തീര ജില്ലകളിൽ ഇന്ന് വഖഫ് സംരക്ഷണ റാലി
text_fieldsഭട്കലിൽ മുസ്ലിം സംഘടന നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന യോഗം
മംഗളൂരു: കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് (ഭേദഗതി) നിയമത്തിനെതിരെ ഉത്തര കന്നട, ഉടുപ്പി, ദക്ഷിണ കന്നട ജില്ലകളിൽ വെള്ളിയാഴ്ച പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. തീരദേശ ജില്ലകളിലും ഗോവയുടെ ചില ഭാഗങ്ങളിലുമുള്ള മുസ്ലിം സംഘടനകളുടെ നേതാക്കളും പ്രതിനിധികളും ഭട്കൽ റാബിത ഹാളിൽ സമ്മേളിച്ച് ഇതിന് അന്തിമ രൂപം നൽകി. മജ്ലിസ്-ഇ-ഇസ് ലാവ തൻസീമാണ് യോഗം സംഘടിപ്പിച്ചത്. സർക്കാർ മുസ്ലിം മത കാര്യങ്ങളിൽ ഇടപെടുന്നുവെന്നും വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് പുതിയ നിയമമെന്ന് കൺവെൻഷൻ കുറ്റപ്പെടുത്തി. സമുദായ ക്ഷേമത്തിനും മതപരമായ ആവശ്യങ്ങൾക്കും വേണ്ടിയുള്ള സ്വത്തുക്കളുടെ നടത്തിപ്പിനെ ഈ മാറ്റങ്ങൾ ദുർബലപ്പെടുത്തുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച ജുമുഅ പ്രാർഥനകൾക്ക് ശേഷം ഉത്തര കന്നട ജില്ലയിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ നടത്തണമെന്ന് യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ദക്ഷിണ കന്നട ജില്ലയിൽ കണ്ണൂർ കേന്ദ്രീകരിച്ച് പ്രതിഷേധറാലി നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനങ്ങൾ കൈമാറും. ബോധവത്കരണ കാമ്പയിൻ ആരംഭിക്കും. ഇതര മതങ്ങളിൽനിന്നുള്ള മതേതര ചിന്താഗതിക്കാരായ വ്യക്തികളുമായി വഖഫ് സംരക്ഷണത്തിനും സഹകരിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു.
വഖഫ് ഭേദഗതിയുടെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബംഗളൂരുവിൽനിന്നുള്ള മുതിർന്ന അഭിഭാഷകൻ എം.കെ. മൈത്രി സംസാരിച്ചു. ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അംഗം മൗലാന ഇല്യാസ് ജകാതി നദ്വി ബോർഡിന്റെ നിലപാടും നിയമത്തിനെതിരായ ദേശീയ പ്രചാരണവും വിശദീകരിച്ചു.മജ്ലിസ്-ഇ-ഇസ്ലാഹ് വ തൻ സീം പ്രസിഡന്റ് ഇനായത്തുല്ല ശബന്ദ്രി അധ്യക്ഷത വഹിച്ചു. റാബിത സൊസൈറ്റിയുടെ അതിഖുർ റഹ്മാൻ മുനീരി, തൻസീമിലെ അബ്ദുൽ റഖീബ് എം.ജെ. നദ്വി, അഷ്റഫ് ബ്യാരി, മുൻ എം.എൽ.എ മൊഹിയുദ്ദീൻ ബാവ തുടങ്ങി രാഷ്ട്രീയ പ്രമുഖർ ഉൾപ്പെടെ നിരവധി പ്രമുഖ സമുദായ നേതാക്കൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

