സീറ്റ് ബെൽറ്റിൽ ശുഭയാത്ര; ബംഗളൂരുവിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത നിയമലംഘനം ഗണ്യമായി കുറഞ്ഞു
text_fieldsബംഗളൂരു: വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തവരുടെ എണ്ണം ഏറെ കുറഞ്ഞു. ബംഗളൂരുവിൽ അഞ്ചുവർഷത്തിനിടെ 2022ൽ ഇത്തരം നിയമലംഘനം ഏറെ കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2020ൽ 3,08,145 നിയമലംഘനങ്ങൾ ഉണ്ടായിരുന്നിടത്ത് കഴിഞ്ഞ വർഷം അത് പകുതിയിൽ താഴെയായി. കണക്കനുസരിച്ച് 2022ൽ 1,22,929 കേസുകളാണ് ഉണ്ടായത്. പുതിയ കാറുകളിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ മുന്നറിയിപ്പായി അലാറം മുഴങ്ങുന്നതാണ് നിയമലംഘനം കുറയാൻ കാരണം.
നേരത്തേ ഉണ്ടായിരുന്ന 500 രൂപ പിഴ 1000 രൂപയാക്കിയതും ബോധവത്കരണവും ഗുണംചെയ്തു. കഴിഞ്ഞവർഷം നിയമം കൂടുതൽ കർശനമാക്കിയിരുന്നുവെന്നും കാറുകളുടെ സീറ്റ് ബെൽറ്റ് അലാറത്തിന്റെ പങ്ക് വലുതാണെന്നും ട്രാഫിക് സ്പെഷൽ കമീഷണർ ഡോ. എം.എ. സലീം പറഞ്ഞു.
മുൻകാലങ്ങളിലേതിനേക്കാൾ വാഹനയാത്രക്കാരുടെയും ഡ്രൈവർമാരുടെയും പെരുമാറ്റത്തിൽ മികച്ച മാറ്റമുണ്ടായതായും പിഴ വർധിപ്പിച്ചതും നേരിട്ടുള്ള പരിശോധന കുറച്ചതും ഗുണംചെയ്തതായും ട്രാഫിക് പൊലീസ് ജോയന്റ് കമീഷണർ എം.എൻ. അനുചേത് പറഞ്ഞു. 2020ൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത കേസുകൾ 1,56,592 ആയിരുന്നു. 2019നേക്കാൾ 96.7 ശതമാനം വർധനവായിരുന്നു അത്. നഗരത്തിന്റെ അതിർത്തിപ്രദേശങ്ങളിലാണ് ഇത്തരം സംഭവങ്ങൾ കൂടുതലായുണ്ടായത്. കനകപുര റോഡ്, ബന്നാർഘട്ട റോഡ്, മൈസൂരു റോഡ്, തുംകുരു റോഡ് തുടങ്ങിയവിടങ്ങളിലാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

