കബനി അണക്കെട്ടിലേക്ക് നീരൊഴുക്ക് വർധിച്ചു
text_fieldsബംഗളൂരു: തെക്ക്-പടിഞ്ഞാറൻ മൺസൂൺ നേരത്തെ ആരംഭിച്ചതോടെ കേരളത്തിൽ ശക്തമായ മഴ ലഭിച്ചത് കബനി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിപ്പിച്ചു. കബനി നദിയുടെ വൃഷ്ടിപ്രദേശമായ വയനാട്ടിൽ മഴ തുടരുന്നതാണ് മൈസൂരു ജില്ലയിലെ എച്ച്.ഡി കോട്ടെയിലെ കബനി അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ ഗണ്യമായ വർധനവിന് ഇടയാക്കിയത്.
കബനിയിലേക്കുള്ള നീരൊഴുക്ക് ഞായറാഴ്ച വരെ ഏകദേശം 2,680 ക്യുസെക്സായിരുന്നു, എന്നാൽ ഞായറാഴ്ച വൈകുന്നേരം മുതൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ, പ്രത്യേകിച്ച് വയനാട്ടിൽ പെയ്ത കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച നീരൊഴുക്ക് കുത്തനെ ഉയർന്ന് 13,037 ക്യുസെക്സായി. ജൂലൈ 15 മുതൽ കബനിയിൽ നിന്ന് തടാകങ്ങളിലേക്ക് വെള്ളം തുറന്നുവിടും.
മഴ തുടർന്നാൽ വരും ദിവസങ്ങളിൽ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ, റിസർവോയർ അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. തിങ്കളാഴ്ച രാവിലെ കബനി അണക്കെട്ടിലെ ജലനിരപ്പ് 2,263.52 അടിയായി ഉയർന്നു. 2,284 അടിയാണ് അണക്കെട്ടിന്റെ പൂർണ ജലസംഭരണശേഷി. മഴ കുറയാതെ തുടരുന്നതിനാൽ, അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ജലസംഭരണി നിറയുമെന്നാണ് പ്രതീക്ഷ.
പ്രധാന വൃഷ്ടിപ്രദേശമായ കുടകിൽ കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ ലഭിക്കുന്നതിനാൽ മാണ്ഡ്യ ശ്രീരംഗപട്ടണയിലെ കൃഷ്ണരാജ സാഗർ (കെ.ആർ.എസ്) അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ചൊവ്വാഴ്ച മുതൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കെ.ആർ.എസ് അണക്കെട്ടിലെ ജലനിരപ്പ് തിങ്കളാഴ്ച രാവിലെ 89.35 അടിയായി രേഖപ്പെടുത്തി.
124.80 അടിയാണ് അണക്കെട്ടിന്റെ പൂർണ സംഭരണശേഷി. നിലവിലെ നീരൊഴുക്ക് 2,053 ക്യുസെക്സാണ്, അതേസമയം, 347 ക്യുസെക്സ് ജലമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. മേയ് 27ന് കേരളത്തിലെ 11 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളാണ് റെഡ് അലർട്ടിന് കീഴിലുള്ളത്. മേയ് 27 വരെ കർണാടകയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ശിവമൊഗ്ഗ, ചിക്കമഗളൂരു, കുടക് എന്നീ ജില്ലകളാണ് റെഡ് അലർട്ടിന് കീഴിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

