വീൽചെയറിൽ ബൈക്കിടിച്ച് മരിച്ചു
text_fieldsമാധവമൂർത്തി ആചാര്യ
മംഗളൂരു: ഉഡുപ്പി പുത്തൂരിന് സമീപം വീൽചെയറിൽ ബൈക്കിടിച്ച് വയോധികനായ വ്യവസായ സംരംഭകൻ മരിച്ചു. പുത്തൂർ സ്വദേശി മാധവമൂർത്തി ആചാര്യയാണ് (61) ഞായറാഴ്ച മരിച്ചത്. പുത്തൂർ ഓംകാരേശ്വര ഭജന മന്ദിരത്തിന് സമീപം ദേശീയ പാതയിലാണ് സംഭവം. ഉഡുപ്പിയിൽനിന്ന് സന്തേകട്ടെയിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികനായ ശ്രീഹരിറാവു അതേ ദിശയിൽ മുന്നോട്ട് പോവുകയായിരുന്ന വീൽചെയറിൽ ഇടിച്ചതായി പൊലീസ് പറഞ്ഞു.
റോഡിലേക്ക് തെറിച്ചുവീണ മാധവമൂർത്തിയുടെ തലക്കും ശരീരത്തിൽ പലഭാഗത്തും ഗുരുതര പരിക്കേറ്റു. ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ബൈക്ക് യാത്രികനും പരിക്കേറ്റ് ചികിത്സയിലാണ്. ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
18 വയസ്സുള്ളപ്പോൾ നട്ടെല്ലിന് പരിക്കേറ്റ മാധവമൂർത്തി ആചാര്യ നാല് പതിറ്റാണ്ടിലേറെയായി വീൽചെയറിൽ സജീവ ജീവിതം നയിക്കുകയായിരുന്നു. ധനലക്ഷ്മി റൈസ് മിൽ സ്ഥാപിച്ച് ജില്ലയിലെ പ്രമുഖ വാണിജ്യ റൈസ് മില്ലുകളിൽ ഒന്നായി അതിനെ വളർത്തിയെടുത്തു. നട്ടെല്ലിന് പരിക്കേറ്റവരെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രശസ്തനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

