വഖഫ് ബോർഡിന് വിവാഹ സർട്ടിഫിക്കറ്റ് അവകാശം; ഹൈകോടതിക്ക് ആശങ്ക
text_fieldsബംഗളൂരു: മുസ്ലിം സമുദായത്തിൽപെട്ട ദമ്പതികൾക്ക് വിവാഹ, വിവാഹമോചന സർട്ടിഫിക്കറ്റുകൾ നൽകാനുള്ള വഖഫ് ബോർഡിന്റെ അധികാരത്തെക്കുറിച്ച് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജരിയ, ജസ്റ്റിസ് എം.ഐ. അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള കർണാടക ഹൈകോടതി ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു.
കർണാടകയിലെ വഖഫ് ബോർഡുകൾക്ക് വിവാഹ, വിവാഹമോചന സർട്ടിഫിക്കറ്റുകൾ നൽകാൻ സംസ്ഥാന സർക്കാറിന്റെ വഖഫ്, ഹജ്ജ് വകുപ്പിന് അധികാരം നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലം പാഷ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജിയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിന് മറുപടി നൽകാൻ സമയം അനുവദിച്ചുകൊണ്ട് കേസ് ഫെബ്രുവരി 19ലേക്ക് മാറ്റി. ഇതുസംബന്ധിച്ച് 2023ൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു.
വഖഫ് ബോർഡ് വിവാഹ, വിവാഹമോചന സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിൽ ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു. ഇതൊരു പ്രധാനപ്പെട്ട കാര്യമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം നൽകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. വിവാഹ, വിവാഹമോചന സർട്ടിഫിക്കറ്റുകൾ നൽകാൻ വഖഫ് നിയമപ്രകാരം വഖഫ് ബോർഡിന് അധികാരമില്ല. 2023ൽ ന്യൂനപക്ഷ, വഖഫ്, ഹജ്ജ് വകുപ്പ് അണ്ടർ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് വഖഫ് ബോർഡുകൾക്ക് അധികാരം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
വഖഫ് നിയമം സ്ഥാവര, ജംഗമ സ്വത്തുക്കളെ മാത്രമേ ബാധിക്കുന്നുള്ളൂവെന്നും വിവാഹ, വിവാഹമോചന സർട്ടിഫിക്കറ്റുകൾ നൽകാൻ വഖഫ് ബോർഡിനെ പ്രാപ്തമാക്കുന്ന ഒരു വ്യവസ്ഥയും നിയമത്തിൽ ഇല്ലെന്നും ഹരജിക്കാരൻ വാദിച്ചു. വിവാഹശേഷം വിദേശയാത്ര നടത്തിയ ദമ്പതികൾക്ക് വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന മുസ്ലിം സമൂഹത്തിന്റെ അഭ്യർഥനയെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സംസ്ഥാന സർക്കാർ നേരത്തേ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
1988ലെ ഖാദി ആക്ട് പ്രകാരം, വിവാഹ സർട്ടിഫിക്കറ്റുകൾ നൽകാൻ വഖഫ് ബോർഡ് ഖാദിയെ അധികാരപ്പെടുത്തിയിരുന്നുവെന്ന് ഹരജിയിൽ വാദിച്ചു. 2013ൽ ഖാദി ആക്ട് റദ്ദാക്കുകയും സംസ്ഥാനം വഖഫ് ബോർഡിന് അധികാരം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

