വഖഫ് വിവാദം: നിയമസഭയിൽ ബഹളം
text_fields1. നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിനിടെ അനുഭവ മണ്ഡപ ചിത്രത്തിന്റെ അനാച്ഛാദനം നിർവഹിച്ച ശേഷം സ്പീക്കർ യു.ടി ഖാദർ, കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ബെളഗാവിയിലെ സുവർണ സൗധയിൽ 2. മഹാത്മാ ഗാന്ധിയുടെ
അധ്യക്ഷതയിൽ ബെളഗാവിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ നൂറാം വാർഷിക സ്മരണക്കായി സുവർണ സൗധയിൽ ചിത്രം അനാച്ഛാദനം ചെയ്തപ്പോൾ
ബംഗളൂരു: കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിന് ബെളഗാവിയിൽ പ്രക്ഷുബ്ധ തുടക്കം. വഖഫ് വിവാദം സംബന്ധിച്ച അടിയന്തര ചർച്ച വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എമാർ ബഹളം വെച്ചതോടെയാണ് സഭ പ്രക്ഷുബ്ധമായത്. തിങ്കളാഴ്ച രാവിലെ സഭ ചേർന്നയുടൻ അനുശോചന പ്രമേയമവതരിപ്പിച്ചിരുന്നു. ശേഷം സ്പീക്കർ സഭയെ അഭിസംബോധന ചെയ്ത്, സുവർണ വിധാൻ സൗധയിൽ ‘അനുഭവ മണ്ഡ്പ’യുടെ വലിയ പെയിന്റിങ് അനാച്ഛാദനം ചെയ്യുകയാണെന്ന് അറിയിച്ചു. ഇതോടെ സഭയിൽ എഴുന്നേറ്റുനിന്ന പ്രതിപക്ഷ നേതാവ് ആർ. അശോകയും മറ്റു ചില ബി.ജെ.പി എം.എൽ.എമാരും അടിയന്തര നോട്ടീസിന്റെ അടിസ്ഥാനത്തിൽ വഖഫ് വിഷയത്തിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടു.
നിങ്ങൾ അനുഭവ മണ്ഡപയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ, ബസവണ്ണയുടെ പല ക്ഷേത്രങ്ങളും ഇപ്പോൾ വഖഫ് ഭൂമിയാണെന്ന് ആർ. അശോക പറഞ്ഞു. അതേസമയം, വഖഫ് വിഷയം ചിത്ര അനാച്ഛാദനത്തിനുശേഷം ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചു. സ്പീക്കർക്ക് പിന്തുണയുമായി ഭരണപക്ഷ എം.എൽ.എമാരും രംഗത്തെത്തിയതോടെ സഭ ബഹളമായി.
വഖഫ് ഭൂമി പ്രശ്നങ്ങൾ മിക്കതും സംഭവിച്ചിട്ടുള്ളത് ബി.ജെ.പി ഭരണകാലത്താണെന്നും ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം തങ്ങൾ പുറത്തുകൊണ്ടുവരുമെന്നും റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ പറഞ്ഞു. സത്യത്തിൽ ചർച്ചയല്ല ബി.ജെ.പി ആഗ്രഹിക്കുന്നത്. രാഷ്ട്രീയം കളിച്ച് സഭ ബഹളമയമാക്കുകയും സഭയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയുമാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, സ്പീക്കർ അനുവദിച്ചാൽ വഖഫ് വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും അറിയിച്ചു.
‘അനുഭവ മണ്ഡ്പ’ പെയിന്റിങ് സഭയിൽ വെക്കാൻ സമ്മതിക്കാത്ത ബി.ജെ.പിയും ആർ.എസ്.എസും 12ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായിരുന്ന ബസവണ്ണയെയും അദ്ദേഹത്തിന്റെ തത്ത്വങ്ങളെയുമാണ് എതിർക്കുന്നതെന്ന് മന്ത്രി ശരൺ പ്രകാശ് പാട്ടീൽ വിമർശിച്ചു. ഇത് ബി.ജെ.പി അംഗങ്ങളെ കൂടുതൽ ചൊടിപ്പിച്ചു. ചോദ്യോത്തരവേളക്കുശേഷം വഖഫ് വിഷയത്തിൽ ചർച്ചയാവാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും ബി.ജെ.പി അംഗങ്ങൾ സമ്മതിച്ചില്ല. ചൊവ്വാഴ്ച ബെളഗാവി സുവർണ സൗധക്ക് മുന്നിൽ പഞ്ചമശാലി ലിംഗായത്ത് വിഭാഗം നടത്താനിരുന്ന പ്രതിഷേധത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ ആരോപിച്ചു.
ഇതിനിടെ, അനുഭവ മണ്ഡപ ചിത്രം അനാച്ഛാദനം ചെയ്യുന്നതായി അറിയിച്ച സ്പീക്കർ അധ്യക്ഷന്റെ ചെയർ നിയമമന്ത്രി എച്ച്.കെ. പാട്ടീലിന് കൈമാറി മടങ്ങി. ഇതോടെ ക്ഷുഭിതരായ ബസനഗൗഡ പാട്ടീലും ചില എം.എൽ.എമാരും സഭയുടെ നടുത്തളത്തിലേക്കിറങ്ങി ബഹളം വെച്ചു. കർണാടകയിലേത് ഹിറ്റ്ലർ സർക്കാറാണെന്ന് ബി.ജെ.പി അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ വാക്പോരിനിടെ സഭ തൽക്കാലത്തേക്ക് പിരിഞ്ഞു.
തങ്ങളുടെ ഭൂമി വഖഫ് ഭൂമിയാണെന്നുകാണിച്ച് നോട്ടീസ് ലഭിച്ചതായി ചൂണ്ടിക്കാട്ടി വിജയപുരയിലെ ഒരു വിഭാഗം കർഷകർ രംഗത്തെത്തിയതോടെയാണ് കർണാടകയിൽ വഖഫ് വിവാദം ചൂടുപിടിച്ചത്. സമാന ആരോപണവുമായി ഹാവേരിയിലെയും റായ്ച്ചൂരിലെയും ചില കർഷകരും രംഗത്തുവന്നു. വിഷയം ബി.ജെ.പി ഏറ്റുപിടിക്കുകകൂടി ചെയ്തതോടെ വിവാദം പടർന്നു. ബി.ജെ.പിയിൽ ഒരു വിഭാഗം എം.എൽ.എമാർ ബിദറിൽനിന്ന് ചാമരാജ് നഗറിലേക്ക് പ്രതിഷേധ യാത്രയും ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

