വാർഡുകളുടെ സംവരണം; മാർഗനിർദേശങ്ങൾ പുറത്തിറക്കി
text_fieldsബംഗളൂരു: മുനിസിപ്പൽ കോർപറേഷനുകളിലെ വാർഡുകളിലേക്കുള്ള സംവരണം നിർണയിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കർണാടക സർക്കാർ പുറത്തിറക്കി. 2015 ൽ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സർക്കാർ പരിഷ്കരിച്ചു. സംസ്ഥാനത്തെ നടക്കാനിരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പുകൾ പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടത്തുക.
2011ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് മാർഗനിർദേശങ്ങൾ. മുനിസിപ്പൽ കോർപറേഷൻ പ്രദേശത്തെ ആകെ ജനസംഖ്യയുടെ ആനുപാതികമായും ആകെ വാർഡുകളുടെ എണ്ണത്തിനനുസരിച്ചും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്യേണ്ട സീറ്റുകളുടെ എണ്ണം നിശ്ചയിക്കണം. ആകെ വാർഡുകളുടെ മൂന്നിലൊന്ന് ഒ.ബി.സി വിഭാഗക്കാർക്ക് സംവരണം ചെയ്യണം. പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവക്കുള്ള സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല. മൊത്തം സംവരണം 50 ശതമാനത്തിൽ കൂടുതലാണെങ്കിൽ ഒ.ബി.സി വിഭാഗക്കാർക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റുകളുടെ എണ്ണം ആനുപാതികമായി കുറക്കണം.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ 50 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്യണം. ഒ.ബി.സി. വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ 80 ശതമാനം കാറ്റഗറി-എ. വിഭാഗത്തിൽപ്പെട്ടവർക്കും ബാക്കി 20 ശതമാനം കാറ്റഗറി-ബി. വിഭാഗത്തിൽപെട്ടവർക്കും സംവരണം ചെയ്യണം.
ഒ.ബി.സി കാറ്റഗറി-എ, കാറ്റഗറി-ബി വിഭാഗങ്ങളിൽ വെവ്വേറെ സംവരണം ചെയ്ത സീറ്റുകളിൽ 50 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്യണം. പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി കാറ്റഗറി-എ, ഒ.ബി.സി കാറ്റഗറി-ബി എന്നീ വിഭാഗങ്ങൾക്ക് സീറ്റുകൾ അനുവദിച്ച ശേഷമുള്ള സീറ്റുകൾ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തണം. ജനറൽ വിഭാഗത്തിലുള്ള സീറ്റുകളിൽ 50 ശതമാനം സ്ത്രീകൾക്ക് സംവരണം ചെയ്യണം എന്നിവയാണ് നിര്‍ദേശങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

