ദൗത്യം കഴിഞ്ഞ കാലാവസ്ഥ നിരീക്ഷണ ഉപകരണം വയലിൽ വീണു; നാട്ടുകാർ പരിഭ്രാന്തരായി
text_fieldsവയലിൽ വീണ ഉപകരണം
മംഗളൂരു: പുത്തൂർ താലൂക്കിലെ പുത്തില ഗ്രാമത്തിൽ പോസ്റ്റ് ഓഫിസിനു സമീപത്തെ വയലിൽനിന്ന് വിദേശ മുദ്രയുള്ള വിചിത്ര വസ്തു കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായി. പിന്നീട്, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) ഈ വസ്തു അന്തരീക്ഷത്തിലെ കാറ്റ് നിരീക്ഷണത്തിനായി ദിവസവും പുറത്തിറക്കുന്ന ജി.പി.എസ് അധിഷ്ഠിത ഉപകരണമാണെന്ന് വ്യക്തമാക്കി.
ഹൈഡ്രജൻ വാതകം നിറച്ച കാലാവസ്ഥ ബലൂൺ ഉപയോഗിച്ച് മംഗളൂരു ഡോപ്ലർ വെതർ റഡാർ സെന്ററിൽനിന്ന് എല്ലാ ദിവസവും പുലർച്ച നാലരയോടെ ഈ ജി.പി.എസ് അധിഷ്ഠിത ഉപകരണം പുറത്തിറക്കാറുണ്ടെന്ന് വകുപ്പ് വിശദീകരിച്ചു. മുകളിലെ വായുവിന്റെ താപനില, ഈർപ്പം, കാറ്റിന്റെ ദിശ, കാറ്റിന്റെ വേഗം, മറ്റ് അന്തരീക്ഷ പാരാമീറ്ററുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ ഉപകരണം ശേഖരിക്കുന്നു. വ്യോമയാനം, സൈനിക പ്രവർത്തനങ്ങൾ, അന്തരീക്ഷ വിക്ഷേപണ പ്രവർത്തനങ്ങൾ എന്നിവക്ക് അത്തരം ഡേറ്റ നിർണായകമാണ്. നിരീക്ഷണ ചക്രം പൂർത്തിയാക്കിയ ശേഷം ഉപകരണം സാധാരണയായി കടലിലോ കരയിലോ ഇറങ്ങുകയാണ് ചെയ്യാറുള്ളത്.
പുത്തില വയലിൽ വീണതിൽ ‘മലേഷ്യൻ കാലാവസ്ഥാ വകുപ്പ്’ എന്ന് എഴുതിയ സ്റ്റിക്കർ ഉണ്ടായിരുന്നു. ഉപകരണം ഇറക്കുമതി ചെയ്തതാണെന്നും യഥാർഥ സ്റ്റിക്കർ നിലനിർത്തുകയാണെന്നും വകുപ്പ് വ്യക്തമാക്കി. എന്നാൽ, അതിന്റെ മുഴുവൻ പ്രവർത്തനവും ഉത്തരവാദിത്തവും ഐ.എം.ഡിയാണ് കൈകാര്യം ചെയ്യുന്നത്. ഈ ഉപകരണം നിരുപദ്രവകരമാണെന്നതിനാൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഐ.എം.ഡി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

