കൃഷ്ണരാജ സാഗർ റിസർവോയറിലെ ജലനിരപ്പ് 81 അടിയായി താഴ്ന്നു; കുടിവെള്ളം വിതരണം മുടങ്ങും
text_fieldsകൃഷ്ണരാജ സാഗർ റിസർവോയർ
മൈസൂരു: ജൂൺ മാസം പകുതിയായിട്ടും കാലവർഷം സജീവമാകാത്തതിനെ തുടർന്ന് കാവേരി ജലസംഭരണ മേഖലയിൽ കടുത്ത ജലക്ഷാമം. ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമാകാത്ത പശ്ചാത്തലത്തിൽ കൃഷ്ണരാജ സാഗർ (കെആർഎസ്) റിസർവോയറിലെ ജലനിരപ്പ് ആശങ്കാജനകമായ രീതിയിൽ 81 അടിയായി താഴ്ന്നു. 124 അടിയാണ് ഈ ഡാമിന്റെ പരമാവധി സംഭരണ ശേഷി. ഇതാദ്യമായാണ് ഡാമിലെ ജലനിരപ്പ് ഇത്രയും താഴ്ന്ന നിലയിലെത്തുന്നത്. നിലവിൽ 11 ടി.എം.സി വെള്ളം മാത്രമാണ് കെആർഎസിൽ അവശേഷിക്കുന്നത്.
ഇതിൽ നാല് മുതൽ അഞ്ച് ടി.എം.സി വരെയുള്ളത് ഡാമിന്റെ സുരക്ഷക്കായി നിലനിർത്തേണ്ട ‘ഡെഡ് സ്റ്റോറേജ്’ ആണ്. ബാക്കിയുള്ള ഏഴ് ടി.എം.സി വെള്ളം മാത്രമാണ് നിലവിൽ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുക. ഡാമിൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ വെള്ളം അയൽസംസ്ഥാനത്തിന് നൽകേണ്ടി വരുന്നത് കർണാടക സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കി യിരിക്കുന്നു. ഡാമിലെ വെള്ളം കുറഞ്ഞതോടെ ബെംഗളൂരു, മൈസൂരു, മാണ്ഡ്യ തുടങ്ങിയ പ്രധാന നഗരങ്ങളിലും പരിസരപ്രദേശങ്ങളിലും വരും ദിവസങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമം നേരിടേണ്ടി വരുമെന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

