വി.എസ്: ഭാവിയിലും ജ്വലിക്കുന്ന കെടാക്കനൽ -ഇ.എം.എസ് പഠനവേദി
text_fieldsഇ.എം.എസ് പഠനവേദിയുടെ നേതൃത്വത്തിൽ നടന്ന വി.എസ് അനുസ്മരണയോഗത്തിൽ സുരേഷ് കോടൂർ സംസാരിക്കുന്നു
ബംഗളൂരു: വി.എസ്. അച്യുതാനന്ദൻ ചരിത്രമാവുകയല്ല, വരുംതലമുറകളുടെ തുടർ പോരാട്ടങ്ങൾക്ക് അഗ്നിയാവുകയാണെന്ന് ഇ.എം.എസ് പഠനവേദിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണയോഗം വിലയിരുത്തി. എഴുത്തുകാരനും പ്രഭാഷകനുമായ സുരേഷ് കോടൂർ അധ്യക്ഷത വഹിച്ചു. ഒരു നൂറ്റാണ്ടിന്റെ കമ്യൂണിസ്റ്റ് സമര പോരാട്ടങ്ങളുടെ ആൾരൂപമായ വി.എസ്, വർത്തമാനത്തിൽ എരിഞ്ഞടങ്ങുകയല്ല, ഭാവിയുടെ വിമോചന പോരാട്ടങ്ങൾക്ക് ദിശാബോധം പകരുന്ന വിളക്കുമാടമാവുകയാണ്.
അടിമ സമാനരായ നിസ്വരായ മനുഷ്യരുടെ വിമോചനത്തിനായി സ്വയമർപ്പിച്ച വി.എസിന്റെ സമാനതകളില്ലാത്ത ത്യാഗോജ്ജ്വല ജീവിതം പോരാളികളുടെ പാഠപുസ്തകമാണെന്ന് സുരേഷ് കോടൂർ ചൂണ്ടിക്കാട്ടി. അരികുവത്കരിക്കപ്പെട്ടവരുടെ നിലനിൽപിനായുള്ള പോരാട്ടത്തിന്റെയും പരിസ്ഥിതി രാഷ്ട്രീയത്തിന്റെയും വഴികളിൽ കരുത്തായി നിന്ന വി.എസ് മൂലധന താൽപര്യങ്ങളുടെ സംരക്ഷകർക്ക് കണ്ണിലെ കരടായിരുന്നു.
മണ്ണിനെയും പെണ്ണിനെയും കവരുന്നവർക്കെതിരെ നാടിന്റെ കാവലാളായിരുന്നു വി.എസ് എന്ന് എഴുത്തുകാരൻ കെ.ആർ കിഷോർ അനുസ്മരിച്ചു. കണ്ണീരിന്റെയും ചോരയുടെയും കനൽപാടിലുരുകി, വിപ്ലവ ജീവിതത്തിന്റെ മൂശയിലുറച്ച ഏഴരപ്പതിറ്റാണ്ട് നീണ്ട വി.എസിന്റെ പോരാട്ട ജീവിത നാൾവഴികൾ ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ മഹത്തായ പങ്കുവഹിച്ചുവെന്ന് വല്ലപ്പുഴ ചന്ദ്രശേഖരൻ അനുസ്മരിച്ചു. ശാന്തകുമാർ എലപ്പുള്ളി, മുരളീധരൻ, ദിലീപ്, രാമൻകുട്ടി, സി.എച്ച്. പത്മനാഭൻ, സി.ഡി. തോമസ്, എൻ.എൽ. രാജപ്പൻ, ശ്രീജേഷ്, സുദേവൻ പുത്തൻചിറ എന്നിവർ വി.എസിന്റെ ഓർമകൾ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

