലയം മറ്റൊരു യാത്രക്കാരൻ ദീർഘനേരം ഉപയോഗിച്ചതിനെ തുടർന്ന് വീൽചെയറിലെ യാത്രക്കാരിക്ക് 25 മിനിറ്റിലേറെ കാത്തിരിക്കേണ്ടിവന്നെന്ന് പരാതി സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിമാനത്താവളത്തിൽ സമാനമായ അനുഭവം മൂന്നാം തവണയാണെന്നും യാത്രക്കാരി പറഞ്ഞു.
നവംബർ 12ന് എക്സിലൂടെയാണ് ഇവർ വിഡിയോ പങ്കുവെച്ചത്. ഭിന്നശേഷിക്കാർക്കായുള്ള ശൗചാലയം ഭിന്നശേഷിയില്ലാത്ത ഒരാൾ 25 മിനിറ്റിലേറെ ഉപയോഗിച്ചെന്നും തനിക്ക് പുറത്തു കാത്തുനിൽക്കേണ്ടിവന്നെന്നും അവർ ആരോപിച്ചു. മറ്റുള്ളവർക്ക് ഉപയോഗിക്കാൻ സാധാരണ ശൗചാലയങ്ങളുണ്ടെന്നും എന്നാൽ തങ്ങളെപ്പോലുള്ളവർക്ക് ഇത്തരം സൗകര്യങ്ങൾ മാത്രമാണ് ആശ്രയമെന്നും അവർ ചൂണ്ടിക്കാട്ടി. വിമാനത്തിന്റെ പുറപ്പെടൽ സമയം അടുത്തതോടെ വലിയ ആശങ്കയുണ്ടായെന്നും യാത്രക്കാരി വിഡിയോയിൽ വ്യക്തമാക്കി.
വിഡിയോയിൽ ശൗചാലയത്തിൽനിന്ന് ഒരാൾ പുറത്തേക്കിറങ്ങുന്നതിന്റെയും പുറത്ത് യാത്രക്കാർ കാത്തുനിൽക്കുന്നത്തിന്റെയും ദൃശ്യങ്ങൾ ഉണ്ട്. വീൽചെയറിലിരുന്ന യാത്രക്കാരി വിമാനത്താവളത്തിലെ ജീവനക്കാരോട് തന്റെ പ്രയാസം വിശദീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സൗകര്യം ആവശ്യമുള്ളവർക്ക് അത് ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും അവർ ഓർമിപ്പിച്ചു. സംഭവത്തിൽ ബെംഗളൂരു വിമാനത്താവള അധികൃതർ പ്രതികരിച്ചു. യാത്രക്കാരിയുടെ പരാതി ബന്ധപ്പെട്ട വിഭാഗത്തിന് പരിശോധനക്കായി കൈമാറിയെന്നും കൂടുതൽ വിവരങ്ങൾ സ്വകാര്യ സന്ദേശമായി കൈമാറണമെന്നും അധികൃതർ അറിയിച്ചു. വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
വിഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച സൗകര്യങ്ങൾ അനാവശ്യമായി ഉപയോഗിക്കരുതെന്ന് ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, ഒരാളുടെ ഭിന്നശേഷിയോ ആരോഗ്യപ്രശ്നമോ പുറമേനിന്ന് തിരിച്ചറിയാൻ കഴിയണമെന്നില്ലെന്നും പ്രായമായവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഇത്തരം ശൗചാലയങ്ങൾ ആവശ്യമായി വരാമെന്നും ചിലർ ചൂണ്ടിക്കാട്ടി. കാഴ്ചയിൽ ഭിന്നശേഷിയില്ലെന്ന് തോന്നുന്നതിന്റെ പേരിൽ ഒരാളുടെ ആവശ്യത്തെ തള്ളിക്കളയാനാവില്ലെന്നും പ്രതികരണങ്ങളുണ്ട്.

