വ്യവസായികളോട് അഭ്യർഥനയുമായി ജലവിതരണ ബോർഡ്
text_fieldsബംഗളൂരു: ബംഗളൂരുവിലെ ഭൂഗർഭ ജലനിരപ്പ് കുറയുന്നതും കുഴൽ കിണറുകൾ വറ്റുന്നതും തടയാൻ ജലസംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കുന്നതിലും ശുദ്ധീകരിച്ച ജലത്തിന്റേയും മഴ വെള്ളത്തിന്റെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും വ്യവസായ സ്ഥാപനങ്ങൾ സഹകരിക്കണമെന്ന് ബി.ഡബ്ല്യ.എസ്.എസ്.ബി ചെയർമാൻ റാം പ്രസാദ് മനോഹർ അഭ്യർഥിച്ചു.
കർണാടക ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഭാരവാഹികളുമായും അംഗങ്ങളുമായും നടത്തിയ ചർച്ചയിലാണ് അദ്ദേഹം നിർദേശം മുന്നോട്ട് വെച്ചത്. നഗരത്തിന്റെ സുസ്ഥിരമായ ഭാവിക്കു വേണ്ടിയും വ്യവസായങ്ങളുടെ വളർച്ചക്കുവേണ്ടിയും കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് ചെയർമാൻ ഓർമിപ്പിച്ചു. പീനിയ ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് പൈപ് ലൈൻ വഴി ശുദ്ധീകരിച്ച ജലം വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ് ബോർഡ്. മറ്റു ഏരിയകളിലേക്ക് ടാങ്കറുകൾ വഴിയും ശുദ്ധീകരിച്ച ജലം വിതരണം ചെയ്യാനുള്ള പദ്ധതിയുണ്ട്. ശുദ്ധീകരിച്ച ജലമുപയോഗം പ്രോത്സാഹിപ്പിച്ചതിന്റെ ഭാഗമായി നിർമാണ മേഖലയിൽ 67.50 ലിറ്റർ ജലമാണ് പ്രതിദിനം ലാഭിക്കാൻ കഴിഞ്ഞതെന്നും റാം പ്രസാദ് പറഞ്ഞു.
നഗരത്തിന്റെ വികസനത്തിന് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡും ബൃഹത് ബംഗളൂരു മഹാനഗര പാലികെയും ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡും തമ്മിലുള്ള ഏകോപനം നിലവിൽ പരിതാപകരമാണെന്ന് വ്യാപാരികൾ പറഞ്ഞു. ബംഗളൂരുവിലെ തിരക്കേറിയ ഭാഗങ്ങളിൽ പോലും സമയത്തിന് നിർമാണ പ്രവർത്തനങ്ങൾ നടത്താത്തത് മൂലമുണ്ടായ ബുദ്ധിമുട്ടുകളും ചേംബർ ഓഫ് കോമേഴ്സ് അംഗങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

