കാർവാർ നാവിക താവളത്തിൽ യുദ്ധക്കപ്പൽ കമീഷൻ ചെയ്തു
text_fieldsയുദ്ധക്കപ്പൽ കമീഷൻ ചെയ്യുന്നു
തദ്ദേശീയമായി നിർമിച്ച ഈ കപ്പൽ ഇന്ത്യയുടെ തീരദേശ നിരീക്ഷണം, അന്തർവാഹിനി വിരുദ്ധ യുദ്ധശേഷി, സമുദ്ര സുരക്ഷ എന്നിവയെ ഗണ്യമായി ശക്തിപ്പെടുത്തും
മംഗളൂരു: ഇന്ത്യൻ നാവികസേന ബുധനാഴ്ച കാർവാറിലെ ഐ.എൻ.എസ് കദംബ നാവിക താവളത്തിൽ മാഹി ക്ലാസ് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (എ.എസ്ഡബ്ല്യു-എസ്ഡബ്ല്യുസി) ഐ.എൻ.എസ് മാൽവാൻ കമീഷൻ ചെയ്തു. മുതിർന്ന ഇന്ത്യൻ നാവികസേനയുടെയും പ്രതിരോധ മന്ത്രാലയത്തിന്റെയും സാന്നിധ്യത്തിൽ എയർ ചീഫ് മാർഷൽ എ.പി. സിങ്ങാണ് യുദ്ധക്കപ്പൽ കമീഷൻ ചെയ്തത്.
തദ്ദേശീയമായി നിർമിച്ച ഈ കപ്പൽ ഇന്ത്യയുടെ തീരദേശ നിരീക്ഷണം, അന്തർവാഹിനി വിരുദ്ധ യുദ്ധശേഷി, സമുദ്ര സുരക്ഷ എന്നിവയെ ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് സിങ് പറഞ്ഞു. രാജ്യത്തിന്റെ സമുദ്ര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലും സമുദ്ര വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും മൂന്ന് സായുധ സേനകൾക്കിടയിൽ ഏകോപനം വർധിപ്പിക്കാനും ഈ യുദ്ധക്കപ്പൽ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാർവാറിലെ ഐ.എൻ.എസ് കദംബ നാവിക താവളത്തിൽ നാവിക യുദ്ധക്കപ്പൽ കമീഷൻ ചെയ്യുന്നത് ഇതാദ്യമാണ്. കേന്ദ്രത്തിന്റെ ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിലുള്ള പ്രധാന നാഴികക്കല്ലാണിതെന്ന് വെസ്റ്റേൺ നേവൽ കമാൻഡ് കമാൻഡർ-ഇൻ-ചീഫ് വൈസ് അഡ്മിറൽ സഞ്ജയ് വാത്സയൻ വിശേഷിപ്പിച്ചു.
ഇത് രാജ്യത്തിന്റെ വളരുന്ന തദ്ദേശീയ പ്രതിരോധ നിർമാണശേഷി എടുത്തുകാണിക്കുന്നു. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് നിർമിച്ച ഐ.എൻ.എസ് മാൽവന്റെ 80 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
78.8 മീറ്റർ നീളമുള്ള ഈ യുദ്ധക്കപ്പലിന് 1,150 ടണ്ണാണ് ഭാരം.30-എംഎം നേവൽ ഗൺ, ടോർപ്പിഡോ ലോഞ്ചറുകൾ, റോക്കറ്റ് ലോഞ്ചറുകൾ, അഭയ് സോണാർ സിസ്റ്റം, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി.ഇ.എൽ) വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് കോംബാറ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ തീരദേശ പട്ടണമായ മാൽവന്റെ പേരിലുള്ള ഈ കപ്പൽ ഛത്രപതി ശിവാജിയുടെ സമുദ്ര പാരമ്പര്യത്തെ ആദരിക്കുന്നു. ധൈര്യം, ശക്തി, ചടുലത എന്നിവ പ്രതീകവത്കരിക്കുന്നതായി അവകാശപ്പെടുന്ന ബാഗ് നഖ് (കടുവ നഖം) കപ്പലിൽ മുദ്രണം ചെയ്തതും. കപ്പലിന്റെ കമാൻഡിങ് ഓഫിസർ കമാൻഡർ പ്രവീൺകുമാർ തിവാരി, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോസ് വിജെ, ഇന്ത്യൻ നാവികസേനയിലെയും പ്രതിരോധ മന്ത്രാലയത്തിലെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

